ന്യൂഡൽഹി: കോവിഡ് -19 പരിശോധനകൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് പ്രതിദിന പരിശോധനകളുടെ എണ്ണം 10 ലക്ഷമായി ഉയർത്തി ഇന്ത്യയിന്ന് കോവിഡിനെതിരായ പോരാട്ടത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.

ണ്. ഇന്നലെ 10,23,836 പരിശോധനകൾ പൂർത്തിയാക്കിയതോടെ പ്രതിദിനം 10 ലക്ഷം സാമ്പിളുകൾ പരിശോധിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു.ഈ നേട്ടം കൈവരിച്ചതോടെ ആകെ പരിശോധനകളുടെ എണ്ണം 3.4 കോടി കടന്നു (3,44,91,073).

പരിശോധനയുടെ കാര്യത്തിൽ ഉത്സാഹത്തോടെ മുന്നോട്ട് പോയ സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായി എന്നാണ്. കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത് തുടക്കത്തിൽ പോസിറ്റിവിറ്റി നിരക്ക് വർദ്ധിപ്പിക്കുമെങ്കിലും വേഗത്തിലുള്ള ക്വാറന്റൈൻ, കാര്യക്ഷമമായ ട്രാക്കിങ്, സമയോചിതവും ഫലപ്രദവുമായ ക്ലിനിക്കൽ മാനേജുമെന്റ് എന്നീ നടപടികൾ സ്വീകരിക്കുന്നതോടെ പോസിറ്റിവിറ്റി നിരക്ക് ക്രമേണ കുറയും.

പരിശോധനാ ശേഷി മെച്ചപ്പെടുത്തിയതിനോടൊപ്പം , കേന്ദ്രത്തിന്റെയും സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളുടെയും നയപരമായ തീരുമാനങ്ങളും രാജ്യത്തുടനീളം പരിശോധനകൾ ഗണ്യമായി വർധിപ്പിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. ഈ നടപടികൾ പ്രതിദിന പരിശോധനാശേഷി വർദ്ധിപ്പിച്ചു. പരിശോധനാ ലാബുകളുടെ മെച്ചപ്പെട്ട ശൃംഖലയും ഈ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചു. സർക്കാർ മേഖലയിലെ 983 ലാബുകളും സ്വകാര്യ മേഖലയിലെ 528 ലാബുകളും ഉൾപ്പടെ 1511 ലാബുകളുടെ ശക്തമായ ശൃംഖലയാണ് ഇന്ന് രാജ്യത്തുള്ളത്.

പോസിറ്റീവ് കേസുകൾ 30 ലക്ഷം കവിഞ്ഞു

അതേസമയം രാജ്യത്ത് പോസിറ്റീവ് കേസുകൾ 30 ലക്ഷം കവിഞ്ഞു. 20 ലക്ഷം കേസുകൾ കടന്ന് 15 ദിവസത്തിനകമാണ് 30 ലക്ഷം കവിഞ്ഞത്.രാത്രി 11.30 ന് വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, 30,43, 203 കേസുകൾ. മരണസംഖ്യ-56,845. പുതിയ കേസുകൾ 69,835.

മഹാരാഷ്ട്രയിൽ ശനിയാഴ്ച 14,492 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,942 ആയി.

ഇന്ന് 297 പേരാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്. ഇതിനോടകം 4,80,114 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും 1,69,516 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.അതേസമയം മുംബൈയിൽ മാത്രം ഇന്ന് 1,134 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,101 പേർ രോഗമുക്തി നേടി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,35,357 ആയി. ഇതിൽ 18,298 എണ്ണം സജീവ കേസുകളാണ്. 1,09,369 പേർ രോഗമുക്തി നേടിയപ്പോൾ 7,385 പേർക്ക് ജീവൻ നഷ്ടമായതായും ബൃഹന്മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

ദക്ഷിണേന്ത്യയിലും രോഗശമനമില്ല

കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 7330 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 93 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. 7626 പേർ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 2,71,876 ആയി ഉയർന്നു. 1,84,568 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മരണപ്പെട്ടവരുടെ ആകെ എണ്ണം 4615.

ആന്ധ്രപ്രദേശിൽ 10,276 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345,216 ആയി. 89,389 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3189 പേർ മരണപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 5980 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 5603 പേർ രോഗമുക്തി നേടി. 80 പേർ മരണപ്പെട്ടു. സംസ്ഥാനത്ത് ഇതുവരെ 3,73,410 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53,710 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 6420 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു.