- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്മ ദാനം ചെയ്ത് പ്രശംസ നേടിയ വിദേശ യൂട്യൂബറെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തി; നടപടി കാൾറോക്ക് എന്ന പേരിൽ പ്രശസ്തനായ യുട്യൂബറെ; വിസാ നിബന്ധന ലംഘിച്ചതു കൊണ്ടെന്ന് വിദേശകാര്യ മന്ത്രാലയം; എന്തുകൊണ്ടാണ് 269 ദിവസമായിട്ട് എന്റെ ഭാര്യയെ കാണാനാകാത്തത് എന്ന് കാൾ; ഹർജിയുമായി ഭാര്യ
ന്യൂഡൽഹി: കോവിഡ് കാലത്ത് പ്ലാസ്മ ദാനം ചെയ്ത് ശ്രദ്ധേയനായ വിദേശ യുട്യൂബറെ ഇന്ത്യ കരിമ്പട്ടികയിൽ പെടുത്തി. കാൾ റോക്ക് എന്ന പേരിൽ പ്രശസ്തനായ കാൾ എഡ്വേഡ് റൈസിനെയാണ് ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തിയത്. വിസാ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചതിനാണ് ഇയാളുടെ വിസ അടുത്ത വർഷം വരെ റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു. ടൂറിസ്റ്റ് വിസയിലെത്തിയ കാൾ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നതാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിരുന്നു എന്നാണ് സൂചന. സർക്കാർ നടപടിക്കെതിരെ ഡൽഹിയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് 269 ദിവസമായിട്ട് എനിക്കെന്റെ ഭാര്യയെ കാണാനാകാത്തത് എന്ന തലക്കെട്ടിൽ കാൾ വെള്ളിയാഴ്ച ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതിനാൽ ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും വേർപിരിഞ്ഞ് നിൽക്കേണ്ടി വന്നെന്നും അദ്ദേഹം ആരോപിച്ചു. കാൾ വിസാ ചട്ടങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്നും ഒരു പരാതി പോലും ഇതുവരെ അദ്ദേഹത്തിന്റെ പേരിലില്ലെന്നും ഭാര്യ കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.
വിവാഹിതനായ ശേഷം എക്സ്-2 വിസ അദ്ദേഹം സ്വന്തമാക്കി. ഇത് ഇന്ത്യൻ പൗരന്മാരുടെ ജീവിത പങ്കാളികൾക്കും കുട്ടികൾക്കും വേണ്ടി നൽകുന്നതാണ്. അതിന് 2024 വരെ പ്രാബല്യമുണ്ടായിരുന്നുവെന്നും പറയുന്നു. 180 ദിവസത്തിലൊരിക്കൽ ഇന്ത്യയിൽ നിന്ന് പുറത്തുകടക്കണം അല്ലെങ്കിൽ ബന്ധപ്പെട്ട ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി (FRRO) ബന്ധപ്പെടണമെന്നാണ് ഈ വിസയുടെ നിബന്ധന. 2019-നവംബറിലാണ് കാൾ അവസാനമായി ഇന്ത്യയിലെത്തിയത്. ഹിന്ദി പഠിക്കാനായി അദ്ദേഹം മസ്സൂറിയിലെ ലാൻഡോർ സ്‌കൂൾ ഓഫ് ലാംഗ്വേജിൽ ചേർന്നിരുന്നുവെങ്കിലും 2020 മാർച്ചിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവിടെ കുടുങ്ങിപ്പോയി.
ഇന്ത്യയിൽ പ്രവേശിച്ച് 180 ദിവസത്തോട് അടുത്തപ്പോൾ വിസ നീട്ടുന്നതിനായി ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും അപേക്ഷ തള്ളി. തുടർന്ന് ഓഫീസിൽ നിന്ന് എക്സിറ്റ് പെർമിറ്റ് നൽകി. 2020 ഒക്ടോബറിൽ ദുബായിലേക്കും പാക്കിസ്ഥാനിലേക്കും പോകാനായി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനിടെ വിസ റദ്ദാക്കി. ദുബായിൽ പുതിയ വിസയ്ക്ക് അപേക്ഷിച്ച കോൾ ഇന്ത്യൻ ഹൈക്കമ്മീഷനെ ബന്ധപ്പെട്ടപ്പോഴാണ് തന്നെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയുന്നത്.എല്ലാ നിബന്ധനകളും പാലിച്ചിട്ടും ഡൽഹിയിൽ നിന്ന് പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ വിസ റദ്ദാക്കിയതായും ഹർജിയിൽ പറയുന്നു.
ന്യൂസിലൻഡുകാരനായ കാൾ റോക്ക് ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്ക് ടിപ്പുകൾ പങ്കുവെക്കുന്ന യൂട്യൂബറാണ്. 2019-ൽ വിവാഹിതനായ ഇയാളും ഭാര്യയും ഡൽഹിയിലെ പിതാംപുരയിലാണ് താമസിച്ചിരുന്നത്. സർക്കാർ പ്ലാസ്മ ബാങ്കിലേക്ക് കഴിഞ്ഞ വർഷം പ്ലാസ്മ ദാനം ചെയ്തതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്വാൾ കാൾ റോക്കിനെ പ്രശംസിച്ചിരുന്നു.
മറുനാടന് ഡെസ്ക്