- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി; വ്യോമ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത് അഫ്ഗാൻ സേന; മൂന്ന് ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപം വെള്ളത്തിൽ വരച്ച വര
കാബൂൾ: അഫ്ഗാനിസ്താനിലെ താലിബാൻ സ്വാധീന മേഖലയിൽ നിന്ന് മൂന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി. അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന എൻജിനീയർമാരെയാണ് വ്യോമമാർഗം അഫ്ഗാൻ സുരക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കാബൂളിനെ ഇന്ത്യൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്.
താലിബാൻ അഫ്ഗാൻ പ്രവിശ്യകൾ കീഴടക്കുന്നതിനിടെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കായി എംബസി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അക്രമങ്ങൾ വൻതോതിൽ വർധിക്കുന്നതിനാൽ മുഴുവൻ ഇന്ത്യൻ പൗരന്മാരും വാണിജ്യ വിമാന സർവീസുകൾ നിർത്തലാക്കുന്നതിന് മുമ്പായി നാട്ടിലേക്ക് മടങ്ങാൻ അടിയന്തര ക്രമീകരണങ്ങൾ ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തുള്ള ഇന്ത്യൻ മാധ്യമപ്രവർത്തകർ കൂടുതൽ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണം. കാബൂളിലെ ഇന്ത്യൻ എംബസി സമയബന്ധിതമായി പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൗരന്മാർ പൂർണമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. അതേസമയം അഫ്ഗാനിസ്താൻ പ്രധാന നഗരമായ കാന്തഹാർ താലിബാൻ പിടിച്ചതായാണ് റിപ്പോർട്ട്. കാന്തഹാറിലെ ഗവർണർ ഓഫീസ് താലിബാൻ പിടിച്ചെടുത്തുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു.
താലിബാൻ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ് കാന്തഹാർ. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ ഗസ്നി അടക്കം 11 തലസ്ഥാന നഗരങ്ങൾ താലിബാൻ പിടിച്ചെടുത്തിരുന്നു. അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യ തലസ്ഥാനമായ ഗസ്നിയും താലിബാൻ നിയന്ത്രണത്തിലാക്കിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തലസ്ഥാനമായ കാബൂളിൽനിന്ന് 130 കി.മീ അകലെയാണിത്. കാബൂളിനും കാന്തഹാറിനുമിടക്കുള്ള ഹൈവേയാണ് ഗസ്നി.
കനത്ത പോരാട്ടത്തിനൊടുവിൽ ഇവിടത്തെ സർക്കാർ ആസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു. രാജ്യം മുഴുവൻ കീഴടക്കാൻ സംഘം ആക്രമണം തുടരുന്നതിനിടെ, അധികാരം പങ്കുവെക്കാൻ തയാറാണെന്ന വാഗ്ദാനവുമായി സർക്കാർ രംഗത്തുവന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം അഫ്ഗാനിസ്താനിലെ ഇന്ത്യൻ നിർമ്മിത വസ്തുവകകൾ ലക്ഷ്യമിടാൻ താലിബാനിൽ ചേർന്ന പാക്കിസ്ഥാനി പോരാളികളോട് പാക് ചാരസംഘടനയായ ഐ.എസ്ഐ നിർദ്ദേശം നൽകിയതായി റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. താലിബാൻ അഫ്ഗാനിൽ പിടി മുറുക്കുന്നതോടെ ഇന്ത്യ മുടക്കിയ മൂന്ന് ബില്യൺ ഡോളറിന്റെ പദ്ധതികളും വെള്ളത്തിൽ വരച്ചതു പോലെയായി. അഫ്ഗാനിസ്താനിലെ ഇന്ത്യൻ അടയാളങ്ങളെല്ലാം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് താലിബാൻ തീവ്രവാദികളുടെ മുന്നേറ്റം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യൻ സർക്കാർ അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിൽ മൂന്ന് ബില്യൻ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്.ഡെലാറാമിനും സരഞ്ച് സൽമ ഡാമിനുമിടയിലെ 218 കിലോമീറ്റർ റോഡിലടക്കം ഇന്ത്യ നിക്ഷേപം നടത്തിയിട്ടുണ്ട്. 2015-ൽ ഉദ്ഘാടനം ചെയ്ത പാർലമെന്റ് കെട്ടിടം അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യൻ സംഭാവനയുടെ ഏറ്റവും വലിയ പ്രതീകമാണ്.
അഷ്റഫ് ഗനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്താൻ സർക്കാരിനെതിരായ താലിബാൻ ആക്രമണത്തെ പിന്തുണക്കുന്നതിനായി പതിനായിരത്തിലധികം പാക് പൗരന്മാർ അഫ്ഗാനിൽ പ്രവേശിച്ചതായി കണക്കാക്കുന്നു. ഇന്ത്യൻ നിർമ്മിത സ്വത്തുക്കൾ ലക്ഷ്യമിടുന്നതിനും ഇന്ത്യൻ അടയാളങ്ങൾ നീക്കം ചെയ്യുന്നതിനും പ്രത്യക നിർദ്ദേശങ്ങളുമായിട്ടാണ് താലിബാന് വേണ്ടി പാക്കിസ്ഥാൻ ആളുകളെ അയച്ചിട്ടുള്ളതെന്ന് അഫ്ഗാൻ സർക്കാർ നിരീക്ഷക വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിസ്താന്റെ വിദ്യാഭ്യാസ മേഖലക്കും ഇന്ത്യ വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇവിടെയുള്ള അദ്ധ്യാപകരേയും ജീവനക്കാരേയും പരിശീലിപ്പിക്കുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്