- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യക്ക് മുന്നിൽ റൺമല തീർത്ത് ഇംഗ്ലണ്ട്; ആദ്യ ഇന്നിങ്ങ്സിൽ 432 റൺസിന് പുറത്ത്; രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഇപ്പോഴും 297 റൺസ് പിന്നിൽ
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 354 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക്, രണ്ടാം ഇന്നിങ്‌സിൽ ആദ്യ വിക്കറ്റ് നഷ്ടം. 54 പന്തിൽ എട്ടു റൺസുമായി ഓപ്പണർ കെ.എൽ. രാഹുലാണ് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 57 റൺസെടുത്തിട്ടുണ്ട്. 35 റൺസോടെ രോഹിത് ശർമ്മയും 14 റൺസുമായി പൂജാരയുമാണ് ക്രീസിൽ.മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപാണ് ക്രെയ്ഗ് ഓവർട്ടന്റെ പന്തിൽ ജോണി ബെയർസ്റ്റോയ്ക്ക് ക്യാച്ച് സമ്മാനിച്ച് രാഹുൽ പുറത്തായത്. ഒൻപത് വിക്കറ്റ് കയ്യിലിരിക്കെ ഇപ്പോഴും ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാൾ 297 റൺസ് പിന്നിലാണ് ഇന്ത്യ.
നേരത്തെ, ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറി മികവിൽ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 432 റൺസെടുത്ത് പുറത്തായി. എട്ടിന് 423 റൺസുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്, ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ശേഷിച്ച രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഇതോടെ ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് 354 റൺസിന്റെ കൂറ്റൻ ലീഡ് ലഭിച്ചു. ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ഉയർന്ന അഞ്ചാമത്തെ ഒന്നാം ഇന്നിങ്‌സ് ലീഡാണിത്. എജ്ബാസ്റ്റണിൽ 2011ൽ 486 റൺസ് ലീഡ് നേടിയതാണ് ഒന്നാമത്.
ക്രെയ്ഗ് ഓവർട്ടൻ (32), ഒലി റോബിൻസൻ (0) എന്നിവരാണ് ഇന്ന് പുറത്തായത്. ഓവർട്ടൻ 42 പന്തിൽ ആറു ഫോറുകളോടെ 32 റൺസെടുത്തു. ഒലി റോബിൻസൻ 15 പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. ഓവർട്ടനെ ഷമി വിക്കറ്റിനു മുന്നിൽ കുരുക്കിയപ്പോൾ റോബിൻസനെ ബുമ്ര ക്ലീൻ ബൗൾഡാക്കി. ഇതോടെ, ആരാധകർ കാത്തിരുന്ന ആൻഡേഴ്‌സൻ ബുമ്ര മുഖാമുഖം ഇത്തവണയുണ്ടായില്ല. 165 പന്തിൽ 14 ഫോറുകളോടെ 121 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ട് തന്നെ അവരുടെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി നാലും മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവർ 2 വിക്കറ്റ് വീതവും വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്