- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജന്മദിനത്തിൽ കോലിക്ക് ലഭിച്ച ടോസ് ഭാഗ്യം; സ്‌കോട്ലൻഡിനെ എറിഞ്ഞു വീഴ്ത്തിയത് 85 റൺസിന്; 86 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തിൽ മറികടന്ന് ഇന്ത്യ; അതിവേഗ ജയത്തോടെ നെറ്റ് റൺറേറ്റിലും കുതിപ്പ്; അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാമത്; ഇനി നിർണായകം, ന്യൂസിലൻഡ് - അഫ്ഗാനിസ്ഥാൻ മത്സരം
ദുബായ്:ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ലൻഡിനെ എട്ട് വിക്കറ്റിന് കീഴടക്കി സെമി പ്രതീക്ഷ നിലനിർത്തി ഇന്ത്യ. സ്‌കോട്ലൻഡ് ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം ഇന്ത്യ 6.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഈ വിജയത്തോടെ ഇന്ത്യ നെറ്റ് റൺറേറ്റിൽ അഫ്ഗാനിസ്താനെ മറികടന്ന് ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്തെത്തി. സ്‌കോർ: സ്‌കോട്ലൻഡ് 17.4 ഓവറിൽ 85 റൺസിന് ഓൾ ഔട്ട്, ഇന്ത്യ 6.3 ഓവറിൽ രണ്ട് വിക്കറ്റിന് 89.
ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ സെമി പ്രതീക്ഷ നിലനിർത്താൻ കൂറ്റൻ വിജയങ്ങൾ അനിവാര്യമായ ഇന്ത്യ, തുടർച്ചയായ രണ്ടാം മത്സരത്തിലും ആ ലക്ഷ്യം നിറവേറ്റി. നെറ്റ് റൺറേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തിൽ ലക്ഷ്യത്തിലെത്തി! പോയിന്റിന്റെ കാര്യത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കു മുന്നിലുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഇന്ത്യയാണ് ഇപ്പോൾ ഒന്നാമത്.
86 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി കെ.എൽ.രാഹുലും രോഹിത് ശർമയും ചേർന്നാണ് ഓപ്പൺ ചെയ്തത്. 7.1 ഓവറിനുള്ളിൽ വിജയം നേടിയാൽ അഫ്ഗാനിസ്താനെ നെറ്റ് റൺ റേറ്റിൽ മറികടക്കാനാകും എന്നതിനാൽ രാഹുലും രോഹിത്തും ആക്രമിച്ചാണ് കൽച്ചത്. ആദ്യ മൂന്നോവറിൽ തന്നെ ഇന്ത്യ 39 റൺസടിച്ചു.
സ്‌കോട്ലൻഡ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് രാഹുലും രോഹിതും 3.5 ഓവറിൽ ടീം സ്‌കോർ 50 കടത്തി. എന്നാൽ അഞ്ചാം ഓവറിലെ അവസാന പന്തിൽ രോഹിത് പുറത്തായി. 16 പന്തുകളിൽ നിന്ന് 30 റൺസെടുത്ത രോഹിത്തിനെ ബ്രാഡ് വീൽ വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ വിക്കറ്റിൽ രാഹുലിനൊപ്പം 70 റൺസ് കൂട്ടിച്ചേർത്താണ് രോഹിത് ക്രീസ് വിട്ടത്.
ഈ ലോകകപ്പിലെ അതിവേഗ അർധസെഞ്ചുറി കുറിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് ഇന്ത്യയുടെ ചേസിങ് അനായാസമാക്കിയത്. 19 പന്തിൽ ആറു ഫോറും മൂന്നു പടുകൂറ്റൻ സിക്‌സറും സഹിതം രാഹുൽ നേടിയത് 50 റൺസ്. 18 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് രാഹുൽ പുറത്തായത്.
ഇരുവരും പുറത്തായെങ്കിലും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റൻ വിരാട് കോലിയും രണ്ടു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാർ യാദവ് തകർപ്പൻ സിക്സടിച്ചാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വെറും 6.3 ഓവറിലാണ് ഇന്ത്യ വിജയത്തിലെത്തിയത്.
ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ലൻഡിനെ വെറും 85 റൺസിന് ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. 24 റൺസെടുത്ത ഓപ്പണർ ജോർജ് മൻസിയാണ് സ്‌കോട്ലൻഡിന്റെ ടോപ്സ്‌കോറർ.
സ്‌കോട്ലൻഡിനുവേണ്ടി നായകൻ കൈൽ കോട്സറും ജോർജ് മൻസിയും ചേർന്നാണ് ഓപ്പൺ ചെയ്തത്. മൻസി അനായാസം ബാറ്റ് ചലിപ്പിച്ചപ്പോൾ കോട്സർക്ക് താളം കണ്ടെത്താനായില്ല. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ വെറും ഒരു റൺസ് മാത്രമെടുത്ത കോട്സറെ ജസ്പ്രീത് ബുംറ ക്ലീൻ ബൗൾഡാക്കി. ടീം സ്‌കോർ 13 റൺസിലെത്തിയപ്പോഴാണ് കോട്സർ മടങ്ങിയത്. ആ ഓവറിൽ ബുംറ റൺസ് വഴങ്ങിയില്ല.
കോട്സറിന് പകരം മാത്യു ക്രോസ് ക്രീസിലെത്തി. നാലാം ഓവറെറിഞ്ഞ അശ്വിനെ തുടർച്ചയായി മൂന്നുതവണ ബൗണ്ടറി കടത്തി മൻസി ടീം സ്‌കോർ ഉയർത്തി. എന്നാൽ അപകടകാരിയായ മൻസിയെ പുറത്താക്കി മുഹമ്മദ് ഷമി സ്‌കോട്ലൻഡിന്റെ രണ്ടാം വിക്കറ്റെടുത്തു. 19 പന്തുകളിൽ നിന്ന് 24 റൺസെടുത്ത മൻസിയെ ഷമി ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. ആറാം ഓവർ ഷമി മെയ്ഡനാക്കി.
മൻസിക്ക് പകരം ബെറിങ്ടൺ ക്രീസിലെത്തി. ബാറ്റിങ് പവർപ്ലേയിൽ സ്‌കോട്ലൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് മാത്രമാണ് എടുത്തത്. നിലയുറപ്പിക്കും മുൻപ് ബെറിങ്ടണെ ക്ലീൻ ബൗൾഡാക്കി ജഡേജ സ്‌കോട്ലൻഡിനെ തകർച്ചയിലേക്ക് തള്ളിയിട്ടു. റൺസെടുക്കാതെയാണ് താരം മടങ്ങിയത്. അതേ ഓവറിൽ രണ്ട് റൺസ് മാത്രമെടുത്ത ക്രോസിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജഡേജ കൊടുങ്കാറ്റായി മാറി.ഇതോടെ സ്‌കോട്ലൻഡ് ഏഴോവറിൽ 28 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നീട് ക്രീസിലൊന്നിച്ച ക്യാലം മക്ലിയോഡ്-മൈക്കിൾ ലീസ്‌ക് സഖ്യം സ്‌കോട്ലൻഡ് ടീം സ്‌കോർ 50 കടത്തി. 10.2 ഓവറിലാണ് സ്‌കോട്ലൻഡ് 50 കടന്നത്. ഷമിയുടെ ഓവറിൽ സിക്സും ഫോറുമടിച്ച് ലീസ്‌ക് ഫോമിലേക്കുയർന്നെങ്കിലും തൊട്ടടുത്ത ഓവറിൽ താരം പുറത്തായി. 12 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ലീസ്‌കിനെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കി.
ലീസ്‌കിന് പകരം ക്രിസ് ഗ്രീവ്സ് ക്രീസിലെത്തി. പക്ഷേ ഗ്രീവ്സിനും പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത ഗ്രീവ്സിനെ അശ്വിൻ ഹാർദിക് പാണ്ഡ്യയുടെ കൈയിലെത്തിച്ചു. ഇതോടെ സ്‌കോട്ലൻഡ് 63 റൺസിന് ആറ് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ഗ്രീവ്സിന് പകരം മാർക്ക് വാട്ടാണ് ക്രീസിലെത്തിയത്.
മക്ലിയോഡും വാട്ടും ചേർന്ന് ടീം സ്‌കോർ 81-ൽ എത്തിച്ചു. എന്നാൽ മക്ലിയോഡിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. 17-ാം ഓവറിലെ ആദ്യ പന്തിൽ 16 റൺസെടുത്ത മക്ലിയോഡിനെ ഷമി ക്ലീൻ ബൗൾഡാക്കി. മക്ലിയോഡിന് പകരം ക്രീസിലെത്തിയ സഫിയാൻ ഷറീഫ് നേരിട്ട ആദ്യ പന്തിൽ തന്നെ റൺ ഔട്ടായി. സബ്ബായി ഇറങ്ങിയ ഇഷാൻ കിഷനാണ് താരത്തെ റൺ ഔട്ടാക്കിയത്. പിന്നാലെ വന്ന അലസ്ഡയർ ഇവാൻസിനെ മൂന്നാം പന്തിൽ ക്ലീൻ ബൗൾഡാക്കി ഷമി സ്‌കോട്ലൻഡിന്റെ ഒൻപതാം വിക്കറ്റെടുത്തു.
ഹാട്രിക്കല്ലെങ്കിലും ഷമിയെറിഞ്ഞ 17-ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിലും വിക്കറ്റ് വീണു. തൊട്ടടുത്ത ഓവറിൽ വാട്ടിനെ ക്ലീൻ ബൗൾഡാക്കി ബുംറ സ്‌കോട്ലൻഡിനെ 85 റൺസിന് ഓൾ ഔട്ടാക്കി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ് സ്‌കോട്ലൻഡിന്റേത്. 2012 ലോകകപ്പിൽ കൊളംബോയിൽ വെറും 80 റൺസിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്‌കോറിന്റെ നാണക്കേട്. 2014 ലോകകപ്പിൽ മിർപുരിൽ 86 റൺസിനു പുറത്തായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തായി.
ഈ വിക്കറ്റോടെ ജസ്പ്രീത് ബുംറ പുതിയൊരു റെക്കോഡ് സ്വന്തമാക്കി. അന്താരാഷ്ട്ര ട്വന്റി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്‌ത്തിയ താരം എന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയത്. യൂസ്വേന്ദ്ര ചാഹലിനെയാണ് ബുംറ മറികടന്നത്.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാലോവറിൽ വെറും 15 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് സ്വന്തമാക്കി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോൾ രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്