സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസത്തെ കളി ശേഷിക്കെ ആദ്യ ടെസ്റ്റ് ജയിക്കാൻ ഇന്ത്യയ്ക്ക് ഇനി വേണ്ടത് ആറ് വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടത് 211 റൺസ് കൂടി. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലാണ്. സ്‌കോർ ഇന്ത്യ: 327,174; ദക്ഷിണാഫ്രിക്ക: 197, 94 - 4.

അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഡീൻ എൽഗർ പ്രതിരോധം തീർത്ത് ക്രീസിലുണ്ട്. 122 പന്തിൽ ഏഴു ഫോറടക്കം എൽഗർ 52 റൺസെടുത്തിട്ടുണ്ട്. അവസാന ദിനം ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പ്രോട്ടീസ് എത്ര നേരം പിടിച്ചുനിൽക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സെഞ്ചൂറിയനിൽ നാലാം ദിനം ഇന്ത്യൻ പേസർമാർ കളംപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഓവറിൽ തന്നെ ഏയ്ഡൻ മാർക്രമിന്റെ (1) കുറ്റി പിഴുത ഷമി വിക്കറ്റ് വേട്ട തുടങ്ങിവെച്ചു. പിന്നാലെ 36 പന്തുകൾ പ്രതിരോധിച്ച കീഗൻ പീറ്റേഴ്സനെ സിറാജ് മടക്കി.

മൂന്നാം വിക്കറ്റിൽ എൽഗറിനൊപ്പം ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച റാസ്സി വാൻഡെർ ദസ്സന്റെ ഊഴമായിരുന്നു അടുത്തത്. 65 പന്തിൽ നിന്ന് 11 റൺസെടുത്ത താരത്തെ ബുംറ മടക്കുകയായിരുന്നു. തുടർന്ന് കേശവ് മഹാരാജിനെയും (8) ബുംറ മടക്കിയതിനു പിന്നാലെ അമ്പയർമാർ നാലാം ദിവസത്തെ കളി നിർത്തി.

ടെസ്റ്റിന്റെ 4ാം ദിവസം ഇന്ത്യൻ ഇന്നിങ്‌സ് 174 റൺസിന് അവസാനിച്ചിരുന്നു. 305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 4 വിക്കറ്റിന് 94 എന്ന സ്‌കോറിലാണ് 4ാം ദിവസത്തെ കളി അവസാനിപ്പിച്ചത്. 11.5 ഓവറിൽ 22 റൺസിനു 2 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, 29 റൺസിന് ഒരു വിക്കറ്റെടുത്ത മുഹമ്മദ് ഷമി, 25 റൺസിന് ഒരു വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് എന്നീ പേസർമാർ ഇന്ത്യയ്ക്കായി തിളങ്ങി.



ഏയഡൻ മാർക്രിത്തിന്റെ (1) വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. മാർക്രത്തെ ഷമി ബോൾഡാക്കുകയായിരുന്നു. കീഗാൻ പീറ്റേഴ്‌സനെ (17) സിറാജാണു പുറത്താക്കിയത്. 3ാം വിക്കറ്റിൽ 40 റൺസ് ചേർത്ത ഏയ്ഡൻ മാർക്രം റസ്സി വാൻ ഡർ ദസ്സൻ സഖ്യം അൽപനേരം ഇന്ത്യയ്ക്കു തലവേദനയായി. എന്നാൽ മത്സരം അവസാനിക്കുന്നതിനു മുൻപ് വാൻ ഡർ ദസ്സൻ (11), നൈറ്റ് വാച്ച്മാൻ കേശവ് മഹാരാജ് (8) എന്നിവരെ പുറത്താക്കിയ ബുമ്ര ഇന്ത്യയ്ക്കു മേൽക്കൈ തിരികെ നൽകി. ഇരുവരെയും ബുമ്ര ബോൾഡാക്കുകയായിരുന്നു. അർധ സെഞ്ചുറിയോടെ ക്രീസിലുള്ള ക്യാപ്റ്റൻ ഡീൻ എൽഗാറിലാണ് (52) ദക്ഷിണാഫ്രിക്കയുടെ ഇനിയുള്ള പ്രതീക്ഷകൾ.

നേരത്തെ, ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എന്ന സ്‌കോറിൽ 4ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിനു മുന്നിൽ പിടിച്ചു നൽക്കാനായില്ല. കഗീസോ റബാദ 42 റൺസും, മാർക്കോ യാൻസെൻ 55 റൺസും വഴങ്ങി 4 വിക്കറ്റ് വീതം വീഴ്‌ത്തി. ലുങ്കി എൻഗിഡി 31 റൺസിനു 2 വിക്കറ്റെടുത്തു. ഋഷഭ് പന്താണ് (34) ഇന്ത്യൻ ടോപ് സ്‌കോറർ.

ശാർദൂൽ ഠാക്കൂർ (10), കെ.എൽ. രാഹുൽ (23) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായത്. 3 വിക്കറ്റിന് 79 എന്ന സ്‌കോറിലാണ് ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. ലഞ്ചിനു ശേഷമുള്ള ആദ്യ പന്തിൽത്തന്നെ ക്യാപ്റ്റൻ വിരാട് കോലി (18) പുറത്തായി. ചേതേശ്വർ പൂജാര (16), അജിൻക്യ രഹാനെ (20) എന്നിവരുടെ ഇന്നിങ്‌സുകളും നീണ്ടില്ല.

ആർ. അശ്വിൻ (14), മുഹമ്മദ് ഷമി (1), ജസ്പ്രീത് ബുമ്ര (7 നോട്ടൗട്ട്), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയാണ് വാലറ്റത്തിന്റെ പ്രകടനം. 27 റണ്ണുകൾ എക്‌സ്ട്രായായി നൽകിയ ദക്ഷിണാഫ്രിക്കൻ പേസർമാരുടെ 'സഹായവും' ഇന്ത്യൻ ടോട്ടലിൽ നിർണായകമായി. നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ കാഗിസോ റബാദയും മാർക്കോ യാൻസനുമാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ 174-ൽ ഒതുക്കിയത്.