ന്യൂഡൽഹി: കൊറോണ വൈറസ് പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനത്തിൽ ആശങ്ക ഉയർന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് സാധാരണഗതിയിൽ ഡിസംബർ 15 മുതൽ പുനരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനം. വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് ഇന്ത്യ മരവിപ്പിച്ചു.

ഒമിക്രോണിനെ പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതല അവലോകനയോഗത്തിൽ അദ്ദേഹം തന്നെയാണ് സിവിൽ വ്യോമയാന മന്ത്രാലയത്തോട് വിദേശ സർവീസുകൾ പുനഃരാരംഭിക്കുന്നത് പരിശോധിക്കാൻ നിർദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

ഈ മാസം 15 മുതൽ അന്തരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നവംബർ 26ന് അറിയിച്ചിരുന്നു. എന്നാൽ യൂറോപ്പിലും സൗദിയിലുമടക്കം ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസ് സാധാരണ നിലയിൽ ഉടൻ ആരംഭിക്കേണ്ടെന്നാണ് ഇപ്പോഴത്തെ നിലപാട്. സർവീസ് എപ്പോൾ ആരംഭിക്കണമെന്ന കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാകും. നിലവിൽ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് കർശന പരിശോധനയും സമ്പർക്ക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.

നിലവിലെ എയർ ബബിൾ സംവിധാനത്തിൽ വ്യോമഗതാഗതം തുടരാനാണ് തീരുമാനം. ആഗോള സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായി തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 20 മാസമായി സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.

റിസ്‌ക് രാജ്യങ്ങളുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധിച്ച് നെഗറ്റീവ് ആകുന്നവരെ മാത്രമേ പുറത്തേക്ക് വിടാവൂ എന്നതടക്കമുള്ള മാർഗ നിർദേശങ്ങളാണ് നൽകിയത്. റിസ്‌ക് പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ റാൻഡമായിട്ടാണ് പരിശോധന. ലക്ഷണമുള്ളവരും ഫലം പോസീറ്റായവരും കർശനമായി ക്വാറന്റൈൻ പാലിക്കണം. അതിന് പുറമെ, വിമാനത്താവളങ്ങളും അവരുടേതായ നിബന്ധനകൾ മുന്നോട്ടുവെക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നെത്തിയ ആറുപേരുടെ ഫലം പോസിറ്റീവായിട്ടുണ്ട്. ഇവരുടെ സാമ്പിൾ സ്ഥിരീകരിക്കുന്നതിനായി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ഡൽഹിയിലെത്തിയ നാല് യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർ നാല് പേരും ഔമൈക്രോൺ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലെത്തിയ ആറ് യാത്രക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രതിരോധ നടപടികൾ കർശനമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. കോവിഡിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോൺ വകഭേദം. രണ്ട് ഡോസ് വാക്സിനെടുത്താലും പ്രതിരോധശേഷിയെ ഭേദിക്കാൻ ഒമിക്രോൺ വകഭേദത്തിന് കഴിയും എന്നതാണ് ഇതിനെ കൂടുതൽ അപകടകാരിയാക്കുന്നത്.