ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ 78 റൺസിന് പുറത്തായ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന നിലയിലാണ്. മുന്നാം ദിനത്തിൽ ഇന്ത്യയുടെ തോൽവി പോലും പ്രവചിച്ചവരെ വിസ്മയിപ്പിച്ചാണ് ഇന്ത്യയുടെ ചെറുത്തുനിൽപ്പ്.

ഫോം വീണ്ടെടുത്ത ചേതേശ്വർ പൂജാര 91 റൺസോടെയും ക്യാപ്റ്റൻ വിരാട് കോലി 45 റൺസോടെയും ക്രീസിൽ ഉണ്ട്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 99 റൺസാണ് കൂട്ടിച്ചേർത്തിട്ടുള്ളത്. ഓപ്പണർമാരായ കെ.എൽ. രാഹുൽ (8), രോഹിത് ശർമ (59) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്. എട്ടുവിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് മറികടക്കാൻ ഇന്ത്യക്കിനിയും 139 റൺസ് കൂടി വേണം.

രണ്ടാം ഇന്നിങ്ങ്‌സിൽ ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം ഒരിക്കൽക്കൂടി പാളി. ആദ്യ രണ്ടു ടെസ്റ്റുകളിലും തിളങ്ങിയ കെ.എൽ. രാഹുൽ വെറും എട്ടു റൺസുമായി പുറത്തായി. 54 പന്തുകൾ നേരിട്ട രാഹുലിനെ ക്രെയ്ഗ് ഓവർട്ടന്റെ പന്തിൽ ജോണി ബെയർ‌സ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി.രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയെ കൂട്ടുപിടിച്ച് പോരാട്ടം നയിച്ച രോഹിത് ശർമ ഇന്ത്യയെ 100 കടത്തി. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് അധികം വൈകാതെ രോഹിത് പുറത്തായി. 156 പന്തിൽ ഏഴു ഫോറും ഒരു സിക്‌സും സഹിതം 59 റൺസെടുത്ത രോഹിത്തിനെ ഒലി റോബിൻസൺ എൽബിയിൽ കുരുക്കി. രോഹിത് പൂജാര സഖ്യം രണ്ടാം വിക്കറ്റിൽ 82 റൺസാണ് കൂട്ടിച്ചേർത്തത്.

തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോലിയെ കൂട്ടുപിടിച്ച് പൂജാര രക്ഷാപ്രവർത്തനം തുടരുന്ന കാഴ്ചയാണ് ലീഡ്‌സിൽ കണ്ടത്. ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ഇന്നിങ്‌സിലൂടെ ഇതിനിടെ പൂജാര അർധസെഞ്ചുറിയും പിന്നിട്ടു. ടെസ്റ്റിൽ താരത്തിന്റെ 30ാം അർധസെഞ്ചുറി. ഇതിനിടെ റൂട്ടിന്റെ നേതൃത്വത്തിൽ സ്പിന്നർമാർ വിക്കറ്റിനായി രംഗത്തെത്തിയെങ്കിലും പൂജാരയും കോലിയും പിടിച്ചുനിന്നു. കളി നിർത്തുമ്പോൾ 180 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെയാണ് പൂജാര 91 റൺസെടുത്തത്. കോലി 94 പന്തിൽ ആറു ഫോറുകളോടെ 45 റൺസുമെടുത്തിട്ടുണ്ട്.

മൂന്നാം ദിനം ആദ്യ സെഷനിൽ 15 മിനിറ്റിനകം ഇംഗ്ലണ്ടിന്റെ ശേഷിച്ച രണ്ടു വിക്കറ്റും പിഴുത് അവരുടെ ഒന്നാം ഇന്നിങ്‌സ് 432 റൺസിൽ അവസാനിപ്പിച്ച ഇന്ത്യ വഴങ്ങിയത് 354 റൺസിന്റെ കൂറ്റൻ ലീഡ്.