അബുദാബി: ട്വന്റി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും ഇന്ത്യ തോൽവി വഴങ്ങിയപ്പോൾ മുതൽ ഇന്ത്യൻ ആരാധകർ കണക്ക് കൂട്ടി കാത്തിരുന്നത് അഫ്ഗാനിസ്ഥാൻ - ന്യൂസിലൻഡ് മത്സരമായിരുന്നു. അഫ്ഗാൻ കിവീസിനെ കീഴടക്കുന്നത് സ്വപ്‌നം കണ്ടായിരുന്നു ഇന്ത്യയുടെ സെമി പ്രതീക്ഷകൾ ആരാധകർ കണക്കുകൂട്ടി എടുത്തത്. എന്നാൽ ആ പ്രതീക്ഷകളെ കെയ്ൻ വില്യംസണും സംഘവും നിർദയം പിച്ചിചീന്തുന്നതാണ് ഞായറാഴ്ച ക്രിക്കറ്റ് ലോകം കണ്ടത്.



അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡ് എട്ടു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കിയതോടെ ഇന്ത്യ ട്വന്റി 20 ലോകകപ്പ് സെമി കാണാതെ പുറത്തായി. 2012-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് സ്റ്റേജിലെത്താതെ പുറത്താകുന്നത്. ഒരു ട്വന്റി 20 ലോകകപ്പ് വിജയം പോലുമില്ലാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയും.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ കിവീസിനോട് എട്ടു വിക്കറ്റിനും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി സാധ്യത തുലാസിലായിരുന്നു. എന്നാൽ അഫ്ഗാനെതിരെയും സ്‌കോട്ട്ലൻഡിനെതിരെയും നേടിയ തകർപ്പൻ ജയത്തോടെ ഇന്ത്യ പ്രതീക്ഷ കാത്തു. പിന്നെ കാത്തിരിപ്പ് ന്യൂസിലൻഡ് അഫ്ഗാൻ മത്സരത്തിലേക്ക്. എന്നാൽ കിവീസ് ജയം നേടിയതോടെ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു.

മത്സര ക്രമത്തിൽ തുടങ്ങുന്നു ഇന്ത്യയ്ക്ക് കാത്തുവച്ച വീഴ്ചയുടെ കാരണങ്ങൾ. 2011 ലെ ഏകദിന ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യ കുതിച്ചത് ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ നേടിയ തകർപ്പൻ ജയത്തിൽ നിന്നും ലഭിച്ച ഊർജത്തോടെയായിരുന്നു. വീരേന്ദർ സേവാഗും വിരാട് കോലിയും സെഞ്ചുറി നേടി കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ മത്സരം, അനായാസം ജയം പിന്നെ ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

2021 ട്വന്റി 20 ലോകകപ്പിലേക്ക് വരുമ്പോൾ കഥയാകെ മാറി. ആദ്യ മത്സരം പാക്കിസ്ഥാനോട്, രണ്ടാമത്തേത് ന്യൂസിലൻഡിനോട്. പിന്നെ കുഞ്ഞന്മാരായ ടീമുകളോട്. മരണഗ്രൂപ്പ് അല്ലാതിരുന്നിട്ടും ആദ്യ മത്സരത്തിൽ ഇന്ത്യ കളിക്കാനിറങ്ങിയത് കടുത്ത സമ്മർദ്ദത്തിൽ. പാക്കിസ്ഥാനോട് ലോകകപ്പിൽ ഇതുവരെ തോറ്റിട്ടില്ല എന്ന ചരിത്രമായിരുന്നു ആരാധകരുടെ മനസ്സിൽ. എന്നാൽ ഇന്ത്യൻ താരങ്ങളുടെ മനസിലാകട്ടെ ബയോ ബബ്ളിൽ നീണ്ട ഏകാന്തവാസത്തിന്റെ സമ്മർദ്ദവും വിഷാദവും ഒക്കെ ഇടകലർന്ന ആശങ്കകൾ.

ഐപിഎൽ രണ്ടാം ഘട്ടം പൂർത്തിയാക്കി അധികം വൈകും മുമ്പെ എത്തിയ ട്വന്റി 20 ലോകകപ്പിൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ പരിചിതമാക്കിയ പിച്ചിന്റെ ആനുകൂല്യം തുണയ്ക്കുമെന്നായിരുന്നു വിശ്വാസം. എന്നാൽ മത്സരത്തിൽ ഏറെ നിർണായകമായിരുന്ന ടോസ് നഷ്ടപ്പെട്ടപ്പോൾ തന്നെ ഇന്ത്യ ബാക്ക് ഫുട്ടിലായി.

സന്നാഹ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാൻ കിഷനെ പുറത്തിരുത്തുമ്പോഴും ഇന്ത്യയ്ക്ക് ഓപ്പൺ ചെയ്യാൻ എത്തിയ രോഹിത് ശർമയുടേയും കെ എൽ രാഹുലിന്റെയും മിന്നുന്ന ഫോമായിരുന്നു വിരാട് കോലിയുടെ പ്രതീക്ഷകൾ. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ ഇന്ത്യ തിരിച്ചടി നേരിട്ടു. ആദ്യ മൂന്ന് ഓവറിനിടെ രോഹിതിനെയും രാഹുലിനെയും മടക്കി ഷഹിൻ ഷാ അഫ്രീദി മത്സരത്തിന്റെ ഗതി നിർണയിച്ചു. ഇന്ത്യയുടെ കരുത്ത് ഓപ്പണർമാർ ആണെന്നും അവരെ തുടക്കത്തിൽ പുറത്താക്കിയാൽ ഇന്ത്യയെ വീഴ്‌ത്താമെന്നും നന്നായി ഗൃഹപാഠം ചെയ്ത പാക്കിസ്ഥാൻ അത് കളിക്കളത്തിൽ നടപ്പാക്കി. വിരാട് കോലിയുടെയും ഋഷഭ് പന്തിന്റെയും ചെറുത്ത് നിൽപ്പ് സ്‌കോർ ബോർഡിൽ മാന്യമായ ഒരു സംഖ്യ എത്തിച്ചെങ്കിലും ബൗളിംഗിൽ അമ്പേ പരാജയപ്പെട്ടു.


ഒരു വിക്കറ്റ് പോലും വീഴ്‌ത്താനാകാതെ ബൗളർമാർ പതറിയപ്പോൾ പത്ത് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി പാക്കിസ്ഥാൻ മടങ്ങി. ആദ്യ മത്സരത്തിലെ പിഴവുകൾ പരിഹരിക്കാൻ ബാറ്റിങ് ലൈനപ്പിൽ മാറ്റം വരുത്തി ന്യൂസിലൻഡിനെതിരെ ഇറങ്ങിയ ഇന്ത്യയ്ക്ക് വീണ്ടും പിഴച്ചു.

ടോസിലെ നിർഭാഗ്യത്തിനൊപ്പം രോഹിത്തിനെ പോലെ പരിചയ സമ്പന്നനായ ബാറ്റ്‌സ്മാന് പകരം ഓപ്പൺ ചെയ്തത് ഇഷാൻ കിഷൻ. തുടക്കത്തെ കിവീസ് പേസർമാർ ഓപ്പണർമാരെ വീഴ്‌ത്തിയപ്പോൾ ഇന്ത്യ പതറി. രോഹിതും കോലിയും ഋഷഭും ചെറുത്ത് നിൽക്കാതെ വീണപ്പോൾ ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും നടത്തിയ രക്ഷാപ്രവർത്തനം നൂറ് കടത്തി. അത്രമാത്രം. ബൗളിംഗിൽ പതിവ് കാഴ്ചകൾ. രണ്ട് വിക്കറ്റ് വീഴ്‌ത്താനായി എന്നത് മാത്രം പറയാനുണ്ട്. കിവീസ് എട്ട് വിക്കറ്റിന് ജയിച്ചതോടെ ലോകകപ്പിൽ ഇന്ത്യയുടെ വിധി നിർണയിക്കപ്പെട്ടു. പിന്നെ നേരിയ പ്രതീക്ഷ അഫ്ഗാന്റെ കരുത്തിൽ.



2007 ഏകദിന ലോകകപ്പിൽ ബർമൂഡയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇത്തവണ അഫ്ഗാന് വേണ്ടി പ്രാർത്ഥിച്ചു. പക്ഷേ ഒരേ ഫലം, അല്ലെങ്കിൽ തന്നെ മറ്റൊരു ടീമിന്റെ മത്സര ഫലം കാത്ത് ഇന്ത്യയുടെ സെമി പ്രതീക്ഷ കണക്കുകൂട്ടുന്നവർക്ക് അത് ലഭിക്കണമെന്നില്ലല്ലോ. ഇന്ത്യൻ താരങ്ങളെ പുലഭ്യം പറഞ്ഞും ഭീഷണി മുഴക്കിയും ചില ആരാധകർ അരിശം തീർക്കുന്ന കാഴ്ചയാകും ഇനി കാണുക. പക്ഷെ യഥാർത്ഥ കാരണം അപ്പോഴും കാണാമറയത്ത് ഉണ്ട്.



ട്വന്റി20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ 2ാം മത്സരത്തിൽ ന്യൂസീലൻഡിനോടു ദയനീയമായി തോറ്റശേഷം ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പറഞ്ഞതിലുണ്ട് എല്ലാം. 'ഈ കോവിഡ് പകർച്ചവ്യാധിക്കാലത്തെ ജീവിതം പ്രയാസകരമാണ്. കഴിഞ്ഞ കുറെക്കാലമായി ബയോ ബബ്‌ളിലാണു ഞങ്ങളുടെ ജീവിതം. പുതിയ സാഹചര്യവുമായി ഒത്തുപോകാൻ ഞങ്ങൾ ഏറെ ശ്രമിച്ചു. പക്ഷേ, ബബ്ൾ ഉണ്ടാക്കുന്ന ക്ഷീണവും അതു മനസ്സിനുണ്ടാക്കുന്ന പ്രയാസവും പ്രശ്‌നമാണ്. 6 മാസമായി ഇത്തരമൊരു ജീവിതമാണ്. കുടുംബാംഗങ്ങളെ കാണാൻ പറ്റാത്തതിന്റെ സങ്കടവും നിരാശയും ചിലർക്കെങ്കിലുമുണ്ടാകാം. ഹോട്ടൽ മുറികളിൽ കുടുങ്ങി ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചെയ്യേണ്ടി വരുന്നതിന്റെ നിസ്സഹായതയും ഒരു വശത്തുണ്ട്. പല ചിന്തകളും മനസ്സിനെ മഥിക്കുന്നുണ്ട്. കളിക്കാരുടെ മാനസികാവസ്ഥയും കളത്തിലെ പ്രകടനത്തെ ബാധിക്കുമെന്നതു സ്വാഭാവികമാണല്ലോ...'

ഒപ്പം ന്യൂസീലൻഡിനെതിരായ തോൽവിക്കു ശേഷം സമ്മാനദാനച്ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പ്രതികരണവും ചേർത്ത് വായിക്കുമ്പോൾ എന്തുകൊണ്ട് ഈ ലോകകപ്പിലെ ഏറ്റവും ഫേവറിറ്റുകളായി എത്തി സെമി കാണാതെ ഇന്ത്യ മടങ്ങുന്നു എന്ന ചോദ്യത്തിന് ഉത്തരമാകും.

'പേടിച്ചാണു ഞങ്ങൾ കളിച്ചത്. ഞങ്ങളുടെ ശരീരഭാഷ പരാജിതരുടേതു പോലെയായിരുന്നു. ബാറ്റുകൊണ്ടോ പന്തുകൊണ്ടോ ധൈര്യം പ്രകടിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല' - ഇങ്ങനെയായിരുന്നു. കിവീസിനെതിരായ തോൽവിക്ക് ശേഷം കോലി പറഞ്ഞത്.

തോറ്റ ശേഷമുള്ള പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാനെത്തിയതു ക്യാപ്റ്റൻ കോലിയോ വൈസ് ക്യാപ്റ്റൻ രോഹിത് ശർമയോ ആയിരുന്നില്ല. ഇക്കാര്യത്തിൽ ഒരു പരിചയവുമില്ലാത്ത പേസർ ജസ്പ്രീത് ബുമ്രയെയാണു ടീം മാനേജ്‌മെന്റ് അയച്ചത്. ആത്മവിശ്വാസക്കുറവ്, സമ്മർദം എന്നിവ താരങ്ങളെയും ടീമിനെയും എത്രത്തോളം ബാധിച്ചുവെന്നതിനു തെളിവാണ്.

കളത്തിലെ പ്രകടന മികവിന്റെ കാര്യത്തിൽ മാത്രമല്ല, മാനസികമായും എതിരാളികളോടു തോറ്റ നിലയിലായിരുന്നു ഇന്ത്യ. ബയോ ബബ്ളിലെ ഏകാന്തവാസവും കടുത്ത മത്സര സമ്മർദവും കളിക്കാരിലുണ്ടാക്കിയ മാനസിക പിരിമുറുക്കവും ലോകകപ്പിലെ ഇന്ത്യയുടെ നിർണായകമായ 2 തോൽവികൾക്കു കാരണമായെന്ന് അനുമാനിക്കാൻ സൂചനകൾ പലതുണ്ട്.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോടും രണ്ടാം മത്സരത്തിൽ ന്യൂസീലൻഡിനോടും ദയനീയ തോൽവിയാണു ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിലെ എതിരാളികൾ പരമ്പരാഗത വൈരികൾ. കളത്തിലെ കളിയെ വികാരപരമായി സമീപിക്കുന്ന ഇരുരാജ്യങ്ങളിലെയും ജനങ്ങളും രാഷ്ട്രീയ നേതൃത്വവും.



മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാനോടു സൗഹൃദം പ്രകടിപ്പിച്ചതു പോലെയുള്ള സ്നേഹബന്ധങ്ങളൊന്നും രാജ്യങ്ങൾക്കിടയിലോ രാഷ്ട്രീയക്കാർക്കിടയിലോ ആരാധകർക്കിടയിലോ ഇല്ലെന്നുള്ളതാണു വാസ്തവം.

സ്വാഭാവികമായും 'ബിഗ് ഗെയി'മിന്റെ സമ്മർദം കോലിയെയും കൂട്ടരെയും ബാധിച്ചിട്ടുണ്ടാകും. 2-ാം മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത് 2019ലെ ഏകദിന ലോകകപ്പ് സെമിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുമടക്കം തങ്ങളെ നിർണായക മത്സരത്തിൽ പല തവണ കീഴടക്കിയ ന്യൂസീലൻഡിനെതിരെയാണ്. ആദ്യ മത്സരത്തിലെ വലിയ തോൽവിക്കു ശേഷം ടൂർണമെന്റിൽ ജീവൻ നിലനിർത്താൻ വിജയം അനിവാര്യമാണെന്ന ചിന്തയാകാം കളിക്കാരിൽ സമ്മർദമുണ്ടാക്കിയത്. ഫലമോ, അടപടലം തോൽവിയേറ്റു വാങ്ങി.

കോവിഡ് കാലത്തു വീടുകളിൽ കുടുംബത്തോടൊപ്പം ഉല്ലസിച്ചു കഴിഞ്ഞിരുന്ന ഇന്ത്യൻ താരങ്ങളിൽ ഭൂരിഭാഗവും താരങ്ങൾ ജൂൺ മുതൽ ബയോ ബബ്ളിനുള്ളിലാണ്. ആദ്യം ന്യൂസീലൻഡിനെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ. പിന്നീടു മൂന്നാഴ്ചയോളം അവിടെത്തന്നെ ബബ്ളിൽ കഴിഞ്ഞ ശേഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര. അതു പൂർത്തിയായ ഉടൻ യുഎഇയിലേക്ക്. അവിടെ ഇന്ത്യൻ പ്രിമിയർ ലീഗ്. അതു കഴിഞ്ഞതിനു തൊട്ടുപിന്നാലെ ട്വന്റി20 ലോകകപ്പ്. ചുരുക്കത്തിൽ നാട്ടിൽനിന്നും കുടുംബങ്ങളിൽനിന്നും അകന്നുള്ള ഈ ജീവിതം കളിക്കാരെ മാനസികമായി ക്ഷീണിപ്പിച്ചിട്ടുണ്ടാകും (കുടുംബത്തെ ഒപ്പംകൂട്ടാൻ ബിസിസിഐ താരങ്ങൾക്ക് അനുവാദം കൊടുത്തിരുന്നെങ്കിലും അതിലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു). അതിനു പുറമേ വലിയ മത്സരത്തിന്റെ സമ്മർദവും കളത്തിലെ പ്രകടനം മോശമാകാൻ കാരണമായിട്ടുണ്ടാകും.

ഇന്ത്യയുടെ ഈ തോൽവികൾക്കു പിന്നിൽ മാനസിക കാരണങ്ങളുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന നിഗമനത്തെ സാധൂകരിക്കുന്ന അഭിപ്രായങ്ങളാണ് വിദഗ്ദ്ധർ പങ്കുവയ്ക്കുന്നത്. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പിൽ ജേതാക്കളായപ്പോൾ ടീമിനൊപ്പം ഒരു സ്പോർട്സ് സൈക്കോളജിസ്റ്റ് ഉണ്ടായിരുന്നു. അന്നത്തെ പരിശീലകൻ ഗാരി കിർസ്റ്റന്റെ നിർദ്ദേശപ്രകാരമായിരുന്നു അത്തരമൊരു നിയമനം. ആ സ്പോർട്സ് സൈക്കോളജിസ്റ്റിന്റെ സേവനം ഉപകാരപ്രദമായിരുന്നതായി പിൽക്കാലത്തു സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടുമുണ്ട്. ഈ ലോകകപ്പിൽ മെന്ററായി എം.എസ്.ധോണി ടീമിനൊപ്പമുണ്ട്. മെന്റർക്കു കളിയിലെ ടെക്നിക്കുകൾ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞേക്കും. പക്ഷേ, മനസ്സിലെ പിച്ചിൽനിന്ന് ഉദ്ഭവിക്കുന്ന കുഴപ്പങ്ങൾ കണ്ടുപിടിക്കാനോ പ്രതിവിധി നിർദ്ദേശിക്കാനോ മെന്റർക്കു കഴിഞ്ഞെന്നു വരില്ല.

നമുക്കു സന്തോഷമുണ്ടാകുന്നതു തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന ഡോപ്പമിൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകൾ മൂലമാണ്. ബയോ ബബ്ളിൽ കഴിയുമ്പോൾ ഒന്നോ രണ്ടോ താരങ്ങളാകും ഒരു ഹോട്ടൽ മുറിയിൽ താമസിക്കേണ്ടി വരിക. പരിശീലനത്തിനായി ഗ്രൗണ്ട്, തിരികെ ഹോട്ടൽ റൂം. ഈയൊരു ദിനചര്യയിൽ ഒരു മാറ്റവും ഉണ്ടാവില്ല. കൂട്ടമായി ഇരുന്നു സംസാരിക്കാനോ ഉല്ലാസ പാർട്ടികൾക്കോ അവസരമില്ലാത്ത അവസ്ഥ. സ്ഥിരമായി കാണുന്ന മുഖങ്ങൾ. കുടുംബാംഗങ്ങളുടെ അസാന്നിധ്യം. ഡോപ്പമിന്റെയും സെറോടോണിന്റെയും അളവ് വൻതോതിൽ കുറയാനാണ് എല്ലാവിധ സാധ്യതയും. ഇതുമൂലം മാനസികമായി സന്തോഷം കുറയുന്നു. ഈ കുറവ് ശരീരഭാഷയിലും പ്രതിഫലിക്കും.

ഗവേഷകരുടെ കണ്ടെത്തൽ പ്രകാരം ഒരു മുറിയിൽ ഇരിക്കുന്നയാൾ ഒരു ദിവസം ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങളിൽ 90-95 ശതമാനവും നെഗറ്റീവ് തോട്ട്സ് ആയിരിക്കും. തോൽവി, മോശം പ്രകടനം തുടങ്ങിയ കാര്യങ്ങൾ മാത്രമാകും ഒരു ക്രിക്കറ്റ് താരത്തിന്റെ ചിന്തകളിൽ ഭൂരിഭാഗവും. അതു സാവധാനം ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും വരെ നയിക്കാം. അത്തരം മാനസികാവസ്ഥയിൽ എത്തിപ്പെട്ടാൽ കരകയറണമെങ്കിൽ വിദഗ്ധരായ ആളുകളുടെ സഹായം വേണ്ടിവന്നേക്കാം. അത്തരമൊരു സേവനം ലഭിക്കാതെ പോകുമ്പോൾ സ്വാഭാവികമായും അതു കളിമികവിനെയും ബാധിക്കും.

മുറികളിൽ ഒറ്റപ്പെട്ടു കഴിയുമ്പോൾ സമയം തള്ളിനീക്കാൻ താരങ്ങൾ ഒരുപക്ഷേ തിരിയുക വിഡിയോ ഗെയിമുകളിലേക്കും സമൂഹമാധ്യമങ്ങളിലേക്കുമാകാം. മണിക്കൂറുകളോളം ഗെയിം കളിച്ചിരിക്കുന്നവരിലും സോഷ്യൽ മീഡിയയിൽ തല കുമ്പിട്ടിരിക്കുന്നവരിലും കെമിക്കൽ സ്ട്രെസ് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇതും ഹോർമോണുകൾ ഉണ്ടാക്കുന്ന പ്രശ്നം തന്നെ. ഉറക്കം നഷ്ടപ്പെടുമെന്നതാണ് ഇതിന്റെ പ്രധാന പ്രശ്നം. ഉറക്കമില്ലായ്മയും കായികതാരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും.

എത്ര വലിയ കളിക്കാരായാലും മാനസിക സമ്മർദം ഉണ്ടാകാം. നവോമി ഒസാകയാണ് ഈ സമ്മർദത്തിന്റെയും വിഷാദത്തിന്റെയുമൊക്കെ കാര്യം തുറന്നു പറഞ്ഞ ഏറ്റവും ഒടുവിലത്തെ പ്രധാന കായികതാരം. വിരാട് കോലിയായാലും രോഹിത് ശർമയായാലും കെ.എൽ.രാഹുലായാലും കളത്തിൽ മാനസിക സമ്മർദം നേരിടുണ്ടാവുമെന്നുറപ്പ്.

സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ പോലും സമ്മതിച്ചിട്ടുണ്ട്, ഒരു കാലത്തു പതിവായി താൻ 90നും 99നും ഇടയിൽ പുറത്തായതിനു പിന്നിൽ സെഞ്ചുറി എന്ന ലക്ഷ്യമുണ്ടാക്കിയ മാനസിക സമ്മർദമാണെന്ന്. ഇതൊഴിവാക്കാൻ എത്ര വേഗത്തിലും അനായാസവും കഴിയുമെന്നതിനെ ആശ്രയിച്ചാണ് ഓരോ താരത്തിനും കളത്തിൽ മികവു പുറത്തെടുക്കാൻ കഴിയുക.

2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഫോം നഷ്ടപ്പെട്ടു വിഷാദത്തിനടിപ്പെട്ടതിനെപ്പറ്റി വിരാട് കോലി നേരത്തേ സൂചിപ്പിച്ചിട്ടുള്ളതാണ്. ഡിപ്രസീവ് ട്രാക്കിലേക്കു വീണുപോയാൽ പെർഫോമൻസ് മോശമാകും. അത്തരമൊരു സാഹചര്യത്തിലും ഒരുപക്ഷേ, ബാറ്റിങ്ങിൽ തന്റെ ആർജിത കഴിവുകളിലൂടെ മികവു തുടരാൻ കോലിക്കു കഴിഞ്ഞേക്കാം. പക്ഷേ, ക്യാപ്റ്റനെന്ന നിലയിലുള്ള ഡിസിഷൻ മേക്കിങ്ങിലും മറ്റും പിഴവുകൾ സംഭവിക്കാവുന്നതേയുള്ളൂ.

ഇന്ത്യ നേരിട്ട തോൽവികളും ഇന്ത്യയുടെ പുറത്താകലും ബിസിസിഐ വേഗം മറക്കും. വരാനിരിക്കുന്ന ടൂർണമെന്റുകളിലേക്ക് ഇനി ഒരുങ്ങാനുള്ള സമയമാണ്. ചില താരങ്ങൾക്ക് എങ്കിലും വിശ്രമം അനുവദിച്ചേക്കും. അതിനൊപ്പം പരിശീലകനും നായകനും മാറും, പുതിയ നേതൃത്വം വരുന്നതോടെ വീണ്ടും 'പുതിയ ടീം' രൂപീകരിക്കപ്പെടും. എന്നാൽ താരങ്ങൾ നേരിട്ട മാനസിക സമ്മർദ്ദങ്ങൽ പരിഹരിക്കാൻ എന്തു വഴിയാണ് ബിസിസിഐ തേടുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കാരണം ഇനിയും വരാനുണ്ട് ഒട്ടേറെ ടൂർണമെന്റുകൾ. കൂടെ മാറ്റങ്ങളോടെ പുതിയ ഒരു ഐപിഎൽ കാലവും.