ന്യൂഡൽഹി: രാജ്യത്തെ രാജ്യാന്തര വിമാന സർവീസുകൾ ഡിസംബർ 15 മുതൽ സാധാരണ നിലയിലേക്ക്. കോവിഡ് സാഹചര്യം അനുസരിച്ച് രാജ്യങ്ങളെ മൂന്നായി തിരിച്ചാകും സർവീസ്. വെല്ലുവിളി തീരെ കുറഞ്ഞ രാജ്യങ്ങളിലേക്ക് 100 ശതമാനം സർവീസും തുടങ്ങും.

കോവിഡ് വെല്ലുവിളിയുള്ള എന്നാൽ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുള്ള രാജ്യങ്ങളിലേക്ക് 75 ശതമാനം സർവീസാകും പുനരാരംഭിക്കുക. കോവിഡ് വെല്ലുവിളിയുള്ള എന്നാൽ എയർ ബബിൾ കരാറില്ലാത്ത രാജ്യങ്ങളിലേയ്ക്ക് 50 ശതമാനം സർവീസ് മാത്രമേയുണ്ടാകൂ.

വ്യോമയാന, വിനോദസഞ്ചാര മേഖലയുടെ താൽപര്യം പരിഗണിച്ചാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. കോവിഡ് കൂടിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ നിർത്തിവച്ച സർവീസുകൾക്ക് ഈ മാസം 30 വരെയാണ് വിലക്കേർപ്പെടുത്തിയത്.

വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള വിമാനങ്ങൾ, വിദേശ ചരക്കു വിമാനങ്ങൾ, വന്ദേ ഭാരത് സർവീസുകൾ, പ്രത്യേകാനുമതിയുള്ള ചാർട്ടേഡ് വിമാനങ്ങൾ എന്നിവയാണു നിലവിൽ സർവീസ് നടത്തുന്നത്. ക്രിസ്മസ്- പുതുവത്സര അവധി സമയമായതിനാൽ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർധിക്കുമെന്നാണ് വിവരം.

ബ്രിട്ടൺ, ഫ്രാൻസ്, ചൈന, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ ബാധകമായി തുടരുന്ന വിമാനസർവീസുകളുടെ പട്ടികയിലുള്ളത്.