- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു വിക്കറ്റുമായി അക്ഷർ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അശ്വിനും; കിവീസിനെ കറക്കി വീഴ്‌ത്തി ഇന്ത്യ; 296 റൺസിന് പുറത്ത്; കാൺപുർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 49 റൺസിന്റെ ലീഡ്; ശുഭ്മാൻ ഗിൽ തുടക്കത്തിൽ പുറത്ത്; മൂന്നാംദിനം ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ്
കാൺപുർ: കാൺപുർ ടെസ്റ്റിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് 49 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാംദിനം സ്പിന്നർമാരുടെ കരുത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ സന്ദർശകരെ 296 റൺസിന് പുറത്താക്കി. വിക്കറ്റ് നഷ്ടമില്ലാതെ 151 എന്ന ശക്തമായ നിലയിലായിരുന്നു കിവീസ്. എന്നാൽ കേവലം 145 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ അക്ഷർ പട്ടേലാണ് കിവീസിനെ തകർത്തത്. 62 റൺസ് വഴങ്ങിയാണ് അക്ഷർ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആർ. അശ്വിനും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണിങ് വിക്കറ്റിൽ 151 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ കിവീസിനെ മൂന്നാം ദിനം ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുക്കുന്നതാണ് കണ്ടത്.
രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മൂന്ന് പന്തിൽ ഒരു റൺസ് എടുത്ത് നിൽക്കെ ശുഭ്മാൻ ഗിൽ ജെയ്മിസണിന്റെ പന്തിൽ ബൗൾഡായി മടങ്ങി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 14 റൺസ് എന്ന നിലയിലാണ്. നാല് റൺസുമായി മായങ്ക് അഗർവാളും ഒൻപത് റൺസുമായി ചേതേശ്വർ പുജാരയുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് ആകെ 63 റൺസിന്റെ ലീഡായി.
ഓപ്പണർമാരായ ടോം ലാഥം (95), വിൽ യംഗ് (89) എന്നിവരൊഴികെ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇന്ത്യ ആദ്യ ഇന്നിങ്സിൽ 345 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ (105) സെ ഞ്ചുറി നേടിയിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിനുവേണ്ടി ഓപ്പണർമാരായ ലാഥവും വിൽ യങ്ങും മികച്ച ബാറ്റിങ് തന്നെ പുറത്തെടുത്തു.സ്‌കോർ 151-ൽ നിൽക്കേ വിൽ യങ്ങിനെ മടക്കി രവിചന്ദ്ര അശ്വിനാണ് ഇന്ത്യയ്ക്ക് നിർണായക ബ്രേക് ത്രൂ സമ്മാനിച്ചത്. 214 പന്തുകളിൽ നിന്ന് 89 റൺസെടുത്ത വിൽ യങ്ങിനെ അശ്വിൻ പകരക്കാരനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ലാഥത്തിനൊപ്പം 151 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് യങ് ക്രീസ് വിട്ടത്.
യങ്ങിന് പകരം നായകൻ കെയ്ൻ വില്യംസൺ ക്രീസിലെത്തി. വില്യംസണും നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് വില്യംസണെ വീഴ്‌ത്തി ഉമേഷ് യാദവ് ഇന്ത്യയ്ക്ക് പ്രതീക്ഷ പകർന്നു. 64 പന്തുകളിൽ നിന്ന് 18 റൺസെടുത്ത കിവീസ് നായകനെ ഉമേഷ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ മണ്ണിൽ സന്ദർശക ടീമിന്റെ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തുന്നത്. 2016-ൽ ഇംഗ്ലണ്ടിന്റെ അലെസ്റ്റയർ കുക്ക്-ഹസീബ് ഹമീദ് സഖ്യം ചെന്നൈയിൽ 103 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇന്ത്യയിൽ ന്യൂസീലൻഡ് ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത് ഏഴാം തവണ മാത്രമാണ്. ഇതിൽ രണ്ട് കൂട്ടുകെട്ടിലും ടോം ലാഥം പങ്കാളിയായി.
ഇന്ത്യയ്ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള റോസ് ടെയ്ലർക്കും ഇത്തവണ പിഴച്ചു. 11 റൺസെടുത്ത ടെയ്ലറെയും അക്ഷർ മടക്കി. പിന്നാലെയെത്തിയ ഹെന്റി നിക്കോൾസിനെയും മടക്കി അക്ഷർ കിവീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. വെറും രണ്ട് റൺസ് മാത്രമടെടുത്ത നിക്കോൾസിനെ അക്ഷർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
മികച്ച രീതിയിൽ മുന്നേറുകയായിരുന്ന ടോം ലാഥത്തിന്റെ ഊഴമായിരുന്നു അടുത്തത്. 282 പന്തുകളിൽ നിന്ന് 95 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് മടക്കിയത്. അക്ഷറിന്റെ പന്തിൽ ക്രീസിൽ നിന്നിറങ്ങി കളിക്കാൻ ശ്രമിച്ച ലാഥത്തിന് പിഴച്ചു. ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. 10 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ലാഥത്തിന്റെ ഇന്നിങ്സ്. 13 റൺസെടുത്ത അരങ്ങേറ്റക്കാരൻ രചിൻ രവീന്ദ്രയെ ജഡേജ ബൗൾഡാക്കി.
55 റൺസെടുക്കുന്നതിനിടെ വാലറ്റത്തെ നാല് വിക്കറ്റും ന്യൂസിലൻഡിന് നഷ്ടമായി. ടോം ബ്ലണ്ടലിനെ (13) അക്സർ ബൗൾഡാക്കി. സൗത്തിയും (5) അതേ രീതിയിൽ മടങ്ങി. കെയ്ൻ ജെയ്മിസണിനെ (23) അശ്വിൻ അക്സറിന്റെ കൈകളിലെത്തിച്ചു. വില്യം സോമർവില്ലയെ (5) പുറത്താക്കി അശ്വിൻ മൂന്ന് വിക്കറ്റ് പൂർത്തിയാക്കി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് പങ്കിട്ടു.
ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 345 റൺസിന് ഓൾ ഔട്ടായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യൻ താരമാണ് ശ്രേയസ്. ന്യൂസിലൻഡിനെതിരെ അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ശ്രേയസ്. 26 വയസും 355 ദിവസവുമാണ് ശ്രേയസിന്റെ പ്രായം. ഇന്ത്യക്കായി അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയായി താരം. 13 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു പാതിമലയാളിയായ ശ്രേയസിന്റെ ഇന്നിങ്‌സ്. ടിം സൗത്തിയുടെ പന്തിൽ വിൽ യംഗിന് ക്യാച്ച് നൽകിയാണ് ശ്രേയസ് മടങ്ങിയത്.
സ്പോർട്സ് ഡെസ്ക്