- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട് ബുമ്ര; നടുവൊടിച്ച് ജഡേജ; വാലറ്റത്തെ ചുരുട്ടിക്കൂട്ടി ഷമിയും; സ്‌കോട്ലൻഡിനെ ചെറിയ സ്കോറിൽ തളച്ച് ഇന്ത്യ; 86 റൺസ് വിജയലക്ഷ്യം; സെമി പ്രതീക്ഷ നിലനിർത്താൻ വമ്പൻ ജയം അനിവാര്യം
ദുബായ്: ട്വന്റി 20 ലോകകപ്പിൽ സ്‌കോട്ലൻഡിനെതിരെ ഇന്ത്യക്ക് 86 റൺസ് വിജയലക്ഷ്യം.ടോസ് നഷ്ടപ്പെട്ട് ആദ്്യം ബാറ്റിംഗിന് ഇറങ്ങിയ സ്‌കോട്ലൻഡ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. 24 റൺസെടുത്ത ജോർജ് മുൻസെ ആണ് സ്‌കോട്ലൻഡിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.
ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്‌സിന് പറത്തിയും അശ്വിനെതിരെ തുടർച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണർ ജോർജ് മുൻസേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റൻ കെയ്ൽ കോയ്റ്റസറെ(1) ക്ലീൻ ബൗൾഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.
പവർ പ്ലേയിലെ അവസാന ഓവർ എറിയാനെത്തിയ മുഹമ്മദ് ഷമി മുൻസേയെ മനോഹരമായൊരു സ്ലോ ബോളിൽ ഹർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് സ്‌കോട്ലൻഡിന്റെ ആവേശം തണുപ്പിച്ചു. 19 പന്തിൽ നാലു ഫോറും ഒരു സിക്‌സും പറത്തിയ മുൻസേ 24 റൺസടിച്ചു.
മുൻസേ മടങ്ങിയതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ ഇരട്ടപ്രഹരത്തിലൂടെ സ്‌കോട്ലൻഡിനെ പ്രതിസന്ധിയിലാക്കി. വിക്കറ്റ് കീപ്പർ മാത്യു ക്രോസിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ റിച്ചി ബെറിങ്ടണെ(0) ജഡേജ ബൗൾഡാക്കി. ഇതോടെ സ്‌കോട്ലൻഡ് ഏഴോവറിൽ 28 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
ക്രീസിലൊന്നിച്ച ക്യാലം മക്ലിയോഡ്-മൈക്കിൾ ലീസ്‌ക് സഖ്യം സ്‌കോട്ലൻഡ് ടീം സ്‌കോർ 50 കടത്തി. 10.2 ഓവറിലാണ് സ്‌കോട്ലൻഡ് 50 കടന്നത്. ഷമിയുടെ ഓവറിൽ സിക്സും ഫോറുമടിച്ച് ലീസ്‌ക് ഫോമിലേക്കുയർന്നെങ്കിലും തൊട്ടടുത്ത ഓവറിൽ താരം പുറത്തായി. 12 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ലീസ്‌കിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി.
ലീസ്‌കിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. പക്ഷേ ഗ്രീവ്സിനും പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത ഗ്രീവ്സിനെ അശ്വിൻ ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. ഇതോടെ സ്‌കോട്ലൻഡ് 63 റൺസിന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഗ്രീവ്സിന് പകരം മാർക്ക് വാട്ടാണ് ക്രീസിലെത്തിയത്.
മക്ലിയോഡും വാട്ടും ചേർന്ന് ടീം സ്‌കോർ 81-ൽ എത്തിച്ചു. എന്നാൽ മക്ലിയോഡിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ ആദ്യ പന്തിൽ 16 റൺസെടുത്ത മക്ലിയോഡിനെ ഷമി ക്ലീൻ ബൗൾഡാക്കി. മക്ലിയോഡിന് പകരം ക്രീസിലെത്തിയ സഫിയാൻ ഷറീഫ് നേരിട്ട ആദ്യ പന്തിൽ തന്നെ റൺ ഔട്ടായി. സബ്ബായി ഇറങ്ങിയ ഇഷാൻ കിഷനാണ് താരത്തെ റൺ ഔട്ടാക്കിയത്. പിന്നാലെ വന്ന അലസ്ഡയർ ഇവാൻസിനെ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡാക്കി ഷമി സ്‌കോട്ലൻഡിന്റെ ഒൻപതാം വിക്കറ്റെടുത്തു.
ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിൽ വാട്ടിനെ ക്ലീൻ ബൗൾഡാക്കി ബുംറ സ്‌കോട്ലൻഡിനെ 85 റൺസിന് ഓൾ ഔട്ടാക്കി. ഈ വിക്കറ്റോടെ ജസ്പ്രീത് ബുംറ പുതിയൊരു റെക്കോഡ് സ്വന്തമാക്കി.
അന്താരാഷ്ട്ര ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്