ലോർഡ്സ്: ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ മനോഹാരിതയും, വീറും വാശിയും നിറഞ്ഞുനിന്ന മത്സരത്തിൽ വീരോചിത പോരാട്ടത്തിലൂടെ ഐതിഹാസിക വിജയം കുറിച്ച് ടീം ഇന്ത്യ. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ തോൽവിയുടെ വക്കിൽ നിന്നും പൊരുതിക്കയറിയാണ് 151 റൺസിന്റെ അവിസ്മരണീയ ജയം വിരാട് കോലിയും സംഘവും  സ്വന്തമാക്കിയത്1983 ൽ ഇന്ത്യൻ നായകൻ കപിൽദേവ് രാംലാൽ നികുഞ്ജ് ലോകകിരീടം ഏറ്റുവാങ്ങിയ കളിത്തട്ടിലിൽ മറ്റൊരു ഐതിഹാസിക വിജയം ഇന്ത്യ കുറിക്കുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്

ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 51.5 ഓവറിൽ 120 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. നാലു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് പിഴുത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്. ഒന്നാം ഇന്നിങ്‌സിൽ തകർപ്പൻ സെഞ്ചുറിയിലൂടെ ഇന്ത്യൻ ഇന്നിങ്‌സിന് കരുത്ത് പകർന്ന ലൊകേഷ് രാഹുലാണ് കളിയിലെ താരം. സ്‌കോർ ഇന്ത്യ 364, 298-8, ഇംഗ്ലണ്ട് 391, 120.

ആറിന് 181 റൺസുമായി അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ, അവിശ്വസനീയ ചെറുത്തുനിൽപ്പിലൂടെ മികച്ച ലീഡിലേക്കു നയിച്ച മുഹമ്മദ് ഷമി ജസ്പ്രീത് ബുമ്ര സഖ്യത്തിന്റെ ബാറ്റിങ് പ്രകടനത്തിനും കൊടുക്കണം കയ്യടി. പിരിയാത്ത ഒൻപതാം വിക്കറ്റിൽ 120 പന്തിൽ 89 റൺസ് കൂട്ടിച്ചേർത്ത ഇവരുടെ മികവിൽ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്ത് രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. 

272 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഓപ്പണർമാരെ വെറും ഒരു റണ്ണിനിടെ പുറത്താക്കി ഇരുവരും ബോളിങ്ങിലും ഇന്ത്യൻ വിജയക്കുതിപ്പിന് ഇന്ധനമേകി. 60 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 96 പന്തിൽ മൂന്നു ഫോറുകൾ സഹിതം 25 റൺസുമായി ചെറുത്തുനിന്ന ജോസ് ബട്‌ലർ ഒൻപതാമനായി പുറത്തായത് വഴിത്തിരിവായി. മുഹമ്മദ് സിറാജിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു. 42 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത മോയിൻ അലി, 35 പന്തിൽ ഒൻപതു റൺസെടുത്ത ഒലി റോബിൻസൺ എന്നിവരുടെ ചെറുത്തുനിൽപ്പും ഇന്ത്യൻ വിജയം വൈകിച്ചു.

അതേസമയം, റോറി ബേൺസ് (0), ഡൊമിനിക് സിബ്ലി (0), ഹസീബ് ഹമീദ് (9), ജോണി ബെയർ‌സ്റ്റോ (2), സാം കറൻ (0), ജയിംസ് ആൻഡേഴ്‌സൻ (0) എന്നിവർ നിരാശപ്പെടുത്തി. മുഹമ്മദ് സിറാജ് 10.5 ഓവറിൽ 32 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്‌ത്തിയത്. ബുമ്ര 15 ഓവറിൽ 33 റൺസ് വഴങ്ങി മൂന്നും ഇഷാന്ത് 10 ഓവറിൽ 13 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്‌ത്തി. ഷമി 10 ഓവറിൽ 13 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

ആവേശം അവസാന മണിക്കൂറിലേക്ക് നീണ്ട അഞ്ചാം ദിനം തുടങ്ങുമ്പോൾ ഇംഗ്ലണ്ടിനായിരുന്നു ജയസാധ്യത. തുടക്കത്തിലെ റിഷഭ് പന്തിനെ നഷ്ടമായതോടെ ജയമുറപ്പിച്ച ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഇന്ത്യ വാലിൽ കുത്തി തല ഉയർത്തി.

മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെയും പോരാട്ടവീര്യത്തിൽ തോൽക്കില്ലെന്ന് ഉറപ്പിച്ച ഇന്ത്യ പിന്നീട് ജയത്തിലേക്ക് പന്തെറിഞ്ഞു. അവസാന മണിക്കൂർ വരെ സമനിലക്കായി പൊരുതിയ ഇംഗ്ലണ്ടിനെ ഒടുവിൽ പേസ് കരുത്തിൽ എറിഞ്ഞിട്ട് ഇന്ത്യ ജയം കൈപ്പിടിയിലൊതുക്കി.  

272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടക്കത്തിലെ ഞെട്ടിച്ചാണ് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തുടങ്ങിയത്. ബുമ്രയുടെയും ഷമിയുടെയും ആദ്യ രണ്ടോവറിൽ തന്നെ ഓപ്പണർമാരായ റോറി, ബേൺസും(0), ഡൊമനിക് സിബ്ലിയും(0) ഡ്രസ്സിങ് റൂമിൽ തിരിച്ചെത്തി. ഹസീബ് ഹമീദിനെ(9) കൂട്ടുപിടിച്ച് ക്യാപ്റ്റൻ ജോ റൂട്ട് ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച തടയാൻ ശ്രമിച്ചെങ്കിലും ഹമീദിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഇഷാന്ത് ശർമ ആ പ്രതീക്ഷ പൊളിച്ചു. ചായക്ക് ടൊത്തു മുമ്പുള്ള അവസാന പന്തിൽ ജോണി ബെയർ‌സ്റ്റോയെ കൂടി വിക്കറ്റിന് മുന്നിൽ കുടുക്കി ഇഷാന്ത് ഏൽപ്പിച്ച ഇരട്ടപ്രഹരത്തിൽ ഇംഗ്ലണ്ട് പിന്നീട് കരകയറിയില്ല.

ജോ റൂട്ടിന്റെ ബാറ്റിംഗിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളത്രയും. എന്നാൽ ചായക്കുശേഷമുള്ള ആദ്യ ഓവറിൽ തന്നെ റൂട്ടിനെ വേരോടെ പിഴുത് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകകളിലെത്തിച്ച് ബുമ്ര ആ പ്രതീക്ഷയും എറിഞ്ഞിട്ടു. ജോസ് ബട്‌ലർ തുടക്കത്തിലെ നൽകിയ ക്യാച്ച് കോലി കൈവിട്ടെങ്കിലും മറുവശത്ത് മൊയിൻ അലിയെയും സാം കറനെയും നിലയുറപ്പിക്കാൻ അനുവദിക്കാതെ മുഹമ്മദ് സിറാജ് ഇന്ത്യയെ വിജയത്തോടെ അടുപ്പിച്ചു.

നേരത്തെ, ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ മുഹമ്മദ് ഷമി, ഉറച്ച പിന്തുണ നൽകിയ ജസ്പ്രീത് ബുമ്ര എന്നിവരുടെ മികവിലാണ് ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യ 272 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ 109.3 ഓവറിൽ എട്ടിന് 298 റൺസുമായി ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഷമി 56 റൺസോടെയും ബുമ്ര 34 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 120 പന്തിൽ 89 റൺസ്.

ഒരുവേള 200 റൺസ് ലീഡിനുള്ളിൽ ഒതുങ്ങുമെന്ന് കരുതിയ ഇന്ത്യയെ, ഒൻപതാം വിക്കറ്റിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ കൂട്ടുകെട്ടിലൂടെയാണ് ഷമിയും ബുമ്രയും ചേർന്ന് രക്ഷപ്പെടുത്തിയത്. ഇന്ത്യയ്ക്ക് മത്സരത്തിലാകെ 271 റൺസ് ലീഡായി. മത്സരത്തിലാകെ 70 പന്തുകൾ നേരിട്ട ഷമി ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 56 റൺസെടുത്തത്. മോയിൻ അലിക്കെതിരെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്‌സും നേടിയാണ് ഷമി ഐതിഹാസികമായി അർധസെഞ്ചുറി പിന്നിട്ടത്. 64 പന്തുകൾ നേരിട്ട ബുമ്ര മൂന്നു ഫോറുകളോടെ 34 റൺസുമെടുത്തു. ടെസ്റ്റ് കരിയറിൽ ഇരുവരുടെയും ഏറ്റവും മികച്ച സ്‌കോറുകളാണിത്.

ഋഷഭ് പന്ത് (46 പന്തിൽ 22), ഇഷാന്ത് ശർമ (24 പന്തിൽ 16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ. 146 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. കെ.എൽ. രാഹുൽ (3), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാർ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്‌ത്തി. 18 ഓവറിൽ 51 റൺസ് വഴങ്ങിയാണ് വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. മോയിൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.

14 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച പന്ത് ഒരു ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും, അധികം വൈകാതെ റോബിൻസണ് രണ്ടാം ഇന്നിങ്‌സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 46 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് പന്ത് 22 റൺസെടുത്തത്. ബൗണ്ടറികൾ കണ്ടെത്തി പ്രതീക്ഷ നൽകിയ ഇഷാന്ത് ശർമയെ റോബിൻസൺ എൽബിയിൽ കുരുക്കി. 24 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്ത ഇഷാന്ത് എൽബി തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ രക്ഷകരായി ബുമ്ര ഷമി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയത്.