- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരാട് കോലിയും ജഡേജയും മടങ്ങി; രഹാനെ പൂജ്യത്തിന് പുറത്ത്; നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റിന് 329 റൺസ്; ലീഡ് 230 റൺസ്; തിരിച്ചടിയുമായി ഇംഗ്ലണ്ട്
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 329 റൺസ് എന്ന നിലയിൽ. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രവീന്ദ്ര ജഡേജയുടെ (17) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഒരു ഓവറിനു ശേഷം അജിങ്ക്യ രഹാനെയും (0) പുറത്തായി. ക്രിസ് വോക്സാണ് ഇരുവരെയും പുറത്താക്കിയത്.
ക്യാപ്റ്റൻ വിരാട് കോലിയാണ് ആറാമനായി പുറത്തായത്. തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ചുറിയിലേക്ക് നീങ്ങിയ കോലിയെ മോയിൻ അലിയാണ് പുറത്തായത്. 96 പന്തിൽ ഏഴു ഫോറുകൾ സഹിതം 44 റൺസെടുത്ത കോലിയെ ക്രെയ്ഗ് ഓവർട്ടൻ ക്യാച്ചെടുത്തു മടക്കി. 16 റൺസുമായി ഋഷഭ് പന്തും 11 റൺസുമായി ഷാർദ്ദൂൽ ഠാക്കൂറുമാണ് ക്രീസിൽ ഇന്ത്യയ്ക്ക് നിലവിൽ 230 റൺസ് ലീഡായി.
നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 296ൽ വച്ച് രഹാനെ, രവീന്ദ്ര ജഡേജയ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം ക്രീസിൽ ഉറച്ചുനിന്ന ജഡേജയെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്. 59 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17 റൺസെടുത്ത ജഡേജയെ ക്രിസ് വോക്‌സ് എൽബിയിൽ കുരുക്കി. തുടർന്നെത്തിയ രഹാനെ എട്ടു പന്തുകൾ പ്രതിരോധിച്ചു നിന്നെങ്കിലും അക്കൗണ്ട് തുറക്കും മുൻപ് പുറത്തായി. ഇത്തവണയും ക്രിസ് വോക്‌സിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് താരം മടങ്ങിയത്.
ഇംഗ്ലിഷ് പര്യടനത്തിൽ മോശം ഫോമിനെ തുടർന്ന് കടുത്ത വിമർശനം നേരിടുന്ന രഹാനെ, ആറ് ഇന്നിങ്‌സുകളിൽ ഒരിക്കൽ മാത്രമാണ് 50 പിന്നിട്ടത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ നേടിയ 61 റൺസാണ് രഹാനെയുടെ ഉയർന്ന സ്‌കോർ. പരമ്പരയിൽ ഇതുവരെ ബാറ്റുചെയ്ത ഏഴ് ഇന്നിങ്‌സുകളിൽ രഹാനെയുടെ പ്രകടനം ഇങ്ങനെ: 5, 1 &61, 18 &10, 14 & 0 !
8 വർഷത്തെ കരിയറിൽ വിദേശത്ത് ഒരു ടെസ്റ്റ് സെഞ്ചുറി നേടാനാകാത്തതിന്റെ നിരാശ ഓവലിൽ തീർത്ത രോഹിത് ശർമയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്‌സിലെ 64ാം ഓവറിൽ മൊയീൻ അലിയുടെ പന്ത് ഉയർത്തി പറത്തി ഹിറ്റ്മാൻ സ്വന്തമാക്കിയത് കരിയറിലെ 41ാം സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിലെ എട്ടാമത്തേത്, ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ ടെസ്റ്റ് സെഞ്ചുറി. ആക്രമണം നയമാക്കി ബാറ്റുവീശിയ രോഹിത്തിന്റെ മികവിൽ (127) നാലാം ടെസ്റ്റിന്റെ 3ാം ദിനം പൂർത്തിയായപ്പോൾ സന്ദർശകർ രണ്ടാം ഇന്നിങ്‌സിൽ 3 വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലായിരുന്നു.
സെഞ്ചുറി നേടിയ രോഹിത് ശർമ, അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര, കെ.എൽ രാഹുൽ എന്നിവരെ മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ - ചേതേശ്വർ പൂജാര സഖ്യം 153 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 80-ാം ഓവറിൽ പുതിയ പന്തെടുത്ത ഇംഗ്ലണ്ട് അതേ ഓവറിൽ നിലയുറപ്പിച്ച ഇരുവരെയും മടക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്