- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് രോഹിത്തും ഇഷാനും; മികച്ച ഫിനിഷർമാരായി ഹർഷൽ പട്ടേലും ദീപക് ചാഹറും; 20ാം ഓവറിൽ അടിച്ചുകൂട്ടിയത് 19 റൺസ്; ഇന്ത്യയ്ക്ക് എതിരെ ന്യൂസീലൻഡിന് 185 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ന്യൂസീലൻഡിന് 185 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായകൻ രോഹിത് ശർമയുടെയും അവസാന ഓവറുകൾ തകർത്തടിച്ച ദീപക് ചാഹർ, ഹർഷൽ പട്ടേൽ എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ഇന്ത്യൻ മധ്യനിരയ്ക്ക് സാധിച്ചില്ല. മധ്യനിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടു. വാലറ്റത്തിന്റെ ചെറുത്തുനിൽപ്പാണ് ടീം സ്‌കോർ 180 കടത്തിയത്. രോഹിത് 31 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 56 റൺസെടുത്തു. അവസാന ഓവറിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 19 റൺസടിച്ചുകൂട്ടിയ ദീപക് ചാഹറാണ് ഇന്ത്യൻ സ്‌കോർ 184 ൽ എത്തിച്ചത്.
ഇഷാൻ കിഷൻ (21 പന്തിൽ 29), ശ്രേയസ് അയ്യർ (20 പന്തിൽ 25), വെങ്കടേഷ് അയ്യർ (15 പന്തിൽ 20), ഹർഷൽ പട്ടേൽ (11 പന്തിൽ 18), ദീപക് ചാഹർ (എട്ടു പന്തിൽ പുറത്താകാതെ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സൂര്യകുമാർ യാദവ് (0), ഋഷഭ് പന്ത് (4) എന്നിവർ നിരാശപ്പെടുത്തി. അക്ഷർ പട്ടേൽ നാലു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത താൽക്കാലിക ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറിന്റെ പ്രകടനം ശ്രദ്ധേയമായി.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് നൽകിയത്. രാഹുലിനും അശ്വിനും വിശ്രമമനുവദിച്ച മത്സരത്തിൽ കിഷനും യൂസ്വേന്ദ്ര ചാഹലും ടീമിലിടം നേടി. കിഷനും രോഹിത്തും ആദ്യ ഓവർ തൊട്ട് ആക്രമിച്ചാണ് കളിച്ചത്. വെറും 5.1 ഓവറിൽ ടീം സ്‌കോർ 50 കടന്നു.
ബാറ്റിങ് പവർപ്ലേയിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഇഷാൻ കിഷന്റെ വിക്കറ്റ് വീഴ്‌ത്തി മിച്ചൽ സാന്റ്നർ കിവീസിന് പ്രതീക്ഷ പകർന്നു.
സാന്റ്നറുടെ പന്തിൽ ഷോട്ട് കളിക്കാൻ ശ്രമിച്ച കിഷന്റെ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പർ ടിം സീഫേർട്ടിന്റെ കൈയിലെത്തി. 21 പന്തുകളിൽ നിന്ന് ആറ് ഫോറുകളുടെ സഹായത്തോടെ 29 റൺസെടുത്താണ് കിഷൻ ക്രീസ് വിട്ടത്.
പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് പിടിച്ചുനിൽക്കാനായില്ല. നാല് പന്ത് നേരിട്ട താരം റൺസൊന്നുമെടുക്കാതെ സാന്റ്നർക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മാർട്ടിൻ ഗപ്റ്റിലാണ് സൂര്യകുമാറിനെ ക്യാച്ചെടുത്ത് പുറത്താക്കിയത്. സാന്റ്നറുടെ ഓവറിൽ രണ്ട് നിർണായക വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
സൂര്യകുമാറിന് പകരം ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാൽ സാന്റ്നറുടെ പന്തിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്ത് ജെയിംസ് നീഷാമിന് ക്യാച്ച് നൽകി മടങ്ങി. വെറും നാല് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 83 ന് മൂന്ന് എന്ന സ്‌കോറിലേക്ക് വീണു. പന്തിന് പകരം ശ്രേയസ്സ് അയ്യർ ക്രീസിലെത്തി.
ശ്രേയസ്സിനെ സാക്ഷിയാക്കി രോഹിത് അർധസെഞ്ചുറി നേടി. 27 പന്തുകളിൽ നിന്നാണ് രോഹിത് അർധശതകത്തിലെത്തിയത്. താരത്തിന്റെ കരിയറിലെ 26-ാം ട്വന്റി 20 അർധസെഞ്ചുറിയാണിത്. 11 ഓവറിൽ ഇന്ത്യ 100 റൺസ് മറികടന്നു.
എന്നാൽ തൊട്ടടുത്ത ഓവറിൽ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇഷ് സോധിയുടെ പന്തിൽ ഫോറടിക്കാൻ ശ്രമിച്ച രോഹിത് ബൗളർക്ക് തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങി. തകർപ്പൻ ക്യാച്ചിലൂടെയാണ് സോധി രോഹിത്തിനെ പുറത്താക്കിയത്. 31 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 56 റൺസെടുത്താണ് രോഹിത് ക്രീസ് വിട്ടത്.
രോഹിത് മടങ്ങിയതിനുപിന്നാലെ വെങ്കടേഷ് അയ്യർ ക്രീസിലെത്തി. ശ്രേയസും വെങ്കടേഷും ചേർന്ന് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ടീം സ്‌കോർ 139-ൽ നിൽക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച വെങ്കടേഷ് ട്രെന്റ് ബോൾട്ടിന്റെ പന്തിൽ മാർക്ക് ചാപ്പ്മാന് ക്യാച്ച് നൽകി മടങ്ങി. 15 പന്തുകളിൽ നിന്ന് 20 റൺസാണ് താരത്തിന്റെ സമ്പാദ്യം. തൊട്ടുത്ത ഓവറിൽ ശ്രേയസ് അയ്യരെ ആദം മിൽനെ മടക്കിയതോടെ ഇന്ത്യ തകർച്ചയിലേക്ക് വീണു.
മിൽനെയുടെ പന്തിൽ അനാവശ്യ ഷോട്ട് കളിച്ച ശ്രേയസ് ഡാരിൽ മിച്ചലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 20 പന്തുകളിൽ നിന്ന് 25 റൺസാണ് ശ്രേയസ്സിന്റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 140 ന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഏഴാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹർഷൽ പട്ടേലും അക്ഷർ പട്ടേലും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 17.3 ഓവറിലാണ് ഇന്ത്യ 150 കടന്നത്. ഹർഷൽ പട്ടേൽ രണ്ട് സിക്സടിച്ച് ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ ലോക്കി ഫെർഗൂസൻ എറിഞ്ഞ 19-ാം ഓവറിൽ ഹർഷൽ നിർഭാഗ്യവശാൽ ഹിറ്റ് വിക്കറ്റായി പുറത്തായി. 11 പന്തുകളിൽ നിന്ന് 18 റൺസാണ് ഹർഷൽ അടിച്ചെടുത്തത്.
ഹർഷലിന് പകരമെത്തിയ ദീപക് ചാഹറും അടിച്ചുതകർക്കാൻ തുടങ്ങി. ആദം മിൽനെ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ഫോറടിച്ച ചാഹർ നാലാം പന്തിൽ സിക്സ് നേടി. ചാഹർ വെറും എട്ട് പന്തിൽ നിന്ന് 21 റൺസെടുത്തും അക്ഷർ രണ്ട് റൺസെടുത്തും പുറത്താവാതെ നിന്നു. ന്യൂസീലൻഡിനുവേണ്ടി നായകൻ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആദം മിൽനെ, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്പോർട്സ് ഡെസ്ക്