ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് പ്രതിരോധത്തിനുള്ള കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. ലോകത്ത് ഏറ്റവും വേഗത്തിൽ കോവിഡ് കുത്തിവെയ്പ് പുരോഗമിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇതുവരെ 52,90,474 പേരാണ് കുത്തിവെയ്പ് സ്വീകരിച്ചത്. ഇന്നുമാത്രം മൂന്നുലക്ഷത്തിലധികം പേരാണ് വാക്സിനേഷന് വിധേയമായത്. 21 ദിവസത്തിനിടെ അതിവേഗത്തിലാണ് 50 ലക്ഷം എന്ന നാഴികക്കല്ല് ഇന്ത്യ പിന്നിട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയിൽ ഇത് 24 ദിവസം കൊണ്ടാണ് പിന്നിട്ടത്. ബ്രിട്ടനിൽ 43 ഉം ഇസ്രയേലിലിൽ ഇത് 45 ഉം ദിവസമാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.ജനുവരി 16നാണ് ഇന്ത്യയിൽ കോവിഡ് കുത്തിവെയ്പ് ആരംഭിച്ചത്. കോവിഡ് മുൻനിര പോരാളികളായ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്.

അതിനിടെ രാജ്യത്തുകൊവിഡിനെതിരെയുള്ള വാക്‌സിനേഷന്റെ മൂന്നാംഘട്ടം മാർച്ചിൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. .50 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങൾ ഉള്ളവരുമായ 27 കോടി പേർക്കാണ് വാക്‌സിൻ നൽകുന്നതെന്ന് ഹർഷവർദ്ധൻ പറഞ്ഞു.

രാജ്യത്ത് ഇതുവരെ 50 ലക്ഷം ജനങ്ങൾക്ക് വാക്‌സിൻ നൽകിക്കഴിഞ്ഞു. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഭയിലെ ചോദ്യോത്തരവേളയിൽ വാക്‌സിൻ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആരോഗ്യമന്ത്രി.



രാജ്യത്തെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി 35000 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.. ആവശ്യമെങ്കിൽ അത് വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. നിലവിൽ കൊവിഷീൽഡ് വാക്‌സിനും കൊവാക്‌സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഏഴു വാക്‌സിൻ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതിൽ മൂന്നെണ്ണം ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണെന്നും ഹർഷവർദ്ധൻ അറിയിച്ചു.