ലേ: ലഡാക്ക് അതിർത്തിയിൽ യുദ്ധ സമാന സാഹചര്യം തുടരുന്നു ഏത് വെല്ലുവിളിയേയും നേരിടാൻ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി കഴിഞ്ഞു. പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും വരെ ചൈന നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകൾ സംഘർഷത്തിന് പുതിയ തലം നൽകി. അതിനിടെ ശൈത്യകാലത്തുപോലും കിഴക്കൻ ലഡാക്കിൽ സമ്പൂർണ യുദ്ധം നടത്താൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് നോർത്തേൺ കമാൻഡ് അറിയിക്കുകയും ചെയ്തു.

ഈ മേഖലയിൽ യുദ്ധ സാധ്യത മുൻനിർത്തി ജലപര്യവേക്ഷണവും ഇന്ത്യ തുടങ്ങി കഴിഞ്ഞു. കിഴക്കൻ ലഡാക്കിൽ 17,000 അടി ഉയരത്തിൽ ദൗലത് ബേഗ് ഓൾഡിയിലെ (ഡിബിഒ) പർവതത്തിലാണു സൈന്യം വെള്ളത്തിനായി പര്യവേക്ഷണം നടത്തുന്നത്. സൈന്യത്തിന് ഇവിടെ വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് ഇത്. ഈ സംഘർഷങ്ങൾ യുദ്ധത്തിലൂടെയേ തീരൂവെന്ന തിരിച്ചറിവിലാണ് ഇത്. ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം തുടരുന്ന യഥാർഥ നിയന്ത്രണ രേഖയിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്. 10,000 വർഷങ്ങൾക്ക് മുമ്പ് ഡിബിഒയിൽ നിലനിന്നിരുന്ന ഒരു തടാകം പുനർനിർമ്മിക്കാനും പദ്ധതിയുണ്ട്.

രാജ്യത്തിന്റെ വിദൂരവും ഏറ്റവും തന്ത്രപ്രധാനവുമായ ഔട്ട്പോസ്റ്റാണു ഡിബിഒ. സിയാച്ചിൻ ഗ്ലേസിയർ, ബറ്റാലിക് എന്നിവിടങ്ങളിൽ സൈന്യത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത ജിയോളജിസ്റ്റ് ഡോ. റിതേഷ് ആര്യയാണു ജലപരിവേഷണത്തിന് മാർഗനിർദേശങ്ങളുമായി കൂടെയുള്ളത്. സ്ഥിരതയാർന്ന ഭൂഗർഭ ജലവിഭവ സ്രോതസ്സ് കണ്ടെത്തുന്നതിനാണ് നീക്കം. കാരു മുതൽ ടാംഗിൾ വരെ 28 ദിവസം പ്രാഥമിക പര്യവേക്ഷണം നടത്തി. ഡിബിഒയിലേക്കും യാത്ര ചെയ്തു. പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ഡോ. റിതേഷ് ആര്യ പറഞ്ഞു.

മുമ്പ് കിഴക്കൻ ലഡാക്കിലെ ഉയർന്ന പർവതങ്ങളിൽ സൈന്യത്തിനായി ഭൂഗർഭ ജലസ്രോതസ്സുകൾ ഡോ. റിതേഷ് വിജയകരമായി കണ്ടെത്തിയിട്ടുണ്ട്. ഗൽവാൻ കൂടാതെ പാംഗോങ് സോ, ലുകുങ്, താക്കുങ്, ചുഷുൽ, റെസാങ് ലാ, ടാങ്സെ എന്നിവിടങ്ങളിൽ വെള്ളം ഉറപ്പാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഡിബിഒയിലും വെള്ളം കണ്ടെത്തുമെന്നാണു പ്രതീക്ഷ. അതിനിടെയാണ് ഇന്ത്യ യുദ്ധ സജ്ജമാണെന്ന സന്ദേശം നോർത്തേൺ കമാൻഡും നൽകുന്നത്.

യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനീസ് സൈന്യം നഗരമേഖലകളിൽനിന്നു വരുന്നവരാണ്. മലനിരകളിലും മറ്റും പരിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈനികർ-ഇതാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. ഇന്ത്യയുടെ ഓപ്പറേഷനൽ ലൊജിസ്റ്റിക്‌സ് സജ്ജമല്ലെന്നും ശൈത്യകാലത്ത് ഫലപ്രദമായി പോരാടാൻ കഴിയില്ലെന്നുമായിരുന്നു ഗ്ലോബൽ ടൈംസിന്റെ വിമർശനം.

'ഇക്കാര്യം അവരുടെ അജ്ഞതയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽക്കാരുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതും. ചർച്ചകൾ വഴി പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് താൽപ്പര്യപ്പെടുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകുമ്പോൾ സൈനികപരമായി എത്രനാൾ മുഖാമുഖം നിൽക്കണമെങ്കിലും ഇന്ത്യ തയാറാണെന്നും സൈന്യം വിശദീകരിക്കുന്നു.

സമുദ്രനിരപ്പിൽനിന്ന് വളരെയധികം ഉയരംകൂടിയ മേഖലയാണ് ലഡാക്ക്. നവംബറിനുശേഷം കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. 40 അടിയോളം കനത്തിൽ മഞ്ഞുവീണു കിടക്കും. ഇതിനൊപ്പം താപനില പൂജ്യത്തിനും താഴെ 30-40 ഡിഗ്രി വരെ എത്തും. തണുത്ത കാറ്റ് കാര്യങ്ങൾ പ്രതികൂലമാക്കും. മഞ്ഞിനെത്തുടർന്ന് റോഡുകളും അടയ്ക്കും. പക്ഷേ, ഇത്രയൊക്കെയുണ്ടെങ്കിലും ഇന്ത്യൻ സൈനികർക്ക് ശൈത്യകാലത്തെ യുദ്ധമുറകളിൽ കാര്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. ലഭ്യമായ ചെറിയ സമയത്തിനുള്ളിൽ പോരാട്ടത്തിനു സജ്ജരാകാനുള്ള മാനസിക പരിശീലനവും ലഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളൊക്കെ ലോകത്തിന് അറിയാവുന്നതാണ്. ഇന്ത്യയുടെ സൈനിക ബലം, ശേഷി തുടങ്ങിയവ പുറത്ത് ആർക്കും അറിയില്ല. ഈ മേയിൽ ചൈന പ്രകോപനത്തിന്റെ ആദ്യത്തെ ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ഇന്ത്യൻ സൈന്യം തങ്ങളുടെ ശേഷി വർധിപ്പിച്ചു. ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ പരിശീലനം നേടിയവരാണ് ഇന്ത്യൻ സൈനികർ. ചൈനയുമായി പോരാടേണ്ടുന്നതിലും വലിയ കഴിവു പുറത്തെടുക്കേണ്ട മേഖലയാണ് സിയാച്ചിൻ.

ലഡാക്കിലേക്കു നീങ്ങാൻ പരമ്പരാഗതമായി രണ്ടു റൂട്ടുകളാണുള്ളത്. ശ്രീനഗർ ലേ ദേശീയപാതയിലെ സോജില വഴിയും മണാലി ലേ പാതയിലെ റോഹ്താങ് പാസ് വഴിയും. എന്നാൽ അടുത്തിടെ ഡാർച്ചയിൽനിന്ന് ലേയിലേക്ക് ഇന്ത്യ മൂന്നാമതൊരു വഴി വെട്ടിയിരുന്നു. ഇതു മേഖലയിലേക്കുള്ള ദൂരം വളരെ വെട്ടിക്കുറച്ചു. റോഹ്താങ് റൂട്ടിലെ അടൽ തുരങ്കം പൂർത്തിയായതോടെ സൈന്യത്തിനാവശ്യമായതെല്ലാം പെട്ടെന്ന് എത്തിക്കാനായി എന്നും സൈന്യം വിശദീകരിക്കുന്നു.

ഇതിനൊപ്പം സൈന്യത്തിന് ഉപയോഗിക്കാനായി നിരവധി വ്യോമ താവളങ്ങളാണ് സമീപത്തായുള്ളത്. മഞ്ഞു നീക്കുന്ന അത്യാധുനിക ഉപകരണങ്ങളുള്ളതിനാൽ നവംബറിനുശേഷവും റോഡുകൾ തുറന്നിടാൻ സാധിക്കും. ഇന്ധനം, ടാങ്കുകൾക്കുള്ള ലൂബ്രിക്കന്റുകൾ ഉൾപ്പെടെ ആവശ്യമുള്ള എല്ലാം ശേഖരിച്ചുവച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതിനിടെ കഴിഞ്ഞ ആറുമാസത്തിനിടെ ചൈന അതിർത്തി വഴി നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതേസമയം പാക്കിസ്ഥാൻ അതിർത്തി വഴി 47 കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിൽ അറിയിച്ചു. മൂന്നുവർഷത്തിനിടെ ജമ്മുകാശ്മീർ അതിർത്തിവഴി 594 ഭീകരർ നുഴഞ്ഞുകയറാനെത്തി. ഇതിൽ 312പേർ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് രാജ്യത്തു കടന്നു. ഇക്കാലയളവിൽ 582 ഭീകരർ ജമ്മുകാശ്മീരിൽ കൊല്ലപ്പെട്ടു. 46 പേർ അറസ്റ്റിലായി. 2018 മുതൽ സെപ്റ്റംബർ എട്ടുവരെ സംസ്ഥാനത്ത് 76 സൈനികർ വീരമൃത്യു വരിച്ചു.