- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്‌സീൻ കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രസർക്കാർ; ആദ്യ കൺസൈന്മെന്റുകൾ ബ്രസീലിനും മൊറോക്കോയ്ക്കും; ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും പട്ടികയിൽ; 'ലോകത്തിന്റെ ഫാർമസി' യിൽ നിന്നും പ്രതിരോധ മരുന്ന് വാങ്ങാൻ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങൾ
ന്യൂഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ കോവിഡ് വാക്‌സീൻ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. ബ്രസീലിനും മൊറോക്കോയ്ക്കുമുള്ള ആദ്യ കൺസൈന്മെന്റുകൾ വെള്ളിയാഴ്ച അയയ്ക്കും. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിങ്ലയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുകെ മരുന്നു നിർമ്മാതാക്കളായ അസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സർവകലാശാലയും ചേർന്നു വികസിപ്പിച്ച് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്‌സീനാണ് കയറ്റി അയയ്ക്കുന്നത്.
പല രാജ്യങ്ങളിൽനിന്നു കോവിഷീൽഡ് വാക്‌സീന് ഓർഡർ ലഭിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ വാക്‌സീൻ വിതരണം ആരംഭിച്ചിട്ടുമതി കയറ്റിയയ്ക്കാൻ എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. ജനുവരി 16ന് ഇന്ത്യയിൽ വാക്‌സീൻ വിതരണം ആരംഭിച്ചിരുന്നു.
അയൽ രാജ്യങ്ങളായ ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഈ ആഴ്ച ആദ്യം ഇന്ത്യ കോവിഷീൽഡ് സൗജന്യമായി നൽകിയിരുന്നു. എന്നാൽ ഇനിയുള്ള വാക്‌സീൻ ഡോസുകൾ ഈ രാജ്യങ്ങൾ വില കൊടുത്തു വാങ്ങേണ്ടിവരും. ബ്രസീലിനും മൊറോക്കോയ്ക്കും പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്കും സൗദി അറേബ്യയിലേക്കുമുള്ള കൺസൈന്മെന്റുകളാകും ഇനി അടുത്തതായി കയറ്റി അയയ്ക്കുകയെന്നും ശ്രിങ്ല കൂട്ടിച്ചേർത്തു.
അമേരിക്ക കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ബ്രസീൽ കോവിഷീൽഡ് വാക്‌സീൻ കയറ്റി അയയ്ക്കണമെന്ന് ഇന്ത്യയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി 20 ലക്ഷം ഡോസിന്റെ കരാറിൽ ബ്രസീൽ ഒപ്പുവയ്ക്കുകയും ചെയ്തു. ഇതിനായി കഴിഞ്ഞയാഴ്ച ബ്രസീൽ ഒരു വിമാനം കൂടി ഇന്ത്യയിലേക്ക് അയച്ചിരുന്നു. വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകുന്നതിന് ബ്രസീലിലെ വിദഗ്ധ സമിതി യോഗം ചേരുന്നുണ്ട്.
അതിനിടെ കോവിഡ് വാക്‌സിനുവേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോർട്ടുണ്ട്. ബൊളീവിയ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. അതിനിടെ, ആവശ്യമെങ്കിൽ പാക്കിസ്ഥാനും ചൈനയ്ക്കും വാക്‌സിൻ നൽകാനും ഇന്ത്യ തയ്യാറാകുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു.
ലോകത്തിന്റെ വാക്‌സിൻ ഹബ്ബെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിൽ നിർമ്മിച്ച വാക്‌സിനുകൾക്ക് പാർശ്വഫലങ്ങൾ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാൻ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ഭൂട്ടാൻ, മാലെദ്വീപ്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങൾക്ക് വാക്‌സിൻ ഇതിനോടകം നൽകിക്കഴിഞ്ഞു. മ്യാന്മർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിനുകൾ വെള്ളിയാഴ്ച അവിടെയെത്തും.
ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിൻ അയയ്ക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് 92 രാജ്യങ്ങൾ വാക്‌സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തൽ.
50 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ കൈമാറുന്നതിനാണ് ബൊളീവിയൻ സർക്കാർ പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽനിന്നും റഷ്യയിൽനിന്നും വാങ്ങുന്ന വാക്‌സിനുകൾ ഉപയോഗിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ കുത്തിവെക്കാനാണ് ബൊളീവിയയുടെ നീക്കം.
രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ ഓക്‌സ്ഫഡ് - ആസ്ട്രസെനിക്ക വാക്‌സിൻ ഡോസുകൾ എത്രയുംവേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക് പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്‌കെറിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൊവ്വാഴ്ച കത്തയച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്