- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുഎൻ വേദികൾ പാക്കിസ്ഥാൻ ദുരുപയോഗിക്കുന്നു; ഇന്ത്യയ്ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേല നടത്തുന്നു; പാക് അധിനിവേശ കശ്മീരിൽനിന്ന് പാക്കിസ്ഥാൻ പിന്മാറണം; ഐക്യ രാഷ്ട്ര സഭയിൽ പാക്കിസ്ഥാനെ വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനാ രക്ഷാസമിതിയിൽ പാക്കിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ഇന്ത്യ. ഇന്ത്യയ്ക്കെതിരെ അധഃപതിച്ചതും വിദ്വേഷം നിറഞ്ഞതുമായ പ്രചാരവേലയ്ക്കായി ഐക്യരാഷ്ട്ര സഭയുടെ വേദികൾ പാക്കിസ്ഥാൻ ഉപയോഗപ്പെടുത്തുകയാണെന്ന് ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ട് പറഞ്ഞു.
കശ്മീർ വിഷയം ഉന്നയിക്കുന്നതിൽ പാക്കിസ്ഥാനെ വിമർശിച്ച കാജൽ, പാക് അധിനിവേശ കശ്മീരിൽനിന്ന് പാക്കിസ്ഥാൻ പിന്മാറണമെന്നും കാജൽ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം മിഷനിലെ കൗൺസിലറാണ് ഡോ. കാജൽ.
മുൻപും ഇപ്പോഴും ഇന്ത്യയുടെ അവിഭാജ്യവും അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്തതുമായ ഭാഗങ്ങളാണ് കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരും ലഡാക്കും. പാക്കിസ്ഥാൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങൾ കൂടി ഉൾപ്പെട്ടതാണിത്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങളിൽനിന്ന് അടിയന്തരമായി ഒഴിയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെടുകയാണ്, ഡോ. കാജൽ പറഞ്ഞു.
ഇന്ത്യക്കെതിരെ തെറ്റായ പ്രചരണം നടത്താൻ ഇതാദ്യമായല്ല പാക്കിസ്ഥാൻ പ്രതിനിധി ഐക്യരാഷ്ട്ര സഭയുടെ വേദികൾ ഉപയോഗിക്കുന്നതെന്നും ഡോ. കാജൽ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാന്റെ ദുരവസ്ഥയിൽനിന്ന് ലോകശ്രദ്ധ തിരിക്കാനുള്ള നിഷ്ഫല ശ്രമമാണ് ഇസ്ലാമാബാദ് പ്രതിനിധി നടത്തുന്നതെന്നും അവർ പറഞ്ഞു. ഭീകരർക്ക് അഭയവും പിന്തുണയും സഹായവും നൽകുന്നതിലുള്ള പാക്കിസ്ഥാന്റെ ചരിത്രം യു.എൻ. അംഗരാജ്യങ്ങൾക്ക് അറിവുള്ളതാണെന്നും ഡോ. കാജൽ കൂട്ടിച്ചേർത്തു.
മറുനാടന് ഡെസ്ക്