- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രത്തിലാദ്യമായി വൻ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിച്ച് ഇന്ത്യ; രണ്ടാം പാദത്തിൽ ജിഡിപിയിൽ 8.6 ശതമാനത്തിന്റെ ഇടിവുണ്ടാവും; ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യയെ തകിടം മറിക്കും; റിപ്പോർട്ടുമായി ആർബിഐ; പ്രതിസന്ധി മുന്നിൽ കണ്ട് 20 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിലേറിയപ്പോൾ മുതൽ ഏറ്റവും പ്രതിസന്ധയിൽ നിൽക്കുന്നത് സാമ്പത്തിക രംഗമാണ്. ഈ രംഗത്തെ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട ചരിത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതിന് പരിഹാരം കാണാനായി കോവിഡ് കാലത്തുകൊണ്ടുവന്ന ആശ്വാസ നടപടികളും എങ്ങുമെത്തിയില്ല. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചു കൊണ്ടാണ് സർക്കാർ പണം കമ്ടെത്തിയതും. ഇതിനെല്ലാം ശേഷവും രാജ്യത്തിന്റെ സാമ്പത്തിക നില പിന്നോട്ടു പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ചരിത്രത്തിലാദ്യമായി മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി.ഡി.പിയിൽ 8.6 ശതമാനത്തിന്റെ ഇടിവുണ്ടാവുമെന്നുമാണ് കണക്കുകൾ. ഇതോടെയാണ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് ആർ.ബി.ഐ വ്യക്തമാക്കിയത്. ഏപ്രിൽ-ജൂൺ കാലയളവിലെ സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 23 ശതമാനത്തിന്റെ ഇടിവാണ് ജി.ഡി.പിയിൽ രേഖപ്പെടുത്തിയത്.
ആർ.ബി.ഐയുടെ ഡെപ്യൂട്ടി ഗവർണറായ മൈക്കിൾ പാത്ര ഉൾപ്പെടുന്ന സാമ്പത്തികശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വിൽപന കുറഞ്ഞപ്പോഴും കമ്പനികളുടെ ലാഭമുയരാൻ കാരണം ചെലവ് ചുരുക്കിയതാണെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. അതേസമയം, വാഹന വിൽപനയിലെ കണക്കുകളും ബാങ്കുകളുടെ ലിക്വുഡിറ്റിയും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ തിരിച്ച് വരവ് സൂചനകൾ നൽകുന്നുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷയും ആർ.ബി.ഐ പ്രകടിപ്പിക്കുന്നുണ്ട്.
പക്ഷേ, യുറോപ്യൻ രാജ്യങ്ങളിൽ ഉൾപ്പടെ കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതും ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകും. ഇപ്പോഴത്തെ പ്രതിസന്ധി മുന്നിൽ കണ്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി 20 ബില്ല്യൺ ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കയാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ധനമന്ത്രി നിർമ്മല സീതാരാമൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വ്യാഴാഴ്ചയോടെ പദ്ധതി അന്തിമമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ആശ്വാസ പാക്കേജ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പ്രതിസന്ധിയിലായ മേഖലകളെ സഹായിക്കാനാണ് നടപടിയെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഏതാനും വർഷങ്ങൾക്കുമുമ്പ് അന്താരാഷ്ട്ര നാണയ നിധി ആഗോള സാമ്പത്തിക ഉയർച്ചയുള്ള സ്ഥലമായി തിരഞ്ഞെടുത്ത ഇന്ത്യൻ സമ്പദ്വ്യവസ്ഥ കോവിഡ് വ്യാപനത്തിന് പിന്നാലെ ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 10 ശതമാനത്തിലധികം സമ്പദ്വ്യവസ്ഥ ഇടിഞ്ഞു.
അതേസമയം രാജ്യത്തെ പ്രധാനനഗരങ്ങളിൽ കോവിഡ് വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ദിവസം 40000 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിയന്ത്രണങ്ങളിൽ സർക്കാർ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും ആക്ടീവ് കോവിഡ് കേസുകൾ മൂന്ന് മാസത്തിനിടെ ആദ്യമായി 500,000ൽ താഴെ മാത്രമാണ്.
മറുനാടന് ഡെസ്ക്