പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന് നടക്കും. പോർട്ട് ഓഫ് സ്‌പെയിനിലെ ക്യൂൻസ് പാർക്ക് ഓവലിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ ഏകദിനത്തിൽ മൂന്ന് റൺസിന് ജയിച്ച ഇന്ത്യക്ക് ഇന്ന് വിജയിച്ചാൽ ഒരു മത്സരം ബാക്കിനിൽക്കേ പരമ്പര സ്വന്തമാക്കാം.

കരീബിയൻ മണ്ണിൽ ഇന്ത്യയുടെ ഭാഗ്യവേദിയായ ക്യൂൻസ് പാർക് ഓവലിൽ ഏകദിന പരമ്പര സ്വന്തമാക്കാൻ ശിഖർ ധവാനും സംഘവും ഇറങ്ങുകയാണ്. തുടർതോൽവികളിൽ നിന്ന് കരകയറി പ്രതീക്ഷ നിലനിർത്താൻ നിക്കോളാസ് പുരാന്റെ വിൻഡീസ് തയ്യാറെടുക്കുന്നു. ക്യാപ്റ്റൻ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർധസെഞ്ചുറികളുടെ കരുത്തിലാണ് ആദ്യ കളിയിൽ ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

സൂര്യകുമാർ യാദവും സഞ്ജു സാംസണും ദീപക് ഹൂഡയും ഉൾപ്പെട്ട മധ്യനിര കൂടി അവസരത്തിനൊത്തുയർന്നാൽ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല.അക്സർ പട്ടേൽ, ഷർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ മത്സരത്തിലെ ബൗളിങ് നിര.പരിക്കേറ്റ രവീന്ദ്ര ജഡേജ ഇന്നും കളിക്കില്ലെന്ന് ഉറപ്പാണ്.

ക്യൂൻസ് പാർക്ക് ഓവലിലെ ഔട്ട്ഫീൽഡിന് നല്ല വേഗമുണ്ട് എന്നത് ബാറ്റർമാർക്ക് അനുകൂലമായ ഘടകമാണ്. ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ഏഴും വിൻഡീസിന്റെ ആറും വിക്കറ്റുകളാണ് ഇവിടെ വീണത്. ക്യൂൻസ് പാർക്ക് ഓവലിലെ ശരാശരി ആദ്യ ഇന്നിങ്സ് സ്‌കോർ 218 ആണ്. രണ്ടാം ഇന്നിങ്സിലേത് 179 ഉം. 2007ൽ ബർമുഡയ്ക്കെതിരെ ഇന്ത്യ 413 റൺസടിച്ചത് ഇതേ വേദിയിലാണ്. ഇതാണ് ക്യൂൻസ് പാർക്ക് ഓവലിലെ ഉയർന്ന ടീം ടോട്ടലും. കുറഞ്ഞ സ്‌കോറിന്റെ റെക്കോർഡ് കാനഡയുടെ പേരിലാണ്. സിംബാബ്വേക്കെതിരെ 2006ൽ കാനഡ 75 റൺസിൽ പുറത്തായതാണ് ഇവിടുള്ള കുറഞ്ഞ സ്‌കോർ.

അതേസമയം പാക്കിസ്ഥാനോടും ബംഗ്ലാദേശിനോടും തുടർച്ചയായ ആറ് ഏകദിനത്തിൽ തോറ്റ വിൻഡീസ് ഇന്ത്യക്കെതിരെ 300 റൺസിലേറെ നേടിയെന്ന ആശ്വാസത്തിലാണ്. ബാറ്റർമാരുടെ പ്രകടനം തന്നെയാവും ഇന്നും വിൻഡീസിന് നിർണായകമാവുക. ക്യൂൻസ് പാർക്ക് ഓവലിൽ പന്ത്രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ ജയിച്ചു. ഏഷ്യയ്ക്ക് പുറത്ത് ഇന്ത്യ ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള രണ്ടാമത്തെ വേദിയും ഇതുതന്നെ.