- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; മത്സരം ഇന്ത്യൻ സമയം വൈകീട്ട് 5.30 മുതൽ; മൂന്നുമത്സരങ്ങളുടെ പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത് ടി 20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ; മോശം ഫോമിനൊപ്പം പരിക്കും അലട്ടുന്ന കോലി ഇന്ന് കളിച്ചേക്കില്ല
ലണ്ടൻ: മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഓവലിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കളി തുടങ്ങുക. മത്സരം സോണി സ്പോർട്സ് നെറ്റ്വർക്കിൽ കാണാം. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയുടെ ടീം ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ പരമ്പര തന്നെ കൈവിട്ട് പോയ ക്ഷീണം തീർക്കാനാണ് ജോസ് ബട്ട്ലറും സംഘവും ഇറങ്ങുന്നത്. ഏകദിനത്തിൽ നായകനായി ജോസ് ബട്ലറിന്റെ ആദ്യമത്സരമാണിത്.
ഉഗ്രൻ ഫോമിലുള്ള ജോണി ബെയർസ്റ്റോയും ജോ റൂട്ടും ബെൻ സ്റ്റോക്സും തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന്റെ കരുത്തുകൂട്ടും. അവസാന പത്ത് ഏകദിനത്തിൽ ഒൻപതിലും ജയിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. നിലവിലെ താരങ്ങളിൽ ഓവലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററാണ് ജോ റൂട്ട്. രോഹിത് ഇംഗ്ലണ്ടിനെതിരെ 24 ഏകദിനത്തിൽ ഏഴ് സെഞ്ച്വറി നേടിയിട്ടുണ്ട്.
ഇന്ത്യ പത്ത് കളിയിൽ ആറിൽ ജയിച്ചു.ഇന്ത്യക്കായി ഓപ്പണർ ശിഖർ ധവാനൊപ്പം ഓൾറൗണ്ടർ ഹാർദിക് പണ്ഡ്യ നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തും.തകർപ്പൻ സെഞ്ച്വറിയോടെ സൂര്യകുമാർ യാദവ് മധ്യനിരയിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രിത ബുമ്ര, പ്രസിദ്ധ് കൃഷ്ണ, യൂസ്വേന്ദ്ര ചഹൽ എന്നിവർക്കൊപ്പം ടീമിൽ സ്ഥാനം പിടിക്കാൻ അക്സർ പട്ടേലും രവീന്ദ്ര ജഡേയും തമ്മിലാണ് മത്സരം.
അതേസമയം ഗ്രായിൻ ഭാഗത്തേറ്റ പരിക്കിനെ തുടർന്ന് ഓവലിൽ നടക്കുന്ന ഏകദിന മത്സരത്തിൽ നിന്നും കോലി മാറി നിൽക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച വാർത്ത ഏജൻസിയായ പിടിഐയും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അവസാന ടി20യിൽ ഫീൽഡ് ചെയ്യുമ്പോഴാണ് കോലിക്ക് പരിക്കേൽക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
രണ്ടാമത്തേയും മൂന്നാമത്തേയും മത്സരത്തിലേക്ക് കോലി തിരിച്ചെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.കോലി ഇപ്പോഴും അവസാന ടി20 കളിച്ച നോട്ടിങ്ഹാമിൽ തുടരുകയാണ്. കൂടുതൽ പരിശോധനയ്ക്കായിട്ടാണ് കോലി നോട്ടിങ്ഹാമിൽ തുടരുന്നത്. കരിയറിലെ മോശം ഫോമിലാണ് കോലി. താരത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴാണ് പരിക്ക്.
സ്പോർട്സ് ഡെസ്ക്