ന്യൂഡൽഹി: ഒന്നാം തരംഗം പോലെയല്ല രണ്ടാം തരംഗം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ വിശേഷിപ്പിച്ചത് പോലെ, കൊടുങ്കാറ്റ് പോലെയാണ് അത് ആഞ്ഞടിച്ചത്. രണ്ടാം തരംഗത്തിൽ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ പിടികൂടിയിരിക്കുകയാണ് കോവിഡ് 19. സാധാരണ ഗതിയിൽ മെട്രോപൊളിറ്റൻ നഗങ്ങളിലെ സമ്പന്നമേഖലകളെ ഇത്തരം സാമൂഹിക-സാമ്പത്തിക പ്രതിസന്ധികൾ പെട്ടെന്ന് ബാധിക്കാറില്ല. ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന റിപ്പോർട്ട് പ്രകാരം, മുംബൈയിലും മറ്റും സമ്പന്നർ താമസിക്കുന്ന മേഖലകളെയും രണ്ടാം തരംഗം സാരമായി ബാധിച്ചു.

കണ്ടെയ്ന്മെന്റ് സോണുകളായി അടച്ചിരിക്കുന്ന ഇടങ്ങളിൽ കുടുങ്ങിയ 1,70,000 കുടുബങ്ങളുും മധ്യ-ഉപരിവർഗ്ഗത്തിൽ പെട്ടവരാണ്. അതേസമയം, ചേരിപ്രദേശങ്ങളിലെ 1,20,000 കുടുംബങ്ങളും കണ്ടെയ്‌മെന്റ് സോണുകളുടെ അതിർത്തിക്കുള്ളിൽ കഴിയുന്നു, മിക്ക കോവിഡ് കേസുകളും ഫ്‌ളാറ്റുകളും വില്ലകളും പോലെ ഉയർന്ന കെട്ടിടങ്ങളിൽ താമസിക്കുന്നവരെയാണ് ബാധിച്ചിരിക്കുന്നതെന്ന് മുംബൈ ഡപ്യൂട്ടി കമ്മീഷണർ സുരേഷ് കൽക്കാനി പറഞ്ഞു.

അതായത് പുതിയ രണ്ടാം തരംഗം ആഞ്ഞടിച്ചിരിക്കുന്നത് വലിയൊരു ഉപഭോക്തൃ സമൂഹത്തെയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ 60 ശതമാനത്തോളം വരുന്ന സ്വകാര്യ ഉപഭോക്താക്കളെ രോഗം പിടികൂടിയതിന്റെ അനുരണനങ്ങൾ വളർച്ചാനിരക്കിലും ഉണ്ടാവും. എല്ലാ ഭാഗത്ത് നിന്നും മനുഷ്യർ സഹായം തേടുന്ന സമയമാണിത്. വാണിജ്യ രംഗത്തുള്ളവരുടെ ചാറ്റ് റൂമുകളിൽ ഇപ്പോൾ നിറയുന്നത് വിപണി ചർച്ചകളേക്കാൾ ഏറെ ആശുപത്രി കിടക്കകളെയും ഓക്‌സിജൻ ആവശ്യത്തെയും കുറിച്ചുള്ള വിവരങ്ങളാണ്.

മഹാരാഷ്ട്രയിലെ ആക്ടീവ് കേസുകളിൽ 30 ശതമാനവും മുംബൈയിലോ പൂനൈയിലോ ആണുള്ളത്. മുംബൈയിലാകട്ടെ 90 ശതമാനം ആക്ടീവ് കേസുകളും ഈയാഴ്ച റിപ്പോർട്ട് ചെയ്തത് ഉയർന്ന കെട്ടിടങ്ങളിൽ നിന്നാണ്. 10 ശതമാനം മാത്രമാണ് ചേരികളിൽ റിപ്പോർട്ട് ചെയ്തതെന്ന് ഒരുവിശകലനത്തിൽ പറയുന്നു.

മററുനഗരങ്ങളിലെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് പഠനം വേണ്ടിയിരിക്കുന്നു. എന്തായാലും നഗരങ്ങളിലെല്ലാം ഭീതി പടർന്നിരിക്കുന്നു. ആശുപത്രി കിടക്കളും ഓക്‌സിജൻ സിലിണ്ടറുകളും ഒക്കെയാണ് സംസാര വിഷയം. ആദ്യ തരംഗത്തിൽ സമ്പന്ന വിഭാഗത്തിൽ പെട്ട ഇന്ത്യാക്കാർക്ക്, കേന്ദ്രം ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ തന്നെ ഒതുങ്ങിക്കൂടാൻ അവസരം കിട്ടി. രണ്ടാം തരംഗത്തിൽ ആ അവസരം കിട്ടിയില്ല. ആദ്യ തരംഗം ആൾപ്പാർപ്പേറിയ ചേരികളെയാണ് പിടികൂടിയത്. 2020 മധ്യത്തിൽ നടത്തിയ സെറോറജിക്കൽ സർവേപ്രകാരം മുംബൈ ചേരിനിവാസികളിൽ മറ്റുഭാഗങ്ങളിൽ ഉള്ളവരെ അപേക്ഷിച്ച് ആന്റിബോഡികൾ കണ്ടെത്തിയിരുന്നു, ഇതായിരിക്കും രണ്ടാം തരംഗത്തിൽ അവർക്ക് സംരക്ഷണം നൽകുന്നതെന്നും ചില അനുമാനങ്ങളുണ്ട്. ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾ ഉണ്ടായിട്ടില്ല.

എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 215,592 കേസുകൾ

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് സ്ഥിരീകരിച്ചത് 215,592 കേസുകൾ. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്ന് 67,160 പേർക്ക് രോഗം സ്ഥിരീകരിച്ചു. 676പേർ മരിച്ചു. 63,818പേർ രോഗമുക്തരായി. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,28,836ആയി. 6,94,480പേരാണ് ചികിത്സയിലുള്ളത്. 63,928പേർ മരിച്ചു. 34,68,610പേർ രോഗമുക്തരായി. മുംബൈയിൽ മാത്രം 5,888പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 71പേർ മരിച്ചു. 8,549പേർ രോഗമുക്തരായി.

ഉത്തർപ്രദേശിൽ 38,055പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,231പേർ രോഗമുക്തരായി. 223പേർ മരിച്ചു. 29,438 പേരാണ് കർണാടകയിൽ ഇന്ന് രോഗബാധിതരായത്. 90,58പേർ രോഗമുക്തരായി. 208പേർ മരിച്ചു. 13,04,397 പേരാണ് കർണാടകയിൽ ആകെ രോഗബാധിതരായത്. 10,04,397പേർ ഗോഗമുക്തരായി. 2,34,483പേരാണ് ചികിത്സയിലുള്ളത്. 14,283പേർ മരിച്ചു.

കേരളത്തിൽ 26,685 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 15,355 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.14,842 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 12,359പേരാണ് ഇന്ന് രോഗബാധിതരായത്. ആന്ധ്രയിൽ 11,698 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.