സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യയ്ക്കു കൂട്ടത്തകർച്ച. മൂന്ന് വിക്കറ്റിന് 272 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 327 റൺസിന് ഓൾഔട്ടായി. 71 റൺസിന് 6 വിക്കറ്റെടുത്ത ലുങ്കി എൻഗിഡി, 72 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കഗീറോ റബാദ എന്നിവരുടെ ഉജ്വല ബോളിങ്ങാണു ദക്ഷിണാഫ്രിക്കയ്ക്കു കരുത്തായത്. മാർക്കോ യാൻസെൻ ഒരു വിക്കറ്റെടുത്തു. 

മൂന്നാം ദിനം 15.3 ഓവർ മാത്രമാണ് ഇന്ത്യയ്ക്കു ബാറ്റു ചെയ്യാനായത്. 20 റൺസ് ചേർക്കുന്നതിനിടെ 6 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്. 123 റൺസ് നേടിയ കെ എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. മൂന്നിന് 272 എന്ന നിലയിൽ മൂന്നാംദിനം ആരംഭിച്ച ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകൽ കേവലം 55 റൺസിന് നഷ്ടമായി. 

മൂന്നാം ദിവസം ഇന്ത്യയ്ക്ക് 6 ഓവറിനിടെത്തന്നെ കെ.എൽ. രാഹുൽ അജിൻക്യ രഹാനെ (48) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. റബാദയെ പുൾ ചെയ്യാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് പിടികൂടി. അധികം വൈകിയില്ല, ലുങ്കി എൻഗിഡിയെ കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെ ഡി കോക്കിനു തന്നെ ക്യാച്ച് നൽകി രഹാനെയും മടങ്ങി.

ബാറ്റിൽ ഉരസിയ പന്ത് ഡി കോക്കിന്റെ കൈകൽലേക്ക്. റിഷഭ് പന്താവട്ടെ (8) എൻഗിഡിയുടെ തന്നെ പന്തിൽ ഷോർട്ട് ലെഗിൽ വാൻ ഡർ ഡസ്സണ് ക്യാച്ച് സമ്മാനിച്ചു. മുഹമ്മദ് ഷമിയെ (8) പുറത്താക്കി എൻഡിഗി അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി.

ആദ്യദിനം നിറം മങ്ങിയ റബാദ ഗംഭീര തിരിച്ചവരവ് നടത്തി. രാഹുലിനെ പുറത്താക്കിയതിന് പിന്നാലെ രണ്ട് വിക്കറ്റുകൽ കൂടി താരം സ്വന്തം പേരിലാക്കി. ആർ അശ്വിനായിരുന്നു രണ്ടാമത്തെ ഇര. അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. കേശവ് മഹാരാജിനായിരുന്നു ക്യാച്ച്. ഷാർദുൽ ഠാക്കൂറിനെ (4) റബാദ ഡി കോക്കിന്റെ കൈകളിലെത്തിച്ചു. മുഹമ്മദ് ഷമിയെ (8) പുറത്താക്കിയ എൻഗിഡി വിക്കറ്റ് നേട്ടം ആറാക്കി. ജസ്പ്രീത് ബുമ്രയെ (14) യാൻസെനാണു പുറത്താക്കിയത്. മുഹമ്മദ് സിറാജ് 4 റൺസോടെ പുറത്താകാതെനിന്നു. ബുമ്ര സിറാജ് സഖ്യം 10ാം വിക്കറ്റിൽ 19 റൺസ് ചേർത്തു.

ആദ്യ ദിവസം 272 -3 എന്ന സ്‌കോറിലാണ് ഇന്ത്യ ബാറ്റിങ് അവസാനിപ്പിച്ചത്. കനത്ത മഴയെ തുടർന്ന് മത്സരത്തിന്റെ 2ാം ദിവസം ഒരു പന്തു പോലും എറിയാനായിരുന്നില്ല.