- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
രൺബീർ കപൂർ മുതൽ ബിനീഷ് കോടിയേരി വരെ; രൺവീർ സിങ് തൊട്ട് റിയാചക്രവർത്തിവരെ; തെലുങ്കിൽ സൂപ്പർസ്റ്റാർ രവി തേജയടക്കമുള്ളവർ; മലയാളത്തിൽ ന്യൂജൻ സിനിമക്കാരും മയക്കുമരുന്നിൽ ആരോപിതർ; ബോളിവുഡിലെ ഏത് പാർട്ടിയിലും കൊക്കോയിൻ നിർബന്ധം; വെള്ളത്തിൽ കലക്കി തന്ന് നിങ്ങൾ അറിയാതെ അത് ഉള്ളിലെത്തിക്കും; ആക്റ്റിങ്ങ് വിത്ത് ബെഡിന് ഒപ്പം സ്റ്റഫ് വിതരണവും; രാഗിണി ദ്വിവേദി ഒരു ചെറിയ മീൻ മാത്രം; ഇന്ത്യൻ സിനിമലോകത്തെ ഡ്രഗ് മാഫിയ മയക്കിക്കൊല്ലുമ്പോൾ
നമ്മുടെ ബിനീഷ് കോടിയേരിവരെ ആരോപിതനായ ബംഗലൂരു മയക്കുമരുന്നുകേസിൽ തെന്നിന്ത്യൻ നടി രാഗിണി ദ്വിവേദി അറസ്റ്റിലായത് ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്. കേസിൽ കൂടുതൽ പേർ അറസ്റ്റിലാവുമെന്നും അന്വേഷണം കേരളത്തിലേക്ക് കൂടി നീളുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പക്ഷേ ഇതിൽ ഞെട്ടാൻ അധികമൊന്നുമില്ല എന്നാണ് സിനിമാലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാധ്യമ പ്രവർത്തകരും, താൽപ്പര്യങ്ങളൊന്നുമില്ലാതെ ഇതിൽ പ്രവർത്തിക്കുന്നവരും ചൂണ്ടിക്കാട്ടുന്നത്. രാഗിണി ദ്വിവേദി ഒരു ചെറിയ മീൻ മാത്രമാണ്.ബോളിവുഡിനെ ഉന്നതരായ രൺവീർ കപൂർ തൊട്ട് ഇങ്ങേയറ്റത്ത് നമ്മുടെ ബിനീഷ് കോടിയേരിവരെ ആരോപിതരാവുന്ന ഒരു വലിയ റാക്കറ്റാണ് അത്. തമിഴ് ഒഴിച്ചുള്ള ഇന്ത്യൻ സിനിമാ ഇൻഡ്രസ്ട്രിയിലെല്ലാം അതിന് ശക്തമായ വേരുകൾ ഉണ്ട്.
ഹിന്ദി സിനിമയെ ശരിക്കും ഡ്രഗ് മാഫിയ വിഴുങ്ങുകയാണെന്നാണ് മുംബൈ
മിറർ പോലുള്ള പത്രങ്ങൾ പറയുന്നത്. മുമ്പ് ഡി കമ്പനിയെപോലെ ഇവർ വളർന്നു കഴിഞ്ഞു. നടി കങ്കണയെപ്പോലുള്ളവർ ഇക്കാര്യം തുറന്ന് എഴുതിയിട്ടുണ്ട്. കൊക്കെയിൽ പാർട്ടികൾ ഇല്ലായെ മുംബൈയിൽ ഇന്ന് ഒരു പരിപാടിയും ഇല്ല. നിങ്ങൾ കുടിച്ചില്ലെങ്കിൽ അവർ വെള്ളത്തിൽ കലക്കി കുടിപ്പിച്ച് അറിയാതെ അടിമകൾ ആക്കും. ആക്റ്റിങ്ങ് വിത്ത് ബെഡ് എന്ന മുൻപത്തെ പക്കേജിലേക്ക് ഇപ്പോൾ സ്റ്റഫും കടന്നുവരികയാണെന്നാണ് കങ്കണയെപ്പോലുള്ള വിമത നടികൾ പറയുന്നത്. നടി രാഗണി ദ്വിവേദിയുടെ അനുഭവം നോക്കുക. അവസരം കുറഞ്ഞപ്പോൾ ഡ്രഗ്മാഫിയ അവരെ സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ഡീലറാക്കി മാറ്റുന്നു. ഇന്ത്യമുഴുവൻ വേരുകളുള്ള ഈ മാഫിയയയെ തളക്കാൻ ശക്തമായ അന്വേഷണമാണ് വേണ്ടത്.
രാഗിണിയുടേത് നിശാപാർട്ടികളിൽ വഴിതെറ്റിയ ജീവിതം
മോഹൻലാലിന്റെ 'കാണ്ഡഹാറിലും', മമ്മൂട്ടിയുടെ 'ഫേസ് ടു ഫേസിലും' അടക്കം 25ലേറെ ചിത്രങ്ങങ്ങളിൽ വേഷമിട്ട രാഗിണി ദ്വിവേദിയെ കുടുക്കിയത് നിശാപാർട്ടികളും വഴിവിട്ട സൗഹൃദങ്ങളും തന്നെയാണെന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്. ഇയിടെയായി സിനിമകളും മോഡലിങ്ങും കുറഞ്ഞതോടെ അവർ മയക്കുമരുന്ന് സിനിമാക്കാർക്ക് എത്തിക്കുന്ന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം.
പൊതുവെ എല്ലാവരുമായി നല്ല ബന്ധങ്ങൾ സൂക്ഷിക്കുന്ന, അറിയപ്പെടുന്ന മോഡലും ആങ്കറും കൂടിയായ രാഗിണിയെന്ന മുപ്പതുകാരിയെ നിശാ പാർട്ടികളിലേക്ക് കൂട്ടിക്കൊണ്ടുപോയത് ബോയ് ഫ്രണ്ടാണത്രേ. അവിടെവെച്ചുണ്ടായ ബന്ധങ്ങളാണ് ഡ്രഗ് ഡീലിലേക്ക് അടക്കം മാറുകയായിരുന്നു. സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിച്ചരുന്നതിന്റെ കണ്ണിയായും രാഗിണി പ്രവർത്തിച്ചുവെന്ന നാർക്കോട്ട്ക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തലുകൾ ഞെട്ടലാണ് കന്നഡ സിനിമാലോകത്തും ഉണ്ടാക്കിയത്. കഴിഞ്ഞ മൂന്നാലുവർഷമായി സിനിമയും മോഡലിങ്ങും ഇവർക്ക് കുറവാണ്. അങ്ങനെ വന്നപ്പോൾ കാമുകനുമായി ചേർന്ന് ഉണ്ടാക്കിയ ബിസിനസ് ആണിതെന്നു ചില കന്നഡ പത്രങ്ങൾ പറയുന്നുണ്ട്. ഇതോടെ രാഗിണിയുമായി ബന്ധമുള്ള നടീ നടന്മാരും സംവിധായകരും ഒരുപോലെ ഭീതിയിലാണ്. നാളെ ആരെ ചോദ്യം ചെയ്യും എന്ന ഭീതിയാണ് എവിടെയും എന്നാണ് കന്നഡ മാധ്യമങ്ങൾ പറയുന്നത്.
നഗരത്തിലെ മുന്തിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിലുള്ളവർക്ക് ഇവർ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.ഓഗസ്റ്റ് 21നാണ് കന്നഡ ചലച്ചിത്രമേഖലയിലെ കലാകാരന്മാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് സംശയിക്കുന്ന സംഘത്തെ എൻസിബി അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു സംസ്ഥാനത്തെ സെലിബ്രിറ്റികളുടെയും മോഡലുകളുടെയും പേരുകൾ ഉൾക്കൊള്ളുന്ന ഡയറി കണ്ടെടുത്തിരുന്നു. തുടർന്ന് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് നടന്മാർക്കെതിരേ രംഗത്തെത്തിയിരുന്നു. വെടിയേറ്റുമരിച്ച ആക്റ്റീവിസ്റ്റ് ഗൗരിലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ദ്രജിത് ലങ്കേഷിൽ നിന്നു പൊലീസ് തെളിവ് എടുത്തിരുന്നു. മയക്കുമരുന്ന് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അഭിനേതാക്കളെയും കലാകാരന്മാരെയും മോഡലുകളെയും സിസിബി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയുന്നുണ്ട്.
അപ്പാർട്ട്മെന്റിൽ കഞ്ചാവ് നിറച്ച സിഗരറ്റുകൾ
രാഗിണിയെ ബംഗലൂരുവിൽ അവർ താമസിക്കുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.പൊലീസുമായി ആദ്യം നടി സഹകരിച്ചരുന്നില്ല. ആരെങ്കിലും നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിനെ എങ്ങിനെയാണ് മയക്കുമരുന്നുമായി ബന്ധിപ്പിക്കുക എന്ന് നടി ആരാഞ്ഞു. നാലു മണിക്കൂറോളം അപ്പാർട്ട്മെന്റ് അരിച്ചുപെറുക്കിയ പൊലീസ് കഞ്ചാവ് നിറച്ച സിഗരറ്റുകൾ കണ്ടെടുത്തു. അനുനയ വഴികൾ തേടിയിട്ടും നടി തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നതിൽ ഉറച്ചുനിന്നു .കൈയോടെ പിടകൂടിയിട്ടും അവർക്ക് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. നടി പുറത്തുവരുന്നത് കാത്തുനിന്ന മാധ്യമ സംഘത്തിനു നേരെ അവർ കൈവീശി സംസാരിച്ചു. പൊലീസ് വിലക്കിയിട്ടും അത് തുടർന്നു.
ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം കൂടുതൽ സെലിബ്രിറ്റികളിലേക്ക് നീങ്ങുതായി സൂചന. ഇപ്പോൾ നടി സജ്ജനാ ഗൽറാണിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.അതിനിടെ കേസിൽ കൂടുതൽ മലയാളികളുടെ പേരുവിവരങ്ങളും പുറത്തുവരികയാണ്. ലഹരിക്കടത്ത് കേസിൽ കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്റെ പേരുള്ളത്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നു.
ഡി കമ്പനിയിൽ നിന്ന് ഡ്രഗ് മാഫിയയിലേക്ക്
ബാംഗ്ലൂരിനേക്കാൾ വലിയ ഡ്രഗ് ഡീലാണ് ബോളിവുഡിൽ നടക്കുന്നത്. നടൻ സഞ്ജയ്ദത്തിന്റെ കാലം തൊട്ട് തുടങ്ങിയ ഈ പരിപാടിയിൽ നിരവധിപേർക്കാണ് ജീവൻ പോലും നഷ്ടമായത്. ഇപ്പോൾ സിനിമയെതന്നെ ഡ്രഗ് മാഫിയ നിയന്ത്രിക്കുന്ന കാലം വന്നിരിക്കയാണെന്ന് മുബൈ മിറർ ലേഖകൻ സാവന്ത് ഡേ ചൂണ്ടിക്കാട്ടുന്നു.
'70 കളുടെ അവസാനത്തോടെ ബോളിവുഡിൽ ഡി കമ്പനി പിടിമുറിക്കിയത്, ചെറിയ തർക്കങ്ങളിൽ മധ്യസ്ഥർ ആയിക്കൊണ്ടായിരുന്നു. പിന്നെ അവരുടെ ഗോൾഡ് സ്മഗ്ളിങ്ങിനും മറ്റ് അനധികൃത ബിസിനസിലും താരങ്ങളെ കരുവാക്കി. ക്രമേണെ ആര് അഭിനയിക്കണം ആര് സംവിധാനം ചെയ്യണം എന്നുവരെ അവർ തീരുമാനിക്കുന്ന അവസ്ഥയെത്തി. ഹിന്ദി നടിമാർ ദൂവൂദിന്റെ കിടപ്പറ പങ്കിടേണ്ടി വന്നു. എതിർത്തവരുടെ രക്തം തെരുവിൽ ഒഴുകി. 93ലെ മുംംബെ സ്ഫോടന പരമ്പരകൾവരെ ഹിന്ദി സിനിമയെ നിയന്ത്രിച്ചത് ഈ അധോലോകം ആയിരുന്നു. മുളയിലെ നുള്ളിക്കളാവുന്ന ക്രിമിനലിസത്തെ ഈ രീതിയിൽ വഷളാക്കിയത് സിനിമാക്കാർ തന്നെയായിരുന്നു. ഇപ്പോൾ ഡി കമ്പനിയുടെ കാലം കഴിഞ്ഞു. ഇപ്പോൾ ലഹരി മാഫിയയാണ് ചലച്ചിത്രലോകത്ത് പ്രമുഖമായിരുക്കുന്നത്'- സാവന്ത് ഡേ ചൂണ്ടിക്കാട്ടുന്നു.
കോടികൾ മറയുന്ന ബോളിവുഡ് പാർട്ടികളാണ് ഇത്തരം മാഫിയകൾ നടത്തുന്നത്. ഇവിടെ ആര് വാഴണം എന്ന് തീരുമാനിക്കപ്പെടുന്നത് അവിടെ വച്ചാണ്. 2018ൽ ബഹൈൻ രാജകുമാരനുവേണ്ടി ഇത്തരം ഒരു പാർട്ടി നടത്തിയത് ഡ്രഗ് മാഫിയയുമായി ബന്ധമുള്ളവർ ആണെന്ന് ആക്ഷേപമുണ്ട്. ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതമാണ്! ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടിയും. രണ്ടുമൂന്നുപേരെ കണ്ടപ്പോൾ കരാറിൽനിന്ന് പിന്മാറിയതോടെ ബെഹ്റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതും വാർത്തയായിരുന്നു.
ഹിന്ദിസിനിമാലോകത്തെ പിടിച്ചുകുലുക്കിയ മരണമായിരുന്നു നടൻ സുശാന്ത് സിങ്ങ് രജപുത്തിന്റെത്. ഇതുമായി ബന്ധപെട്ട അന്വേഷണത്തിലാണ് ബോളിവുഡിലെ ലഹരി മാഫിയാ ബന്ധം പുറത്തുവരുന്നത്. സുശാന്തിന്റെ കാമുകി റിയാ ചക്രവർത്തിയടക്കമുള്ള പ്രമുഖർ ആണ് ഇതിൽ ആരോപിക്കപ്പെട്ടത്.
റിയ ചക്രവർത്തി ലഹരി വലയിലെ കണ്ണിയോ
നടി റിയാ ചക്രവർത്തി ലഹരിവലയിലെ ഒരു ചെറിയ കണ്ണിമാത്രമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ റിയ ചക്രബർത്തി ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയയുടെ സഹോദരൻ ഷൗവിക്കിന്റെയും റിയയയുടെ മാനേജർ സാമുവൽ മിറാൻഡയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിയയെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നത്.
റിയയുടെ നിർദ്ദേശപ്രകാരം സാമുവൽ വഴി സുശാന്തിനായി മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.ഷൗവിക്കിന്റെ നിർദ്ദേശപ്രകാരം താൻ ലഹരി മരുന്ന് സംഘടിപ്പിച്ച് നൽകിയതായി സാമുവലും സമ്മതിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സാമുവലും ഷൗവിക്കും തമ്മിൽ നടന്ന പണമിടപാടുകളുടെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. പന്ത്രണ്ടോളം തവണ ഇരുവരും തമ്മിൽ പണമിടപാട് നടത്തിയിട്ടുണ്ട്. അതിൽ പലതിനും റിയയുടെ ക്രെഡിറ്റ് കാർഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് റിയയ്ക്ക് കുരുക്കാവുന്നത്.
സുശാന്ത് സിങ് രജ്പുത്തിന് മരിക്കുന്നതിന് തൊട്ടുമുമ്പ് ലഹരി ചേർത്ത സിഗരറ്റുകൾ റോൾ ചെയ്തുകൊടുത്തിരുന്നുവെന്ന് വീട്ടുജോലിക്കാരൻ നീരജ് സിംഗിന്റെ വെളിപ്പെടുത്തിയിരുന്നു. മുംബൈ പൊലീസിൽ നൽകിയ നീരജിന്റെ മൊഴിയിലാണ് ഈ പരാമർശമുള്ളത്. വല്ലപ്പോഴുമൊക്കെ സുശാന്ത് ഈ സിഗരറ്റുകൾ ഉപയോഗിക്കുമായിരുന്നു. അദ്ദേഹത്തിന് അത് താൻ റോൾ ചെയ്തുകൊടുക്കുമായിരുന്നുവെന്നും നീരജിന്റെ മൊഴിയിൽ പറയുന്നു.അതേസമയം സുശാന്തും റിയ ചക്രബർത്തിയും ആഴ്ചയിൽ രണ്ട് ദിവസം സുഹൃത്തുകൾക്കായി പാർട്ടി നടത്താറുണ്ടായിരുന്നു. ആ സമയത്ത് ചില സുഹൃത്തുക്കൾ അദ്ദേഹത്തിന് ഇത്തരം സിഗരറ്റുകൾ നൽകുന്നത് കണ്ടിട്ടുണ്ടെന്നും നീരജ് വെളിപ്പെടുത്തി. ഇതേതുടർന്നാണ് സുശാന്തിന്റെ കേസിൽ ലഹരി മാഫിയയുടെ പങ്ക് കൂടി അന്വേഷിക്കാൻ നാർക്കോട്ടിക്സ് ഇടപെടുന്നത്.
.സുശാന്തിന്റെ മരണം ബോളിവുഡിലെ ലഹരിമാഫിയയയെ തുറന്നു കാട്ടുന്ന കാമ്പയിനായി വളരുകയാണ്. ബോളിവുഡിൽ ഡ്രഗ് മാഫിയ പിടിമുറുക്കുന്നുവെന്ന പരാമർശവുമായി നടി കങ്കണ റണൗത്ത് രംഗത്തുവന്നതോടെ വിവാദം കൊഴുത്തു.
എത്ര നടന്മാർ സ്വയം രക്ത പരിശോധന നടത്തും
ബോളിവുഡിൽ ഡ്രഗ് മാഫിയ പിടിമുറുക്കുന്നുവെന്ന പരാമർശത്തിന് പിന്നാലെ , ബോളിവുഡ് നടന്മാരായ രൺബീർ കപൂർ, രൺവീർ സിങ്, അയാൻ മുഖർജി, വിക്കി കൗശൽ എന്നിവർക്ക് നേരേയാണ് കങ്കണ രംഗത്തെത്തി. സ്വയം രക്ത പരിശോധന നടത്തി തങ്ങൾ ലഹരിക്കടിമയല്ലെന്ന് ആരാധകരെ അറിയിച്ചൂടെയെന്നാണ് കങ്കണ ഇവരോട് ചോദിച്ചത്.
'രൺവീർ സിങ്, രൺബീർ കപൂർ, അയാൻ മുഖർജി, വിക്കി കൗശൽ, നിങ്ങളോട് ഞാൻ ഒരു കാര്യം അഭ്യർത്ഥിക്കുന്നു. ബോളിവുഡിലെ ഡ്രഗ് അഡിക്ട്സ് ആണ് നിങ്ങളെന്ന ഗോസിപ്പുകളോട് പ്രതികരിക്കാൻ നിങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വയം രക്ത പരിശോധന നടത്തി അതിന്റെ ഫലം ആരാധകരെ അറിയിച്ച് ഇതിന് മറുപടി നൽകാൻ തയ്യാറാകു'- കങ്കണ ട്വിറ്ററിൽ കുറിച്ചു.ഇത്തരത്തിൽ ഒരു ചലഞ്ച് ഇവർ ഏറ്റെടുക്കുന്നത് നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് ഒരു മാതൃകയാകുമെന്നും കങ്കണ പറയുന്നു.
നേരത്തേ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ നാർകോട്ടിക്സ് ബ്യൂറോ ഇടപെട്ടതിന് പിന്നാലെ ആരോപണവുമായി ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ പി.ആർ ടീം രംഗത്തെത്തിയിരുന്നു. നാർക്കോട്ടിക്സ് ബ്യൂറോ ബോളിവുഡിൽ വന്ന് അന്വേഷണമാരംഭിച്ചാൽ എ-ലിസ്റ്റിൽപ്പെട്ട നിരവധി താരങ്ങൾ കുടുങ്ങും. ഇവരുടെയൊക്കെ രക്തം പരിശോധിച്ചാൽ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരും. പ്രധാനമന്ത്രി ബോളിവുഡിലെ ഗർത്തങ്ങൾ സ്വച്ഛ് ഭാരത് മിഷനിലൂടെ ശുദ്ധീകരിക്കുമെന്നാണ് കരുതുന്നത്,' ടീം കങ്കണ ട്വീറ്റ് ചെയ്തു.താനും മയക്കുമരുന്നിന് വിധേയയായിട്ടുണ്ടെന്നും പ്രശസ്ത സിനിമകളിൽ വേഷം ലഭിച്ചപ്പോഴാണ് ഇവിടങ്ങളിലെ വലിയ രീതിയിൽ നടക്കുന്ന ദുഷിച്ച മാഫിയകളെക്കുറിച്ച് അറിയുന്നതെന്നും ട്വീറ്റിൽ പറഞ്ഞു.സിനിമാ മേഖലയിലെ കൂടുതലായും ഉപയോഗിച്ച് വരുന്നതുകൊക്കൈൻ ആണെന്നും ടീം കങ്കണ മറ്റൊരു ട്വീറ്റിൽ പറയുന്നു.
എല്ലാ ഹൗസ് പാർട്ടികളിലും ഇത് യഥേഷ്ടം ഉപയോഗിച്ച് വരുന്നു. നല്ല വില വരുന്ന മയക്ക് മരുന്നുകളാണ് ഇവയെങ്കിലും നിങ്ങൾ ഈ പാർട്ടിയിൽ ആദ്യമായി വരികയാണെങ്കിൽ നിങ്ങൾക്കിത് സൗജന്യമായി തരും. എം.ഡി.എം.എ ക്രിസ്റ്റലുകൾ വെള്ളത്തിൽ കലക്കി നിങ്ങൾക്ക് തരും. നിങ്ങളെ അറിയിക്കുക കൂടിചെയ്യാതെ,' ടീം കങ്കണ പറഞ്ഞു.നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ താൻ തയ്യാറാണെന്നും കങ്കണ ഇതിന്റെ തുടർച്ചയായി വന്ന ട്വീറ്റിൽ പറഞ്ഞു.'കേന്ദ്ര സർക്കാരിൽ നിന്നും സംരക്ഷണം ലഭിക്കുമെങ്കിൽ നാർക്കോട്ടിക്സ് ബ്യൂറോയെ സഹായിക്കാൻ ഞാൻ തയ്യാറാണ്. എന്റെ കരിയർ മാത്രമല്ല, ജീവൻ കൂടിയാണ് ഇവിടെ അപകടത്തിലാക്കുന്നത്. സുശാന്തിന് ചില വൃത്തികെട്ട രഹസ്യങ്ങൾ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം കൊല്ലപ്പെട്ടത്,'-ടീം കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
ഒരു സഹനടൻ എനിക്കും മയക്കുമരുന്ന് നൽകിയെന്ന് കങ്കണ
ബോളിവുഡിലെ തുടക്ക കാലത്ത് ഒരു സ്വഭാവ നടനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി കങ്കണ റണൗത്ത്. ഒരു സഹനടൻ തനിക്ക് മയക്കുമരുന്ന് നൽകുകയും ദുരുപയോഗം ചെയ്തെന്നുമാണ് കങ്കണ പറയുന്നത്.16-ാം വയസ്സിൽ മണാലിയിൽ നിന്നും മുംബൈയിലേക്ക് വന്ന തന്റെ സ്വയം സംരക്ഷകനായി ഇയാൾ മാറുകയും പിന്നീട് നിരന്തരമായി തന്നെ ശല്യപ്പെടുത്തിയെന്നുമാണ് കങ്കണ പറയുന്നത്.
മുംബൈയിൽ തന്റെ ഒപ്പം താമസിച്ചിരുന്ന ബന്ധുവുമായി സൗഹൃദം ഉണ്ടാക്കുകയും പിന്നീട് ഇവരെ ഒഴിവാക്കി തന്നെ വീട്ടിൽ പൂട്ടിയിട്ടെന്നും കങ്കണ പറയുന്നു.'അയാൾ എന്റെ ആന്റിയുമായി കലഹത്തിലാവുകയും അവരെ പുറത്താക്കുകയും ചെയ്തു. എന്നാൽ എന്നെ ആ വീട്ടിൽ പൂട്ടിയിട്ടു. ഞാനെന്ത് ചെയ്താലും അയാളുടെ സ്റ്റാഫുകൾ അപ്പപ്പോൾ ആയാൾക്കു വിവരം നൽകിക്കൊണ്ടിരുന്നു. എനിക്കിതൊരു വീട്ടു തടങ്കൽ പോലെ അനുഭവപ്പെട്ടു.
' അയാൾ എന്നെ പാർട്ടികൾക്കു കൊണ്ടു പോയി. ഒരിക്കൽ വല്ലാതെ കൂടിയ സമയത്ത് ഞങ്ങൾ തമ്മിൽ അടുത്തു. ഇത് ഞാൻ ബോധപൂർവം ചെയ്തതല്ലെന്ന് പിന്നീട്് മനസ്സിലായി. എനിക്ക് വലിയ അളവിൽ ഡ്രിങ്ക്സ് നൽകിയിരുന്നു,''ഈ സംഭവം ഒരാഴ്ചയ്ക്കുള്ളിൽ അയാളെന്റെ സ്വയം പ്രഖ്യാപിത ഭർത്താവായി. നിങ്ങളെന്റെ കാമുകനല്ലെന്ന് പറഞ്ഞാൽ അയാളെന്നെ ചെരുപ്പ് കൊണ്ട് തല്ലുമായിരുന്നു,' കങ്കണ പറഞ്ഞു.
ദുബായിൽ നിന്നുള്ള ചിലരുമായുള്ള മീറ്റിംഗുകളിൽ അയാൾ തന്നെ കൊണ്ടു പോയെന്നും തന്നെ ഇവരുടെ ഇടയിൽ തനിച്ചാക്കി ഇയാൾ പോവുമായിരുന്നെന്നും തന്നെ ദുബായിലേക്ക് കടത്തുകയാണോ എന്ന് ഭയപ്പെട്ടിരുന്നതായും കങ്കണ പറഞ്ഞു.
തെലുങ്കിൽ രവി തേജ അടക്കമുള്ള പ്രമുഖർ ആരോപിതർ
തെലുങ്കിൽ 2017ൽ തന്നെ ഡ്രഗ് മാഫിയയെ കുറിച്ച് ആരോപണം ഉയർന്നിരുന്നു. അന്ന് തലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഇടപെട്ടാണ് കേസ് ഒതുക്കിയത്. സൂപ്പർ താരം രവി തേജയുൾപ്പെടെയുള്ളവരെ ഒരു മയക്കുമരുന്നു കേസിൽ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.
തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ഉൾപ്പെട്ടതായി കരുതുന്ന ലഹരിമരുന്നു കേസിൽ, താരങ്ങളെയാരെയും അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പിന്നീട് പരസ്യമായി പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവരെയും നിയമമനുസരിച്ച് പ്രതികളാക്കാമെങ്കിലും, ചലച്ചിത്ര താരങ്ങൾക്ക് പിന്നാലെ പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ലഹരിമരുന്നിന് ഇരകളായതിനാൽ താരങ്ങളെ ആ രീതിയിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന് അന്വേഷണ സംഘാംഗങ്ങൾ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുന്നതും വിൽക്കുന്നതും കുറ്റമാണെങ്കിലും, ലഹരി ഉപയോഗിക്കുന്നത് തെറ്റല്ലെന്നും മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. അതേസമയം, താരങ്ങളെ ചോദ്യം ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. ലഹരി മാഫിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കുന്നതിന് ഇവരെ ചോദ്യം ചെയ്യുന്നത് ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രവി തേജ എക്സൈസിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ ചോദ്യംചെയ്യലിനു ഹാജരായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്ത സംവിധായകൻ പുരി ജഗന്നാഥിന്റെ ഏതാനും സിനിമകളിൽ രവി തേജ അഭിനയിച്ചിട്ടുണ്ട്. ഇവർക്കു പുറമെ ക്യാമറാമാൻ ശ്യാം കെ. നായിഡു, നടന്മാരായ പി. സുബ്ബരാജു, തരുൺകുമാർ, പി. നവദീപ്, നടിമാരായ ചാർമി കൗർ, മുമൈത് ഖാൻ, കലാസംവിധായകൻ ധർമറാവു തുടങ്ങിയവരെ ചോദ്യംചെയ്തിരുന്നു.
ഹോളണ്ടുകാരനായ മൈക്ക് കമിങ്ഗ, യുഎസ് പൗരനും നാസയിൽ എൻജിനീയറുമായ ഡുണ്ടു അനീഷ്, ഹൈദരാബാദിൽ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്ന ഏഴു ബിടെക് ബിരുദധാരികൾ എന്നിവരടക്കം 20 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തു. എൽഎസ്ഡി, എംഡിഎംഎ എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിലയേറിയ ലഹരിമരുന്നുകളാണു സംഘം ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്. മൂന്നുവർഷം മുമ്പാണ്ടായ ഈ കേസിൽ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കിൽ തെലങ്കാനയിലെ ഡ്രഗ് മാഫിയയയെ മുളയിലേ നുള്ളാൻ കഴിയുമായിരുന്നു.
മലയാളത്തിൽ പ്രമാദമായ അശ്വതി ബാബു കേസ്
മലയാളത്തിൽ സീരിയൽ നടി അശ്വതിബാബു തൊട്ട് നമ്മുടെ ഷൈൻ ടോം ചാക്കേയും ഷെയിൻനിഗവും വരെ ഈ വിഷത്തിൽ ആരോപിതരാണ്. മൂന്നുവർഷം മുമ്പാണ് കൊച്ചിയിൽ സെീരിയൽ നടി അശ്വതി ബാബു മയക്കുമരുന്ന് കേസിൽ പിടിയിലായത്. നടി താമസിച്ചിരുന്ന കൊച്ചി പാലച്ചുവടിലെ ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിൽ പലതവണ ലഹരി പാർട്ടി നടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സ്ഥിരം ഇടപാടുകാരിൽ ആർക്കെങ്കിലും ലഹരിമരുന്ന് കടത്തുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലഹരിമരുന്ന് ഇടപാടുകാരുമായി അശ്വതിക്ക് ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
വിദേശത്തും നടി ലഹരിമരുന്ന് കേസിൽ നടി കുടുങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നടിയെയും ഡ്രൈവറും സഹായിയുമായ നാട്ടകം സ്വദേശി ബിനോ എബ്രഹാമിനെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യ്തെങ്കിലും തുമ്പൊന്നും കട്ടിയ്ില്ല. ഇതോടൊപ്പം നടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നന്നിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ മുപ്പതോളം കഞ്ചാവു ചെടികൾ നട്ടുവളർത്തിയതിന് ഇയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഷൈൻ ടോം ചാക്കോയുടെ കേസിലും കോടതി അദ്ദേഹത്തെ കുറ്റ വിമുക്തൻ ആക്കുകയാണ് ചെയ്തത്.
ന്യൂജൻ സിനിമക്കൊപ്പം കൊച്ചിയിൽ തമ്പടിച്ച് കഞ്ചാവും
മലയാള ചലച്ചിത്രലോകത്തും ന്യൂജൻ സിനിമകൾ വഴി ലഹരി കയറിവന്നിട്ടുണ്ട്. ബോളിവുഡിൽ ഉള്ള കൊക്കെയിൻ പാർട്ടികൾ പോലെ അത്ര ശക്തമല്ലെങ്കിലും പലതവണ മലയാള സിനിമയിലും ലഹരി ആരോപണം ഉയർന്നിട്ടുണ്ട്. ഷെയിൻ നിഗത്തിന്റെ വെയിൽ സിനിമാ വിവാദ സമയത്ത് ലോക്കേഷനുകളിൽ മയക്കുമരുന്ന് പരിശോധന വേണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഇതിൽ പിന്നീട് ഒന്നും പറഞ്ഞുകേട്ടില്ല.
ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാൻ തയ്യാറാകുന്നില്ല. കാരവാനുള്ളിൽ ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയം ഉള്ളതായും പ്രോഡ്യൂസേഴ്സ് അസോസിയേഷൻ കൂട്ടിച്ചേർത്തു.സിനിമാ സെറ്റുകളിൽ ലഹരിയുടെ ഉപയോഗം കർശനമായി തടയണം. ഇതിനായി കാരവാനുകളിലടക്കം പരിശോധന നടത്തണമെന്നാണ് അഭിപ്രായം.'- ഇങ്ങനെയായിരുന്നു പ്രൊഡ്യൂസേഷ്സ് അസോസിയേഷന്റെ പ്രതികരണം.
കാരവൻ സംസ്ക്കാരം വന്നതോടെയാണ് മലയാള സിനിമയിൽ ഈ രീതിയിൽ ലഹരി വ്യാപനം വന്നത് എന്നാണ് പൊതുവെയുള്ള പരാതി. മുമ്പ് എല്ലാവരും ഒന്നിച്ച് താമസിക്കുകയും വിശ്രമവേളകൾ ഒന്നിച്ച് ചെലവിടുകയും ചെയ്യുന്നതുമൂലം ഉത്തരം സാധ്യതകൾ കുറവായിരുന്നു. മാത്രമല്ല തീരെ പ്രാഫഷണൽ കമ്മിറ്റ്മെന്റ് ഇല്ലാത്ത രീതിയിലാണ് പുതുതലമുറ പെരുമാറുന്നത്. സ്വന്തം പിതാവ് ഫോൺ വിളിച്ചാൽ പോലും എടുക്കാത്തവൻ ഈ കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. പാതിരാവരെ നീളുന്ന ഡിജെ പാർട്ടികൾ കഴിഞ്ഞ് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടിമാർ നിരവധിയാണ്. ന്യൂജൻ സംവിധായകരുടെ കാര്യവും പറയാനില്ല. തിരക്കഥാ ഡിസ്ക്കഷൻ എന്നു പറഞ്ഞ് നിർമ്മാതാവിന്റെ ചെലവിൽ കൊച്ചിയിലെ ഒരു ഫ്ളാറ്റിൽ കുടിയും വലിയുമായി കഴിഞ്ഞ ഒരു യുവ സംവിധായകനും കൂട്ടരും ഇത് ചോദ്യം ചെയ്ത നിർമ്മാതാവിനോട് പറഞ്ഞത് 'തന്റെ മോന്ത കണ്ടാൽ സിനിമ വരില്ലെന്നാണ്'.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൊക്കെയ്നും ചരസും എൽഎസ്ഡിയും നമ്മുടെ ന്യൂജൻ സിനിമക്കാരുടെ കൂട്ടുകാരായെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. കൊച്ചി നഗരത്തിലെ ഫ്ളാറ്റുകൾ മിക്കതും ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടവരുടെ താവളങ്ങളാണ്. രാവും പകലും ആളുകൾ വന്നുപൊയ്ക്കൊണ്ടിരിക്കുന്നു. 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമയുടെ തിരക്കഥാകൃത്തിനെ പൊലീസ് പിടിച്ചിട്ട് അധികനാളായില്ല. ലഹരി മൂത്ത് ഉടുതുണി പോലുമില്ലാതെ തൊട്ടടുത്ത ഫ്ളാറ്റിൽ താമസിച്ച വീട്ടമ്മയെ കയറിപ്പിടിച്ചതിനായിരുന്നു ഇത്. പ്രശ്നം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പലരും സിനിമക്കാർക്ക് ഫ്ളാറ്റ് കൊടുക്കാതായി. നടൻ ഷൈൻടോം ചാക്കോ ഒരു കൊക്കെയിൻ പാർട്ടിയിൽ വെച്ച് നാലുവർഷം മുമ്പ് പിടിയിലായത് വൻ വിവാദങ്ങൾക്ക് വഴി തെളിയിച്ചിരുന്നു. കോടതി പിന്നീട് ഷൈൻ ടോമിനെ വെറുതെ വിട്ടെങ്കിലും സംഭവത്തിലെ ദുരൂഹത ഇപ്പോഴും മാറിയിട്ടില്ല. ഫോണിൽ ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴാണ് ഷൈനും മോഡലുകളും കുടുങ്ങിയതും.
അടുത്തിടെയാണ് ന്യൂജൻ സിനിമകളിലെ അവിഭാജ്യഘടകമായ ഒരു യുവനടനെ ഇന്റർവ്യൂ ചെയ്യാൻ കൊച്ചിയിലെ ഒരു മാധ്യമപ്രവർത്തകൻ താരത്തിന്റെ ഫ്ളാറ്റിലെത്തിയ
ത്.വൃത്തികേടായി കിടക്കുന്ന റൂമിൽ പാതിയടഞ്ഞ കണ്ണുമായി യുവനടൻ ഇരിപ്പുണ്ട്. കലങ്ങിയ കണ്ണുകളിൽനിന്നു ലഹരി വിട്ടൊഴിഞ്ഞിട്ടില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഇന്റർവ്യു നടക്കില്ലെന്നു കണ്ട് മാധ്യമപ്രവർത്തകൻ തിരിച്ചുപോയി. താരങ്ങൾക്കിടയിലെ ലഹരി ഉപയോഗം അപകടകരമാംവിധം വർധിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് .
ചാലക്കുടിയിൽനിന്ന് കൊച്ചി ലുലുമാളിലേക്ക് ഒരു പറ്റം യുവനടന്മാരോട് കഥ പറയാനായി നടത്തിയ കാർ യാത്ര ഒരിക്കലും മറക്കില്ലെന്നാണ് ആ യുവ സംവിധായകൻ പറയുന്നത്. 'ഓൺ ദ വേ' കഥ പറയാം എന്ന നടന്റെ വാക്ക് വിശ്വസിച്ച് ആഡംബര കാറിൽ കയറിയതാണ് സംവിധായകൻ. യാത്ര തുടങ്ങി അൽപ്പം കഴിഞ്ഞതോടെ വണ്ടി മുഴുവൻ കഞ്ചാവിന്റെ ഗന്ധം. നടനും ശിങ്കിടികളും പറയുന്നതൊക്കെ പരസ്പര ബന്ധമില്ലാതെ. എങ്ങനെയോ കൊച്ചിയിൽ എത്തി എന്നേയുള്ളൂ. കാറിൽനിന്ന് പുറത്തിറങ്ങിയതും സംവിധായകൻ ഛർദിച്ചതും ഒന്നിച്ച്. ഒരു പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞ അനുഭവം ഇങ്ങനെ. മുമ്പൊക്കെ താമസവും ഭക്ഷണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളാണ് തങ്ങൾക്ക് പരിഹരിക്കാൻ ഉണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ രാവിലെ പലപ്പോഴും 'നീലച്ചടയൻ' തേടി നടക്കേണ്ട അവസ്ഥയാണ്.
അൽപ്പം ശ്രദ്ധിച്ചില്ലെങ്കിൽ മലയാള സിനിമയും ഡ്രഗ് മാഫിയയുടെ പടിയിൽ അമരും. അതിനെതിരെയുള്ള ജാഗ്രതയാണ് അമ്മ അടക്കമുള്ള സംഘടനകൾ എടുക്കേണ്ടതും.
മറുനാടൻ മലയാളി ചലച്ചിത്ര നിരൂപകൻ, കോൺട്രിബ്യൂട്ടർ