- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്: ഇന്ത്യക്ക് ബാറ്റിങ്ങ്; ഇന്ത്യൻ നിരയിൽ ഒരു മാറ്റം; ശാർദ്ദൂലിന് പകരമെത്തുക ഇഷാന്ത്; ഇംഗ്ലണ്ടിന് മൂന്നുമാറ്റം; ലോർഡ്സിലെ ചരിത്രം തിരുത്താൻ സന്ദർശകർ
ലണ്ടൻ: വിജയപ്രതീക്ഷയിൽ നിൽക്കവെ മഴ വന്ന് കളിമുടക്കിയതിന്റെ നിരാശ മാറ്റാൻ ഇന്ത്യ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെ ഇംഗ്ലണ്ടും.ഇതുവരെ ഇന്ത്യയോട് കനിവു കാട്ടാത്ത ലോർഡ്സിൽ ചരിത്രം കുറിക്കാനാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നത്.ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ 2ാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ആദ്യ പോരാട്ടം സമനിലയിൽ കലാശിച്ചതിനാൽ ഇരു പക്ഷവും വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിൽ കാണുന്നില്ല.ഒന്നാം ടെസ്റ്റിൽ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ ശാർദുൽ ഠാക്കൂറിന് പകരം ഇഷാന്ത് ശർമ ടീമിൽ ഇടം പിടിച്ചു. ആർ അശ്വിന് ഇത്തവണയും ഇടമില്ല.
ഇംഗ്ലണ്ട് നിരയിൽ പരിക്കേറ്റ സ്റ്റുവർട്ട് ബ്രോഡ് കളിക്കാനിറങ്ങില്ല. വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സൻ അന്തിമ ഇലവനിൽ ഉണ്ട്. മൊയീൻ അലി, ഹസീബ് ഹമീദ്, മാർക്ക് വുഡ് എന്നിവർ ടീമിലിം പിടിച്ചു. ബ്രോഡിന് പുറമെ സക് ക്രൗളി, ഡാൻ ലോറൻസസ് എന്നിവരും ടീമിൽ ഇല്ല.
പേസർമാർ പ്രതീക്ഷയ്ക്കൊത്തുയരുമ്പോഴും താളം കണ്ടെത്താത്ത ബാറ്റിങ് നിരയിലാണ് ഇംഗ്ലണ്ടിന്റെ ആശങ്ക. ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നനായ മൊയീൻ അലിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡിന് പരമ്പരയിലെ ബാക്കി മത്സരങ്ങളും നഷ്ടമാകുമെന്ന് അധികൃതർ അറിയിച്ചു.
ബാറ്റിങ് നിരയ്ക്കു കരുത്തുപകരാൻ 2ാം ടെസ്റ്റിൽ സ്പിന്നർ ആർ.അശ്വിനെ ഉൾപ്പെടുത്തണമെന്നു മുൻകാല താരങ്ങൾ അടക്കം ആവശ്യപ്പെട്ടിരുന്നു.എന്നാൽ, പേസർമാരെ തുണയ്ക്കുന്ന ലോർഡ്സിലെ പിച്ചിൽ 2 സ്പിന്നറെ കളിപ്പിക്കുന്നതു വെല്ലുവിളിയാണ്. ഈ കണക്കുകൂട്ടലാണ് അശ്വിനെ മറികടന്ന് ഇഷാന്തിന് വഴിതുറന്നത്.
ഇന്ത്യൻ ബാറ്റ്സ്മാന്മാർക്കു തലവേദന സമ്മാനിച്ചു ശീലമുള്ള ക്രിക്കറ്റിന്റെ തറവാടായ ലോർഡ്സിൽ ഇതുവരെ കളിച്ച 18 ടെസ്റ്റുകളിൽ 12ലും ഇന്ത്യ തോറ്റു. വിജയിച്ചത് 2 മത്സരങ്ങളിൽ മാത്രവും. 1986ൽ കപിൽദേവും 2014ൽ എം.എസ്.ധോണിയും മാത്രമാണ് ഇവിടെ ഇന്ത്യയെ ടെസ്റ്റ് വിജയത്തിലെത്തിച്ച നായകർ. ആ നേട്ടത്തിലേക്കു തന്റെ പേരുകൂടി ചേർക്കാനുള്ള അവസരമാണു കോലിക്കു മുൻപിലുള്ളത്.
സ്പോർട്സ് ഡെസ്ക്