ന്യൂഡൽഹി: ഇന്ത്യ-ചെന അതിർത്തിയിലെ സംഭവവികാസങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന രണ്ട് വാർത്തകൾ ഇന്ന് ശ്രദ്ധ പിടിച്ചുപറ്റി. 1. അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ബുംല പാസിന് ഏകദേശം 5 കിലോമീറ്റർ അകലെ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചു. എൻഡി ടിവിയുടെ എക്‌സ്‌ക്ലൂസീവ് വാർത്ത. 2. മഞ്ഞുകാലമായതോടെ കിഴക്കൻ ലഡാക്കിൽ ചൈനീസ് പട്ടാളത്തേക്കാൾ ഇന്ത്യൻ സൈന്യത്തിന് മുൻതൂക്കമുണ്ടെന്ന ഇന്ത്യ ടുഡേയിലെ റിട്ട. കേണൽ വിനായക് ഭട്ടിന്റെ വിലയിരുത്തൽ.

അരുണാചലിലേക്ക് പോയാൽ, ചൈന വെറുതെ ഇരിക്കുക അല്ലെന്ന് വ്യക്തം. ചൈന-ഭൂട്ടാൻ-ഇന്ത്യ(പടിഞ്ഞാറൻ അരുണാചൽ പ്രദേശ് )ട്രൈ ജംഗ്ഷന് സമീപമാണ് സംഭവം. അതിരുതർക്കം നിലനിൽക്കുന്ന സ്ഥലം. സ്വാഭാവികമായും ചൈനാക്കാരാണ് തർക്കിക്കുന്നത്. പുതിയ മൂന്നു ഗ്രാമങ്ങൾ നിർമ്മിക്കുന്നത് തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള തന്ത്രപരമായ നീക്കം തന്നെ. കമ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും ഹാൻ ചൈനീസ് വിഭാഗത്തെയുമാണ് ഈ ഗ്രാമങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുന്നത്. അതിർത്തിയിലെ അവകാശവാദങ്ങൾക്ക് ചൂടും ചൂരും കൂട്ടുക തന്നെയാണ് ചൈനീസ് സൈന്യത്തിന്റെ ഉദ്ദേശ്യം.

ദക്ഷിണ ചൈനാകടലിൽ ആധിപത്യത്തിനായി മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയത് പോലെ ഇവിടെയും ബദൽ തന്ത്രം പ്രയോഗിക്കുന്നു. ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നത് ഗൂഢലക്ഷ്യവും. ഭൂട്ടാനിൽ ചൈന ഗ്രാമം നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യൻ അതിർത്തിക്ക് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും നേർക്കുനേർ വന്ന സമയത്താണ് ഗ്രാമങ്ങളുടെ നിർമ്മാണം ചൈന തുടങ്ങിയതെന്ന് പ്ലാനെറ്റ് ലാബ്സിന്റെ റിപ്പാർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഫെബ്രുവരി 17നാണ് ആദ്യഗ്രാമം പണിതത്. 20 കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് അന്ന് പുറത്തുവന്നത്. നവംബർ 28ന് പുറത്തിറങ്ങിയ മറ്റൊരു ദൃശ്യത്തിൽ 50 കെട്ടിടങ്ങൾ അടങ്ങിയ മറ്റൊരു ഗ്രാമവും വ്യക്തമാണ്. ഇതിന് പുറമേ മൂന്നാമതൊരു ഗ്രാമം കൂടി ചൈന നിർമ്മിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അരുണാചൽ പ്രദേശിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന 65000 ചതുരശ്ര കിലോമീറ്റർ ഭാഗം ചൈനയുടേതാണ് എന്നാണ് അവരുടെ അവകാശവാദം. എന്നാൽ ഇത് കാലങ്ങളായി അരുണാചലിന്റെ ഭാഗമാണെന്ന് പറഞ്ഞ് ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്.

2017 സെപ്റ്റംബറിൽ പ്രതിരോധസേനാ തലവൻ ജനറൽ ബിപിൻ റാവത്ത് ചൈനയുടെ ഈ മസിൽ പെരുപ്പിക്കലിനെ കുറിച്ച് മുന്നറിയിപ്പിക്കൽ നടത്തിയിരുന്നു. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറാനുള്ള സലാമി സ്ലൈസിങ് എന്നാണ് ബിപിൻ റാവത്ത് അതിനെ വിശേഷിപ്പിച്ചത്. ഒരുഭൂപ്രദേശം വളരെ രഹസ്യമായി പതിയെ പതിയെ കീഴടക്കുന്ന പരിപാടിയാണിത്. ഇതിനെ കുറിച്ച് നല്ല ജാഗ്രത വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഏതായാലും ദോക്ലാമിലും, കിഴക്കൻ ലഡാക്കിലും അരുണാചലിലെ ട്രൈ ജംഗ്ഷനിലും എല്ലാം സംഭവിക്കുന്നത് ഈ സലാമി സ്ലൈസിങ് തന്നെ. ബുംല പാസിന് സമീപമുള്ള നിർമ്മാണങ്ങളെ കുറിചത്ച് ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. അരുണാചലിന് അടുത്തുള്ള ഷന്നനിലെ നിർമ്മാണങ്ങളെ കുറിച്ചായിരുന്നു റിപ്പോർട്ട്.. അതിർത്തി രേഖയ്ക്ക് അടുത്തുള്ള പുതിയ താമസക്കാരുടെ ജീവിതമെന്നാൽ അതിർത്തി സംരക്ഷണമാണ്. പുതിയ വീടുകൾ പഴയകാലത്തെ പോലെയല്ല. വെള്ളം, വൈദ്യുതി , ഇന്റർനെറ്റ് എല്ലാമുണ്ട്. ഇന്ത്യൻ നിയന്ത്രിത പ്രദേശങ്ങൾ ഒരുമലയ്ക്ക് അപ്പുറം എന്നാണ് ഗോബൽ ടൈംസ് ലേഖനത്തിൽ പറഞ്ഞിരുന്നത്.

തണുത്തുറഞ്ഞ് കിഴക്കൻ ലഡാക്ക്; ഇന്ത്യക്ക് മൂൻതൂക്കം

കിഴക്കൻ ലഡാക്ക് ഇപ്പോൾ തണുത്തുറഞ്ഞിരിക്കുന്നു. പർവതയുദ്ധമുറകൾ പരിചയമില്ലാത്ത ചൈനീസ് പട്ടാളം വെള്ളം കുടിക്കുകയാണൈന്നാണ് റിട്ട.കേണൽ വിനായക് ഭട്ട് ഇന്ത്യ ടുഡേയിൽ വിലയിരുത്തുന്നത്. പാങ്‌ഗോങ് സോയിലെ മിക്കവാറും നദികളെല്ലാം തണുത്തുറഞ്ഞ് കഴിഞ്ഞു. ഇതോടെ തങ്ങളുടെ പട്രോളിങ് ബോട്ടുകളെല്ലാം പാങ്‌ഗോങ്‌സോയിൽ നിന്ന് സമീപത്തെ റിമുടാങ് താവളത്തിലേക്ക് മാറ്റേണ്ടി വരും.

കടുത്ത തണുപ്പിനെ നേരിടാൻ ഇന്ത്യൻ സൈന്യത്തെ പോലെ സജ്ജമല്ല പിഎൽഎ. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന തലങ്ങളിലെ യുദ്ധമുറകളിൽ പരിചയസമ്പന്നരായ ഇന്ത്യൻ സൈനികർക്കാണ് മുൻതൂക്കം. 22,000 അടിയിലേറെ ഉയരത്തിലുള്ള സിയാച്ചിനിൽ പാക് സൈനികരെ നേരിട്ട് പരിചയമുള്ളവരാണല്ലോ ഇന്ത്യൻ സൈനികർ. പടിഞ്ഞാറൻ ലഡാക്കിലേതിന് സമാനമായ ഭൂപ്രകൃതിയുള്ള കാർഗിലിലെ യുദ്ധപരിചയവും മുതൽക്കൂട്ടാണ്. മഞ്ഞിൽ പോരാടാൻ പരിചയമുള്ളവരെങ്കിലും ജാഗ്രത കൈവെടിയരുതെന്നും പിഎൽഎയ്ക്കും അവരുടെ നാവികവിഭാഗത്തിന്മേലും ഉള്ള സമ്മർദ്ദം നിലനിർത്തണമെന്നുമാണ് കേണൽ വിനായക് ഭട്ടിന്റെ അഭിപ്രായം.