- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്രൈസ്റ്റ്ചർച്ച് മസ്ജിജുകളിൽ ഭീകരാക്രമണം നടന്ന ദിനമായ മാർച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനം ആചരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത് പാക്കിസ്ഥാൻ; അംഗീകരിച്ചു ഐക്യരാഷ്ടസഭ; എതിർത്തത് ഇന്ത്യയും ഫ്രാൻസും; ബാമ്യൻ ബുദ്ധ പ്രതിമ തകർത്തത് അടക്കം ചൂണ്ടിക്കാട്ടി ഇന്ത്യ
ന്യൂയോർക്ക്: മാർച്ച് 15 രാജ്യാന്തര ഇസ്ലാംവിദ്വേഷ വിരുദ്ധ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയത്തെ അടിസ്ഥാനമാക്കി. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനു വേണ്ടി പാക്കിസ്ഥാൻ കൊണ്ടുവന്ന പ്രമേയം സഭ അംഗീകരിക്കുകയായിരുന്നു.
ഒരു മതവിഭാഗത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതിൽ ആശങ്കയറിച്ച ഇന്ത്യ, ഹിന്ദു, ബുദ്ധ, സിഖ് ഉൾപ്പെടെ മറ്റു മതങ്ങളോടുള്ള വിദ്വേഷവും വർധിച്ചുവരുന്നതായി പറഞ്ഞു. എല്ലാ മതങ്ങൾക്കുമെതിരായ വിദ്വേഷത്തെ എതിർത്ത് പൊതുദിനാചരണമാണു വേണ്ടതെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ ടി. എസ്.തിരുമൂർത്തി പറഞ്ഞു. തിരുമൂർത്തിക്കു ശേഷം സംസാരിച്ച ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധികൾ സമാന ആശയമാണു പങ്കുവച്ചത്.
'സമാധാനവും ഐക്യവും നിലനിർത്തി എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുകയും, ലോകത്തെ ഒരു കുടുംബമായി കാണുകയുമാണ് വേണ്ടത്. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മതപരമായ കാര്യങ്ങൾക്ക് അതീതമായിട്ടാണ് നിലകൊള്ളേണ്ടത്. ഇസ്ലാമോഫോബിക്ക് സമാനമായ ചിന്താഗതികൾ പല മതങ്ങളിലുമുണ്ട്. നവംബർ 16ന് നമ്മൾ അന്താരാഷ്ട്ര സഹിഷ്ണുതാ ദിനം ആചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു മതത്തിനെതിരായ ഒരു ഒരു ചിന്താഗതി അന്താരാഷ്ട്ര ദിനമെന്ന പേരിൽ ഉയർത്തിക്കൊണ്ടുവരുന്നതിനോട് യോജിപ്പില്ല' - തിരുമൂർത്തി പറഞ്ഞു.
ആന്റി സെമിറ്റിസം, ക്രിസ്ത്യാനോഫോബിയ, ഇസ്ലാമോഫോബിയ തുടങ്ങി എല്ലാത്തിനെയും അപലപിക്കുന്നു. എന്നാൽ ഈ ഫോബിയകളെ തടയൽ അബ്രഹാമിക് മതങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും തിരുമൂർത്തി പറഞ്ഞു. ഹിന്ദു സംസ്കാരം ആചരിക്കുന്ന 1.2 ബില്യൺ ജനങ്ങൾ ലോകത്തുണ്ട്. ബുദ്ധിസത്തിൽ 535 മില്യൺ ആളുകളും, സിഖിസത്തിൽ 30 മില്യൺ ആളുകളും വിശ്വസിക്കുന്നു. ഇവർക്കെല്ലാം എതിരെയും ആക്രമണങ്ങൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു മതത്തെ മാത്രമല്ല, മൊത്തം റിലീജിയോഫോബിയയാണ് അംഗീകരിക്കേണ്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അബ്രഹാമിക് മതങ്ങളല്ലാത്തവയിൽപ്പെട്ട ഗുരുദ്വാരകളും ആശ്രമങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നത് ഇതിന് തെളിവാണ്. ഈ മതങ്ങൾക്കെതിരെ ചില രാജ്യങ്ങളിൽ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മറ്റ് മതങ്ങൾക്കെതിരായി പ്രചാരണത്തിന്റെ ഗൗരവത്തെ ഈ പ്രമേയം കുറച്ച് കാണിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് റിലീജിയോഫോബിയ പ്രതിരോധിക്കേണ്ടത്.
അബ്രഹാമിക് മതങ്ങളിൽപ്പെടാത്ത ബാമ്യൻ ബുദ്ധ പ്രതിമ അഫ്ഗാനിസ്ഥാനിൽ നശിപ്പിക്കപ്പെട്ടത്, ഗുരുദ്വാര ആക്രമണം, സിഖ് തീർത്ഥാടകരെ കൂട്ടക്കൊല ചെയ്തത്, ക്ഷേത്രങ്ങൾ ആക്രമിച്ച് വിഗ്രഹങ്ങൾ തകർക്കൽ, അത് മഹത്വവത്കരിക്കൽ എന്നിവയെല്ലാം മതവിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഒരു തരത്തിൽ ഫോബിയകൾ കൂടിയാണ്.
ഇന്ത്യൻ നിലപാട് വ്യക്തമാക്കിയ തിരുമൂർത്തിക്ക് ശേഷം സംസാരിച്ച ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധികൾ സമാനമായ ആശയമാണ് പ്രകടിപ്പിച്ചത്. മുസ്ലിംകളോടുള്ള വിദ്വേഷവും വിവേചനവും പ്രതിരോധിക്കാനുള്ള ബോധവൽക്കരണമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പാക്കിസ്ഥാനുൾപ്പെടെ 51 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കു പുറമേ, ചൈനയും പ്രമേയത്തിന്റെ സഹസ്പോൺസറായിരുന്നു.
യുഎന്നിലെ പാക്ക് പ്രതിനിധി മുനിർ അക്രമാണു പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാമോഫോബിയ ഒരു യാഥാർത്ഥ്യമാണ്, ലോകത്തിന്റെ പലഭാഗത്തും മുസ്ലിംകൾക്കെതിരായ അക്രമവും വിവേചനവും വർധിച്ചുവരികയാണ്. ഇസ്ലാം മതത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും ലോകമെങ്ങും പടരുകയാണെന്നും മുനീർ അക്രം പറഞ്ഞു.
ന്യൂസിലാന്റിലെ മസ്ജിദ് ആക്രമണത്തെ പശ്ചാത്തലത്തിൽ മാർച്ച് 15 ഇസ്ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്ലാമിക ഉച്ചകോടി ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടും അഭ്യർത്ഥിച്ചിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് മാർച്ച് 15നായിരുന്നു ന്യൂസിലാന്റിലെ രണ്ട് മസ്ജിദുകൾക്കെതിരെ ആക്രമണം നടന്നത്. ആക്രമണത്തിൽ 50ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
മാർച്ച് 15 ഇസ്ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാൻ മക്കയിൽ നടന്ന ഇസ്ലാമിക ഉച്ചകോടിയാണ് ആവശ്യപ്പെട്ടിരുന്നത്. ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടുമായിരുന്നു അഭ്യർത്ഥന. തീവ്രവാദം, ഭീകരത എന്നിവക്കെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു ഉച്ചകോടിയുടെ തീരുമാനം.
മറുനാടന് ഡെസ്ക്