- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചികിത്സാ പിഴവുകൾക്ക് ഇരട്ടി പിഴസംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് ; ബിൽ പ്രകാരം ജില്ലാ തലത്തിൽ ഒരു കോടി വരെയും സംസ്ഥാന തലത്തിൽ പത്തു കോടി വരെയും വിധിക്കാമെന്ന് വിശദീകരണം ! വ്യാജ പരാതികളുടെ എണ്ണം കൂടുമെന്നും വിധിയുടെ പകുതി തുക കെട്ടിവയ്ക്കണമെന്നുള്ളത് അപ്പീൽ അസാധ്യമാക്കുമെന്നും ഡോക്ടർമാർ
കണ്ണൂർ: ചികിത്സാ പിഴവുകൾക്ക് ഇരട്ടി സംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത്. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ.യും ക്യു.പി.എംപി.എ.യുമാണ് പ്രതിഷേധവുമായി രംഗത്തത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ ഡോക്ടർമാരും ഇന്ന് പ്രതിഷേധദിനം ആചരിക്കും.ഡിസംബർ 20-ന് പാർലമെന്റ്് മുത്തലാക്ക് ബില്ലിന്റെ പേരിൽ കലുഷിതമായിരുന്നപ്പോൾ ചർച്ചകൂടാതെ ജനാധിപത്യവിരുദ്ധമായി ഉപഭോക്തൃബിൽ അംഗീകരിക്കുകയായിരുന്നുവെന്ന് ക്യു.പി.എംപി.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സി.എം.അബൂബക്കർ പറയുന്നു.
പുതിയ ഉപഭോക്തൃ സംരക്ഷണ ബില്ലിൽ 1986-ലെ ബില്ലിൽ പറഞ്ഞ പിഴസംഖ്യ പതിന്മടങ്ങു കൂട്ടിയിരിക്കുകയാണ്. ചികിത്സപ്പിഴവുകൾക്ക് ഉപഭോക്തൃകോടതികൾ നേരത്തേതന്നെ വലിയ പിഴത്തുകയാണ് വിധിക്കാറ്്. ഇപ്പോൾ ജില്ലാതലത്തിൽ ഒരുകോടിവരെയും സംസ്ഥാനതലത്തിൽ 10 കോടി വരെയും ദേശീയ കമ്മിഷന് 10 കോടിക്ക് മേലെയും വിധിക്കാമെന്നാണു ബില്ലിൽ പറയുന്നത്. ഇതുകാരണം വ്യാജപരാതികളുടെ എണ്ണം കൂടും. അപ്പീൽ പോകണമെങ്കിൽ ആദ്യം വിധിച്ച സംഖ്യയുടെ പകുതി കെട്ടിവെക്കണമെന്നും നിയമമുണ്ട്. ഇത് അപ്പീൽ അസാധ്യമാക്കും -അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതിയുടെ 2009ലെ വിധി പ്രകാരം ഡോക്ടർമാർക്കെതിരേയുള്ള ചികിത്സപ്പിഴവ്-ചികിത്സനിഷേധ കേസുകളിൽ വിദഗ്ധാഭിപ്രായം തേടണമെന്നുള്ളത് പുതിയ ബില്ലിൽ കാണുന്നില്ല. ഉപഭോക്തൃ അഥോറിറ്റിയുടെ വിധി പാലിച്ചിട്ടില്ലെങ്കിൽ 2000 രൂപ പിഴ എന്നത് 25,000 മുതൽ ആറുലക്ഷം രൂപവരെ കൂട്ടാനാണ് പുതിയ ബില്ലിൽ നിർദ്ദേശിച്ചിട്ടുള്ളത്.
ദേശീയ ഉപഭോക്തൃ ബിൽ
ദേശീയ ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ജില്ലതലം മുതൽ ദേശീയതലം വരെ നിലവിൽവരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. ഉപഭോക്തൃ കോടതികളുടെ വിധികളുടെ ആനുകൂല്യം ഒന്നിലധികം ഉപഭോക്താക്കൾക്ക് കൂട്ടായി ലഭിക്കാനുള്ള ഫലപ്രദമായ വ്യവസ്ഥ നിലവിലുള്ള നിയമത്തിലില്ല. ഒരാൾക്ക് ലഭിച്ച അനുകൂല വിധിയുടെ പ്രയോജനം ഇതര ഉപഭോക്താക്കൾക്കുകൂടി ലഭ്യമാക്കുകയാണ് 'ക്ലാസ് ആക്ഷൻ'. ഇതിനായി, വിദേശ രാജ്യങ്ങളിലേതുപോലെ ശക്തമായ വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ട്. ഉൽപന്ന ബാധ്യതയെന്ന വ്യവസ്ഥയും നടാടെയാണ് ഇന്ത്യൻ നിയമത്തിൽ അവതരിപ്പിക്കുന്നത്.
നിലവാരം കുറഞ്ഞ ഉൽപന്നങ്ങളും സേവനങ്ങളും മൂലം ഉപഭോക്താവിനുണ്ടാവുന്ന കഷ്ടനഷ്ടങ്ങൾക്ക് നിർമ്മാതാവും വിൽപനക്കാരനും ഇനി സമാധാനം പറയണം. നഷ്ടപരിഹാരം നൽകുകയും വേണം. ഓൺലൈൻ വ്യാപാര മേഖലയെക്കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതിലൂടെ വലിയ മാറ്റമാകും ഉണ്ടാകുക. തർക്കപരിഹാരത്തിന് മാധ്യസ്ഥ്യ സംവിധാനം ഏർപ്പെടുത്തുകയെന്നതും ആദ്യമാണ്. കേസുകൾ രമ്യമായി പരിഹരിക്കാൻ മീഡിയേഷൻ സെല്ലിനു കൈമാറും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ശക്തമായ നടപടി ഇനി ഉണ്ടാകും. ഗുണനിലവാരം കുറഞ്ഞതും അപകടകരവുമായ ഉൽപന്നങ്ങൾ കമ്പോളത്തിൽനിന്നും തിരിച്ചുവിളിക്കാൻ അഥോറിറ്റിക്ക് അധികാരം നൽകുന്നു.ഉൽപന്നത്തെക്കുറിച്ച് വ്യക്തമായ അറിവ് ഉപഭോക്താവിന് നൽകിയിരിക്കണം. ഉൽപന്നത്തിന്റെ ന്യൂനതയും സേവന അപര്യാപ്തതയുമെല്ലാം ഇനി നിയമത്തിലുണ്ടാകും. മായംചേർത്ത ഉൽപന്നംമൂലം ഉപഭോക്താവിന് ബുദ്ധിമുട്ടുകൾ സംഭവിച്ചാൽ മൂന്നുലക്ഷം രൂപ പിഴയും ഒരുവർഷം തടവും. ഗുരുതരമായ പരിക്കാണെങ്കിൽ പിഴ അഞ്ചുലക്ഷം വരെയാകാം.
ഡിജിറ്റൽ ഉപഭോക്താവിന്റെ അവകാശങ്ങൾ
മാർച്ച് 15നാണ് ലോക ഉപഭോക്തൃ ദിനമായി 1983 മുതൽ ലോകമെമ്പാടും ആചരിക്കുന്നത്. ഈ വർഷത്തെ ലോക ഉപഭോക്തൃ ദിന സന്ദേശം ഉപഭോക്താക്കളുടെ വിശ്വാസം ആർജിക്കാൻ കഴിയുന്ന ഡിജിറ്റൽ ലോകം നിർമ്മിക്കുകയെന്നതാണ്. 1985ൽ ഉപഭോക്തൃസംരക്ഷണത്തെ സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ പാസാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ രൂപപ്പെടുത്തണമെന്ന് യു.എൻ പ്രമേയം ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. 1986ലാണ് ഇന്ത്യൻ പാർലമന്റെ് ഉപഭോക്തൃസംരക്ഷണ നിയമം പാസാക്കിയത്.
ചെലവില്ലാതെ സത്വരമായ നീതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയെന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട ഈ നിയമം നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അതൊന്നും സമഗ്രമായിരുന്നില്ല. ആഗോളീകരണത്തോടെ അതിരുകളില്ലാത്ത കമ്പോളമാണ് മനുഷ്യനു മുന്നിൽ തുറക്കപ്പെട്ടത്. ഉൽപന്നങ്ങളും സേവനങ്ങളും ഓൺലൈനിലൂടെ വാങ്ങാമെന്ന അവസ്ഥ നിരവധി പ്രശ്നങ്ങളും സൃഷ്ടിച്ചു. ഉപഭോക്തൃസംരക്ഷണത്തിന് വിഘാതമായി പുതുതലമുറ കുറ്റകൃത്യങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായി.
ആദ്യം പ്രതികൂലമായി ബാധിച്ചുവെങ്കിലും ഇപ്പോൾ ഈ മേഖല കുതിച്ചുയരുകയാണ്. കടലാസ് കറൻസിയിൽനിന്ന് പ്ലാസ്റ്റിക് കറൻസിയിലേക്ക് ചുവടുമാറാൻ ജനങ്ങൾ നിർബന്ധിതരായി. ഇതോടെ ഓൺലൈൻ രംഗം മുമ്പത്തേക്കാൾ സജീവമായി. ഈ കോമേഴ്സ് മേഖല ശക്തമായതോടെ നിർമ്മാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉൽപന്നങ്ങളുടെ വില കുറയുകയും അത് തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്തുവെന്നത് നേര്. അതോടൊപ്പം തന്നെ വ്യാജ ഉൽപന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിനെ ചതിക്കുഴികളിലാക്കി.
പണം നൽകിയശേഷം ഉൽപന്നം നൽകാത്തതിനെ സംബന്ധിച്ച് നിരവധി പരാതികളുണ്ടായി. തെളിവുകളുടെ അഭാവത്തിൽ ഇത്തരമൊരു പരാതിയിൽ ഉപഭോക്താവിന് അനുകൂലവിധി പറയാൻ ഉപഭോക്തൃ കോടതികൾക്ക് കഴിയില്ല. ഇത്തരം കബളിപ്പിക്കലിനെ സംബന്ധിച്ച് ആർക്കെതിരെ, എവിടെ കേസ് കൊടുക്കുമെന്ന സാങ്കേതിക പ്രശ്നവും നീതി ലഭിക്കുന്നതിന് പ്രതിബന്ധമായി മാറി. വിദേശത്തുള്ള ഓൺലൈൻ വ്യാപാരിയുടെ അനുചിതമായ കച്ചവടരീതിക്കെതിരെ എവിടെ പരാതി നൽകും, ആർക്കെതിരെ പരാതി നൽകും എന്ന നിയമപ്രശ്നങ്ങൾ ഉയർന്നു.
എതിർകക്ഷി സ്ഥിരമായി താമസിക്കുന്നിടത്തോ, തൊഴിൽചെയ്യുന്ന സ്ഥലത്തോ ആണ് ഉപഭോക്താവ് പരാതി നൽകേണ്ടതെന്നാണ് നിലവിലുള്ള നിയമം. തർക്കത്തിനാസ്പദമായസംഭവം നടന്ന സ്ഥലത്തും പരാതി സമർപ്പിക്കാം. ഈ വ്യവസ്ഥ ഉപഭോക്താവിനെതിരാണ്. എതിർകക്ഷി സ്ഥാപനത്തിന്റെ ബ്രാഞ്ച്ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തുകൂടി പരാതി നൽകാൻ നേരത്തെ കഴിയുമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലോടെ ഈ അവകാശവും ഇല്ലാതായി.
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി
പുതിയ നിയമത്തിലെ ഏറ്റവും സുപ്രധാന സവിശേഷത കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി രൂപവത്കരിക്കുന്നുവെന്നതാണ്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്നതിനുള്ള എക്സിക്യൂട്ടിവ് ഏജൻസി എന്ന നിലയിലാണ് ബിൽ അഥോറിറ്റിയെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതമല്ലാത്തതും ജീവനും സ്വത്തിനും അപായകരവുമായ ഉൽപന്നങ്ങളും സേവനങ്ങളും വിപണിയിലെത്തുന്നതിനെ തടഞ്ഞുകൊണ്ട് ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അഥോറിറ്റിക്ക് ചുമതലയുണ്ട്. ഉപഭോക്തൃ ഫോറങ്ങളിലെയും (നിർദിഷ്ട നിയമത്തിൽ 'കമ്മീഷൻ') കമ്മീഷനുകളിലെയും നിയമനങ്ങൾ സുതാര്യമായി നടത്താനുള്ള ഒരു പരിഷ്കാരം പുതിയ നിയമത്തിൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ബില്ലിൽ ഇല്ലായെന്നത് പോരായ്മ തന്നെയാണ്.
ഫോറങ്ങളിലെ അംഗങ്ങളെ നിയമിക്കുന്നത് പി.എസ്.സി വഴിയായിരിക്കുമെന്ന വ്യവസ്ഥ പിന്നീട് കേന്ദ്രസർക്കാർ നീക്കം ചെയ്തു. ഇതെല്ലാം കേന്ദ്ര സർക്കാർ നടത്തുമെന്നാണ് ഇപ്പോഴത്തെ വ്യവസ്ഥ. അംഗങ്ങളുടെയും പ്രസിഡന്റുമാരുടെയും നിയമനം നീണ്ടുപോയതിനാൽ കേരളത്തിൽ 11 ഫോറങ്ങളും നിലവിൽ പ്രവർത്തന രഹിതമാണ്. ഈ നിയമനങ്ങൾ കേന്ദ്രം ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന്റെ അധികാരപരിധിയിലേക്ക് കടന്നു കയറുന്നതാണെന്ന ആക്ഷേപം ഉന്നയിക്കപ്പെടാം. ഉണ്ടായിരുന്ന അധികാരം ശരിയായി ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ആക്ഷേപമുന്നയിച്ചവർ മറുപടി പറയാനും ബാധ്യസ്ഥരാണ്.