- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 ഇന്ന്; പരമ്പര സ്വ്ന്തമാക്കാൻ രോഹിത് ശർമ്മയും കൂട്ടരും; തലവേദനയാകുന്നത് മധ്യനിരയുടെ സ്ഥിരതയില്ലായ്മ
റാഞ്ചി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങുന്നു. രണ്ടാം ടി20 റാഞ്ചിയിൽ വൈകിട്ട് ഏഴിന് തുടങ്ങും. ആദ്യ ടി20യിൽ ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് ടീം ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. പരമ്പരയിൽ പ്രതീക്ഷ നിലനിർത്താൻ കിവീസിന് ജയം അനിവാര്യമാണ്.
സമീപകാല ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ കടമ്പയായ ന്യൂസിലൻഡിനെതിരെ മൂന്നാം മത്സരത്തിലേക്ക് പോകാതെ പരമ്പര സ്വന്തമാക്കുകയാണ് രോഹിത് ശർമ്മയുടെയും രാഹുൽ ദ്രാവിഡിന്റേയും ലക്ഷ്യം. മധ്യനിര ബാറ്റർമാരിൽനിന്ന് കൂടുതൽ ഉത്തരവാദിത്തം ഇന്ത്യ പ്രതീക്ഷിക്കുന്നു. ജയ്പൂരിൽ ജയിച്ച ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. അക്സർ പട്ടേലിന് പകരം യുസ്വേന്ദ്ര ചഹൽ പരിഗണനയിലുണ്ട്.
നിർണായക മത്സരമായതിനാൽ കിവീസ് ജയിംസ് നീഷത്തേയും ഇഷ് സോധിയെയും ടീമിലുൾപ്പെടുത്തും. 13 കളിയിൽ ഇന്ത്യക്കെതിരെ 19 വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് സോധി. മഞ്ഞുവീഴ്ചയുള്ള റാഞ്ചിയിൽ ടോസ് നിർണായകമാവും. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് ജയസാധ്യത കൂടുതൽ. 11 റൺസ് കൂടി നേടിയാൽ മാർട്ടിൻ ഗപ്റ്റിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസെടുത്ത വിരാട് കോലിയെ മറികടക്കും എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. 3227 റൺസാണ് ഒന്നാം സ്ഥാനത്തുള്ള കോലിയുടെ പേരിനൊപ്പമുള്ളത്.
ജയ്പൂരിലെ ആദ്യ ടി20യിൽ കിവീസിന്റെ 164 റൺസ് രണ്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ്(40 പന്തിൽ 62), നായകൻ രോഹിത് ശർമ്മ(36 പന്തിൽ 48) എന്നിവരുടെ ഇന്നിങ്സിനൊപ്പം റിഷഭ് പന്തിന്റെ ഫിനിഷിംഗാണ്(17 പന്തിൽ 17*) ഇന്ത്യക്ക് ജയമൊരുക്കിയത്.




