- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജീവന്മരണ പോരാട്ടത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; 26 റൺസെടുത്ത രവീന്ദ്ര ജഡേജ ടോപ് സ്‌കോറർ; നൂറ് റൺസ് പിന്നിട്ടത് അവസാന ഓവറിൽ; ന്യൂസീലൻഡിന് 111 റൺസ് വിജയലക്ഷ്യം; തോറ്റാൽ സെമി സാധ്യത പരുങ്ങലിലാവും
ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എതിരെ ന്യൂസിലൻഡിന് 111 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 110 റൺസ് മാത്രം. 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. കിവികൾക്കായി ബോൾട്ട് മൂന്നും സോധി രണ്ടും മിൽനെയും സൗത്തിയും ഓരോ വിക്കറ്റും നേടി.
അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടി. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് മോശം തുടക്കമായിരുന്നു. സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാൻ കിഷനെ കെ എൽ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിങ്സ് തുടങ്ങിയത്. ഓപ്പണിങ് സഖ്യത്തിന് കൂട്ടിച്ചേർക്കാനായത് 11 റൺസ് മാത്രം. നാലു റൺസെടുത്ത കിഷനെ മൂന്നാം ഓവറിൽ തന്നെ ട്രെന്റ് ബോൾട്ട് മടക്കി. മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ കിഷൻ(4) മിച്ചലിന്റെ കൈകളിലെത്തി.
മൂന്നാമൻ രോഹിത് ശർമ്മയെ അവസാന പന്തിൽ ബൗണ്ടറിയിൽ മിൽനെ നിലത്തിട്ടു. പവർപ്ലേയിലെ അവസാന ഓവറിൽ രാഹുലിനെ(18) ടിം സൗത്തി മടക്കി. മിച്ചലിന് തന്നെയായിരുന്നു ഈ ക്യാച്ച്. നായകൻ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറിൽ 48-4 എന്ന നിലയിൽ പ്രതിസന്ധിയിലായി ഇന്ത്യ.
ക്രീസിലൊന്നിച്ച ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ 70 റൺസ് വരെയെത്തിച്ചു. 19 പന്തുകൾ നേരിട്ട് 12 റൺസ് മാത്രമെടുത്ത പന്തിനെ ആദം മിൽനെ ബൗൾഡാക്കി. 24 പന്തിൽ നിന്ന് 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ 19-ാം ഓവറിൽ ബോൾട്ട് മടക്കി. ഒരു ബൗണ്ടറി മാത്രമാണ് വെടിക്കെട്ട് താരമായ ഹാർദിക്കിന് നേടാനായത്. അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു.
നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തെ നിർണായക മത്സരത്തിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. ഇന്ത്യയ്ക്കെതിരേ ന്യൂസീലൻഡ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷൻ കളിക്കും. ഭുവനേശ്വർ കുമാറിന് പകരം ഷാർദുൽ താക്കൂറും ടീമിലെത്തി.
സ്പോർട്സ് ഡെസ്ക്