- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠാൻകോട്ടിലും ഉറിയിലും തിരിച്ചടി നൽകിയത് സർജിക്കൽ സ്ട്രൈക്കിലൂടെ; പുൽവാമയിലെ പൊലീസുകാരന്റെ കൊലയും ഡ്രോൺ ആക്രമണത്തിലും വെല്ലുവിളിയിലാകുന്നത് ആഭ്യന്തര സുരക്ഷ; അതിർത്തി കടന്നുള്ള ഗൂഡലക്ഷ്യത്തെ തകർക്കാൻ ഇസ്രയേൽ മോഡൽ ആലോചനയിൽ; പാക്കിസ്ഥാന് കടുത്ത ശിക്ഷ നൽകാൻ കരുതലോടെ ഇന്ത്യ
പുൽവാമ: ജമ്മുകശ്മീരിൽ സ്പെഷ്യൽ പൊലീസ് ഓഫീസറും ഭാര്യയും ഭീകരരുടെ വെടിയേറ്റ് മരിക്കുമ്പോൾ രാജ്യത്തിന്റെ മനസ്സിന് മറ്റൊരു മുറിവ് കൂടി. കാശ്മീർ വിമാനത്താവളത്തിൽ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെടൽ. രണ്ടും പാക്കിസ്ഥാൻ നേരിട്ട് ചെയ്ത ആക്രമണങ്ങൾ എന്ന നിഗമനത്തിലാണ് ഇന്റലിജൻസ്.
നേരത്തെ ഇത്തരം ആക്രമണങ്ങൾ പാക് ഭാഗത്തു നിന്നുണ്ടായപ്പോൾ ഇന്ത്യ തക്കതായ തിരിച്ചടികൾ നൽകിയിരുന്നു. രണ്ട് സർജിക്കൽ സ്ട്രൈക്കുകളിൽ പാക് മേഖലയിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തു. പാക് അധിനിവേശ കാശ്മീരും കടന്ന് വ്യോമാക്രമണവും നടന്നു. ഇതേ സാഹചര്യം വീണ്ടും ഉണ്ടാക്കുന്നതാണ് പാക് പ്രകോപനം. ഈ സാഹചര്യത്തിൽ അതിർത്തിയിൽ നിരീക്ഷണവും കൂട്ടുകയാണ് ഇന്ത്യ. ഏത് സമയവും പാക്കിസ്ഥാന് തക്കതായ തിരിച്ചടി നൽകും.
പഠാൻകോട്ടിലും ഉറിയിലുമുണ്ടായ ഭീകരാക്രമണങ്ങളിൽനിന്നു വ്യത്യസ്തമായി പാക്കിസ്ഥാന് അവരുടെ പൗരന്മാരെ നേരിട്ട് ഉപയോഗിക്കേണ്ടതില്ല എന്നതാണു ഞായറാഴ്ചത്തെ ഡ്രോൺ ആക്രമണം തെളിയിക്കുന്നതെന്നു പ്രതിരോധ വിദഗ്ദ്ധർ സൂചിപ്പിച്ചു. പ്രതിസ്ഥാനത്ത് ആകുന്നതിനും രാജ്യാന്തര തലത്തിൽ അപലപിക്കപ്പെടുന്നതിനുമുള്ള സാധ്യതകൾ കുറയ്ക്കുമെന്നത് ഇത്തരം കൂടുതൽ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാനെ പ്രേരിപ്പിക്കുമെന്നും വിലയിരുത്തലുണ്ട്.
കാശ്മീരിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ധാരണയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ കടക്കുന്ന സാഹചര്യമാണുള്ളത്. ഇതിനെ തടസ്സപ്പെടുത്താനാണ് ആക്രമണം എന്നാണ് വിലയിരുത്തൽ. ഇസ്രേയൽ ഹമാസിനെതിരെ ആഭ്യന്തര സുരക്ഷയുടെ പേരിൽ കടന്നാക്രമണങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനെതിരെ പ്രത്യക്ഷ നടപടികളിലേക്ക് ഇന്ത്യയും കടന്നേക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്.
രണ്ട് സർജിക്കൽ സ്ട്രൈക്കിന് പിന്നിലും ഡോവലായിരുന്നു കരുക്കൾ നീക്കിയത്. പുൽവാമയിൽ പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നതിനെ ഗൗരവത്തോടെയാണ് കേന്ദ്രവും കാണുന്നത്. ഞായറാഴ്ചയായിരുന്നു സംഭവം. വീട്ടിൽ കടന്നുകയറിയുള്ള വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ദമ്പതിമാരുടെ മകൾ റാഫിയ ആശുപത്രിയിൽ ചികിത്സയിലാണ്. അതി ക്രൂര ആക്രമണമായിരുന്നു ഇത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളിയെയാണ് കൊന്നത്.
രാത്രി പതിനൊന്ന് മണിയോടെ ഭീകരർ വീട്ടിൽ അതിക്രമിച്ചു കയറി തുടരെ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ ഫയാസിനേയും കുടുംബത്തേയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫയാസും ഭാര്യയും മരിച്ചു. അവന്തിപോരയിലെ ഹരിപരിഗാം സ്വദേശിയാണ് ഫയാസ് അഹമ്മദ്. പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ നടത്തുകയാണെന്നും സേനാവക്താവ് അറിയിച്ചു.
ജമ്മുവിലെ വ്യോമസേനാ ആസ്ഥാനത്ത് ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം. ഇന്ത്യൻ സേനയുടെ ഏതെങ്കിലും ആസ്ഥാനത്ത് ഭീകരർ നടത്തുന്ന ആദ്യ ഡ്രോൺ ആക്രമണമായിരുന്നു അത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
പാക് അതിർത്തിയിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെ ശക്തമായ സുരക്ഷാസംവിധാനങ്ങളോടു കൂടിയ വ്യോമസേനാ വിമാനത്താവളത്തിലായിരുന്നു ആക്രമണമുണ്ടായത്. 1.5 കിലോഗ്രാം വീതമുള്ള രണ്ടു സ്ഫോടക വസ്തുക്കൾ വ്യോമസേനാ താവളത്തിനുള്ളിൽ ഡ്രോൺ ഉപയോഗിച്ച് നിക്ഷേപിച്ചതെന്നാണു റിപ്പോർട്ട്. സ്ഫോടനം ഉണ്ടായതിന് ഏതാനും മീറ്റർ മാറിയാണു ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്തിരുന്ന ഹാങ്ങർ. ഈ ഹാങ്ങറിനെ ലക്ഷ്യമിട്ടിട്ടുണ്ടാവാമെങ്കിലും ഡ്രോണുകളെ നിയന്ത്രിക്കുന്ന ജിപിഎസിലെ (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) തകരാർ മൂലമാകും സ്ഫോടനം ഉണ്ടാകാതെ പോയതെന്നാണു പ്രതിരോധ വിദഗ്ധരുടെ അനുമാനം. നിയന്ത്രണ രേഖയിലുടനീളം ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്താൻ ലഷ്കറെ തയിബ ചെറു ഡ്രോണുകൾ 2018 മുതൽ ഉപയോഗിച്ചിരുന്നതായി വാർത്താ വെബ്സൈറ്റായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഉഗ്രശേഷിയുള്ള ഐഇഡി വഹിക്കുന്ന നിയന്ത്രിത ഡ്രോൺ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ഭാഗമായ കംപ്യൂട്ടർ എൻജിനീയർ സൈഫുൽ ഹഖെ സുജാൻ 2014ൽ വികസിപ്പിച്ചിരുന്നു. സുജാന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചു ഭീകരർ ഇവിടെ യഥാർഥ ആക്രമണം നടത്തുന്നത് ഇതാദ്യമാണെന്നാണു റിപ്പോർട്ട്. ആയുധങ്ങളുമായി വരുന്ന ചെറിയ ഡ്രോണുകൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. അവയെ തടസ്സപ്പെടുത്തൽ ചെലവേറിയതുമാണ് എന്നതിനാൽ പ്രതിരോധിക്കുക പ്രയാസം.
മറുനാടന് മലയാളി ബ്യൂറോ