- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മെക്സിക്കോയെ അടുപ്പിക്കാൻ ഇന്ത്യയുടെ വാക്സിൻ നയതന്ത്രം; കൊവിഷീൽഡ് വാക്സിന്റെ 8,70,000 ഡോസുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ മെക്സിക്കയുടെ തീരുമാനം; 8,70,000 ഡോസ് കയറ്റുമതി ചെയ്യാൻ സജ്ജമായി ഇന്ത്യയും; വാക്സിൻ ആവശ്യപ്പെട്ട് കൂടുതൽ രാജയങ്ങളും; ഇന്ത്യയുടെ വാക്സിൻ നിർമ്മാണശേഷി ലോകത്തിന്റെ സ്വത്തായി മാറുമ്പോൾ
മെക്സിക്കോ സിറ്റി: ലോകത്തെ കോവിഡ് വാക്സിൻ വിതരണത്തിന്റെ കേന്ദ്രമായി മാറുകയാണ് ഇന്ത്യ. നിരവധി രാജ്യങ്ങളാണ് ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ വാങ്ങാൻ തയ്യാറായി ക്യൂ നിൽക്കുന്നത്. ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തിന്റെ ഭാഗമായി നയതന്ത്രമായി മെക്സിക്കോയിലേക്കും വാക്സിൻ കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുകയാണ്.
സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്സിന്റെ 8,70,000 ഡോസുകൾ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യാൻ ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോ തീരുമാനിച്ചു. ഫെബ്രുവരി മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്സിൻ എത്തുമെന്ന് പ്രസിഡന്റ് അൻഡ്രേസ് മാനുവൽ ലോപ്പസ് ഒബ്രാഡോർ അറിയിച്ചു.ബ്രിട്ടീഷ്-സ്വീഡിഷ് മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രസെനെക്കയുമായി മെക്സിക്കോയും അർജന്റീനയും വാക്സിൻ വിതരണത്തിന് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആസ്ട്ര സിനിക്കയും ഓക്സ്ഫോർഡ് സർവകലാശാലയും ചേർന്ന് നിർമ്മിച്ച കൊവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുക സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.
മെക്സിക്കോയിലും അർജന്റീനയിലും വാക്സിൻ വിതരണത്തിന് സാമ്പത്തിക സഹായം നൽകുന്നത് ശതകോടീശ്വരനായ കാർലോസ് സ്ളിമ്മിന്റെ സംഘടനയാണ്.അമേരിക്കൻ കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറും മെക്സിക്കോയിൽ വിതരണം നടത്തുന്നുണ്ട്. ഫെബ്രുവരി പത്തോടെ 1.5 മില്യൺ ഡോസ് വാക്സിനുകൾ രാജ്യത്തെത്തുമെന്നാണ് കരുതുന്നതെന്ന് പ്രസിഡന്റ് ഒബ്രാഡോർ അഭിപ്രായപ്പെട്ടു. കോവിഡ് അതിരൂക്ഷമായ മെക്സിക്കോയിൽ പ്രതിരോധ വാക്സിനുകൾ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമായി തുടരുകയാണ്.
വെള്ളിയാഴ്ച വരെ 1,56,579 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇന്ത്യയിൽ നിന്നുള്ള വാക്സിന് പുറമെ റഷ്യ വികസിപ്പിച്ച സ്പുട്നിക്ക് 5 വാക്സിന്റെ 8,70,000 ഡോസുകൾ ഇറക്കുമതി ചെയ്യാനും മെക്സിക്കോ തീരുമാനിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ വഴി 18ലക്ഷം വാക്സിൻ ഡോസുകൾ ഉടനെ രാജ്യത്തെത്തും. 12.6 കോടി ജനസംഖ്യയുള്ള രാജ്യത്ത് 20 ശതമാനം ജനങ്ങൾക്ക് വാക്സിൻ എത്തിക്കുമെന്ന് ഇതുവരെ ഉറപ്പായിട്ടുണ്ട്. അന്തിമഘട്ട വാക്സിൻ ട്രയലുകൾ നടക്കുന്ന കാൻ സിനോ ബയോളജിക്സ് വാക്സിന്റെ അറുപത് ലക്ഷം ഡോസുകളും ഉടൻ മെക്സിക്കോയിലെത്തും.
ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിൻ ഉല്പാദന ശേഷിയാണ് ലോകത്തിന് ഇന്നുള്ള ഏറ്റവും മികച്ച സ്വത്തെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആഗോള വാക്സിൻ കാമ്പെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയതോതിലുള്ള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിൻ കാമ്പെയിൽ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.'
അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ സമ്മാനിച്ചതിന് തൊട്ടുപിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. 2021 ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുള്ളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്,മൗറീഷ്യസ്, ബെഹ്റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുള്ളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്സിൻ കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കും വിപണനാടിസ്ഥാനത്തിൽ വാക്സിനുകൾ ഉടൻ കയറ്റുമതി ചെയ്യും.
മറുനാടന് ഡെസ്ക്