തിരുവനന്തപുരം: ഇന്ത്യയിൽ കൃത്രിമ പാൻക്രിയാസ് ചികിത്സാവിപ്ലവത്തിനു തുടക്കം. പ്രമേഹ രോഗിയും പ്രമേഹ രോഗികളുടെ കൂട്ടായ്മയായ 'ഡയബെസ്റ്റീസി'ന്റെ സ്ഥാപക ഡയറക്ടറുമായ പ്രശസ്ത നർത്തകി ജാസ് സേഠിയിലാണ് ഇന്ത്യയിലെ ആദ്യ 'ഡിഐവൈ' കൃത്രിമ പാൻക്രിയാസ് വിജയകരമായി മാറിയത്. പ്രശസ്ത ബില്യാർഡ്‌സ് താരം ഗീത് സേഠിയുടെ മകളാണു ജാസ് സേഠി.

തിരുവനന്തപുരത്തെ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ ഡോ. പാർഥ കർ (യുകെ), ഡോ. ബൻഷി സബൂ (അഹമ്മദാബാദ്) എന്നീ ചികിത്സാഗവേഷകർ ചേർന്നു നടത്തിയ ആദ്യ പരീക്ഷണത്തിന്റെ വിജയകഥ ഡയബെറ്റിസ് ആൻഡ് മെറ്റബോളിക് സിൻഡ്രം: ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പഞ്ചസാര കുറഞ്ഞു പോകുന്ന സ്ഥിതി ഒഴിവാക്കി 95% സമയം പഞ്ചസാരയുടെ അളവ് സ്വീകാര്യമായ അളവിൽ നിലനിർത്തിയാണ് ഇതു സാധ്യമാക്കിയത്. രോഗികളുടെയും അവരുടെ അച്ഛനമ്മമാരുടെയും കൂട്ടായ്മയായ ഡിഐവൈ (ഡൂ ഇറ്റ് യോർസെൽഫ് )ആണു കൃത്രിമ പാൻക്രിയാസ് മുന്നേറ്റത്തിനു പിന്നിൽ. ലോകമെമ്പാടുമായി ആയിരങ്ങൾ കൃത്രിമ പാൻക്രിയാസ് പ്രയോജനപ്പെടുത്തുന്നുണ്ട്.