ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-ന്യൂസിലൻഡ് നിർണായക മത്സരത്തിന് തുടക്കം. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയിൽ ടിം സീഫെർട്ടിന് പകരം ആദം മിൽനെയെത്തി. ഇന്ത്യ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനെയും ഭുവിക്ക് പകരം ഷർദ്ദുൽ ഠാക്കൂറിനേയും ഉൾപ്പെടുത്തി. രോഹിത് ശർമ്മയ്ക്കൊപ്പം ഇഷാനാകും ഓപ്പൺ ചെയ്യുക.

ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമി സാധ്യതയ്ക്കായി ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങൾ ജയിച്ച പാക്കിസ്ഥാൻ ഗ്രൂപ്പിൽ നിന്ന് സെമി ബർത്ത് ഉറപ്പാക്കിയിട്ടുണ്ട്. പാക്കിസ്ഥാനൊപ്പം ഗ്രൂപ്പിൽ നിന്ന് ആരാണ് അവസാന നാലിലേക്ക് മാർച്ച് ചെയ്യുകയെന്ന് നിശ്ചയിക്കുന്ന ഇന്നത്തെ മത്സരത്തിന് ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ ആവേശം കൈവരും.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർപോരാട്ടം നടക്കുന്നത്്. ദുബായിൽ അവസാന പതിനെട്ട് കളിയിൽ പതിനാലിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവരാണ്. പരാജയം ലോകകപ്പിൽനിന്ന് പുറത്തേക്കുള്ള വഴിതുറക്കലാകാം. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും 2019 ഏകദിന ലോകകപ്പ് സെമിയിലും ന്യൂസീലൻഡിനോട് തോറ്റ ഇന്ത്യയ്ക്ക് പകരംവീട്ടാനുള്ള അവസരംകൂടിയാണിത്.

ആദ്യമത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് 10 വിക്കറ്റിന് തോറ്റപ്പോൾ ന്യൂസീലൻഡിന്റെ തോൽവി അഞ്ചുവിക്കറ്റിനായിരുന്നു. പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ഇന്ത്യ എന്നിവയാണ് രണ്ടാം ഗ്രൂപ്പിലെ പ്രധാന ടീമുകൾ. പോയന്റിൽ മുന്നിലെത്തുന്ന രണ്ടു ടീമുകൾ സെമിയിലെത്തും. ആദ്യ മൂന്നു കളി ജയിച്ച് പാക്കിസ്ഥാൻ സെമിയിലേക്ക് ഏറക്കുറെ അടുത്തു. ഇന്ത്യയ്ക്കും ന്യൂസീലൻഡിനും ഇതുവരെ പോയന്റില്ല. ഞായറാഴ്ച ജയിക്കുന്നവർക്ക് സെമിയിലേക്ക് വഴി തെളിയും.

ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ന്യൂസിലൻഡ്. ഇന്ത്യക്കെതിരെ വ്യക്തമായ ആധിപത്യമാണ് കിവീസിനുള്ളത്. എന്നാൽ ആകെ പോരാട്ടങ്ങളെടുത്താൽ ഇരു ടീമും ഒപ്പത്തിനൊപ്പം. ഏറ്റുമുട്ടിയ പതിനാറ് കളിയിൽ ഇരു ടീമിനും എട്ട് ജയം വീതമുണ്ട്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് കളിയിലും റൺ പിന്തുടർന്ന് മൂന്ന് കളിയിലുമാണ് ഇന്ത്യയുടെ ജയം.