ന്യൂഡൽഹി: യുദ്ധത്തിന് തയ്യാറെടുക്കാൻ സൈന്യത്തിന് കേന്ദ്ര സർക്കാർ അനൗദ്യോഗിക നിർദ്ദേശം നൽകിയതായി സൂചന. അതിർത്തിയിലെ പ്രശ്‌നങ്ങൾ കൈവിടുമെന്ന കണക്കു കൂട്ടലിലാണ് കേന്ദ്രം. ചൈനയും പാക്കിസ്ഥാനും ഏത് സമയത്തും പ്രകോപനമുണ്ടാക്കും. അങ്ങനെ വന്നാൽ അതിശക്തമായ തിരിച്ചടിയും നൽകും. ഇതിനായി പതിനഞ്ച് ദിവസം വരെ നീളുന്ന യുദ്ധത്തിന് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാൻ പ്രതിരോധ സേനകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി.

15 ദിവസത്തെ തീവ്രമായ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നത് വർധിപ്പിക്കാൻ പ്രതിരോധ സേനകളെ അധികാരപ്പെടുത്തി എന്നാണ് റിപ്പോർട്ട്. ഇതിനു വേണ്ട നടപടികളും സ്വീകരിച്ചു. ഇതോടെ വലിയൊരു യുദ്ധം ഇന്ത്യ മുന്നിൽ കാണുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. കിഴക്കൻ ലഡാക്കിലെ ചൈനയുമായുള്ള സംഘർഷം മുന്നിൽകണ്ട് ആയുധങ്ങൾ സജ്ജമാക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര ഫണ്ട് ഉപയോഗപ്പെടുത്തി പ്രതിരോധ സേനകൾ പ്രാദേശിക, വിദേശ സ്രോതസ്സുകളിൽ നിന്ന് ഉപകരണങ്ങളും വെടിക്കോപ്പുകളും വാങ്ങാനാണ് നീക്കം. ഇതിന് 50,000 കോടി രൂപ വരെ ചെലവഴിക്കുമെന്നാണ് കരുതുന്നത്.

പത്ത് ദിവസത്തെ യുദ്ധത്തിനു വേണ്ട സംഭരണത്തിൽ നിന്ന് ആയുധ-വെടിക്കോപ്പുകളുടെ കരുതൽ ശേഖരം കുറഞ്ഞത് 15 ദിവസത്തേക്ക് ഉയർത്താനാണ് അംഗീകാരം നൽകിയത്. ചൈനയുമായും പാക്കിസ്ഥാനുമായും ഒരേസമയം യുദ്ധത്തിന് പ്രതിരോധ സേനയെ സജ്ജമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ശത്രുക്കളുമായി 15 ദിവസത്തെ ശക്തമായ യുദ്ധം ചെയ്യാനുള്ള കരുതൽ ശേഖരത്തിലേക്ക് നിരവധി ആയുധ സംവിധാനങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നുണ്ട്. യുദ്ധങ്ങൾക്ക് ഉപയോഗപ്രദമാകുമെന്ന് തോന്നുന്ന ഏതെങ്കിലും ഉപകരണങ്ങൾ വാങ്ങുന്നതിന് 300 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അധികാരങ്ങൾ മൂന്ന് സൈനിക വിഭാഗങ്ങൾക്കും നൽകിയിട്ടുണ്ട്.

നേരത്തെ 40 ദിവസം വരെ നീളുന്ന യുദ്ധത്തിനുള്ള ആയുധശേഖരത്തിന് അനുമതിയുണ്ടായിരുന്നു. എന്നാൽ ആയുധങ്ങളുടെ കുറവും യുദ്ധങ്ങളുടെ സ്വഭാവത്തിലെ മാറ്റവും പരിഗണിച്ച് ഇത് പത്ത് ദിവസമായി കുറയ്ക്കുകയായിരുന്നു. ഇത് 15 ദിവസത്തിലേക്ക് വീണ്ടും ഉയർത്തുകയാണ്. ഇതിനെ അതിനിർണ്ണായകമായ നീക്കമായി വിലയിരുത്തുന്നു.

ഉറി ആക്രമണത്തെ തുടർന്നാണ് യുദ്ധത്തിനുള്ള ആയുധ ശേഖരം കുറവാണെന്ന് രാജ്യം തിരിച്ചറിഞ്ഞത്. തുടർന്ന് കരസേന, നാവിക സേന, വ്യോമ സേനാ വിഭാഗങ്ങളുടെ സാമ്പത്തിക അധികാരങ്ങളിൽ ഇളവ് നൽകി പ്രതിരോധ മന്ത്രാലയം കൂടുതൽ ആയുധശേഖരത്തിന് വഴിയൊരുക്കുകയായിരുന്നു. കരസേന, നാവികസേന, വ്യോമസേനാ വൈസ് മേധാവികളുടെ സാമ്പത്തിക അധികാരം 100 കോടിയിൽ നിന്ന് 500 കോടി രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.