- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; അവകാശവാദം തള്ളി ഇന്ത്യയുടെ മറുപടി; താഴ്‌വരയിൽ ദേശീയപതാക ഉയർത്തി ഇന്ത്യൻ സൈന്യം; ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് കേന്ദ്ര മന്ത്രി കിരൺ റിജിജു; ചൈന പുറത്തുവിട്ട ചിത്രം അവരുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങൾ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പതാക ഉയർത്തിയ ചിത്രം ചൈന പുറത്തുവിട്ടതിന് മറുപടി നൽകി ഇന്ത്യൻ കരസേന. പുതുവർഷ ദിനത്തിൽ ഗാൽവൻ താഴ്‌വരയിൽ ഇന്ത്യൻ സൈന്യം ദേശീയ പതാക ഉയർത്തി. കേന്ദ്ര മന്ത്രി കിരൺ റിജിജു ഇതിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
'ഒരിഞ്ചു ഭൂമിപോലും വിട്ടുകൊടുക്കില്ല' എന്ന പ്രഖ്യാപനത്തോടെയാണ് ഗാൽവനിലെ പതാക ഉയർത്തലിന്റെ വാർത്ത ദൃശ്യങ്ങളടക്കം ചൈനീസ് ഔദ്യോഗിക മാധ്യമം 'ഗ്ലോബൽ ടൈംസ്' ട്വീറ്റ് ചെയ്തത്. ബെയ്ജിങ്ങിലെ ടിയാനന്മെൻ ചത്വരത്തിൽ ഉയർത്തിയിരുന്ന പതാകയാണ് ഗാൽവനിൽ ഉയർത്തിയതെന്നും ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ദൃശ്യങ്ങളിൽ മഞ്ഞു മൂടിക്കിടക്കുന്ന മലനിരകളുടെ പശ്ചാത്തലമുണ്ടായിരുന്നില്ല. അതിനാൽ അത് ഗാൽവനിൽവച്ചാണോ എന്ന സംശയമുയർന്നിരുന്നു. ഇതിനിടയിലാണ് ഇന്ത്യ പതാക ഉയർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്.
Brave Indian Army soldiers in Galwan Valley on the occasion of #NewYear2022 pic.twitter.com/5IyQaC9bfz
- Kiren Rijiju (@KirenRijiju) January 4, 2022
ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ പുതുവർഷ ദിനത്തിൽ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയർത്തിയതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് ആണ് അവകാശവാദം ഉന്നയിച്ചത്.
പുതുവർഷത്തിൽ രാജ്യത്തുടനീളം ദേശീയപതാക ഉയർത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് പതാക ഗൽവാനിലും പ്രദർശിപ്പിച്ചതെന്നായിരുന്നു അവകാശവാദം. മാതൃരാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുമെന്ന് സൈനികർ പ്രതിജ്ഞയെടുത്തതായും റിപ്പോർട്ടിൽ പരമാർശമുണ്ടായിരുന്നു.
ത്രിവർണ്ണ പതാകയുമായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് ചൈനയുടെ ഈ അവകാശവാദം പൊളിയുന്നത്. ചൈനീസ് പതാക അതിർത്തിയിൽ ഉയർത്തിയെന്ന പ്രചാരണം കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തുന്നതിനിടെയാണ് ഗാൽവൻ താഴ് വരയിൽ ഇന്ത്യ മറുപടി നൽകിയ ചിത്രം പുറത്തുവരുന്നത്.
വാസ്തവത്തിൽ, ചൈന വീഡിയോ ഷൂട്ട് ചെയ്ത സ്ഥലം അതിർത്തിക്ക് പുറത്താണ്. 2020 ജൂണിലെ ഏറ്റുമുട്ടലിന് ശേഷം ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ഇതുമായി ബന്ധപ്പെട്ട് കരാറിൽ എത്തിയിരുന്നു . ഗാൽവൻ താഴ്‌വരയിൽ ഇന്ത്യയുടെ സ്ഥാനം എത്രത്തോളം ശക്തമാണെന്ന് ഇന്ത്യൻ സൈന്യം നിരത്തിയ തെളിവുകളിൽ നിന്ന് വ്യക്തമാണ്.
വീഡിയോ ചിത്രീകരിച്ചത് താഴ്‌വരയുടെ ചൈനയുടെ ഭാഗത്താണ് എന്ന് വ്യക്തമാണ്. അതിനാൽ, വീഡിയോ ബ്ലോക്ക് ചെയ്യുന്നത് പോലുള്ള ഒരു നടപടിയും ആവശ്യമില്ല, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞാഴ്ച അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈന പേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവർ തയാറാക്കുന്ന ഭൂപടത്തിൽ ഈ സ്ഥലങ്ങൾ ഇനി ചൈനീസ് പേരുകളിലാവും രേഖപ്പെടുത്തുക. 2017 ൽ അരുണാചലിലെ 6 സ്ഥലങ്ങൾക്ക് ചൈന വേറെ പേരുകളിട്ടിരുന്നു. അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനു തൊട്ടുപിന്നാലെ ഗൽവാനിൽ കടന്നുകയറിയെന്ന അവകാശവാദം പുതിയ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമായി വ്യാഖാനിക്കപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ചൈനീസ് അവകാശവാദം തള്ളി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.
ഇന്ത്യയും ചൈനയും തമ്മിൽ 2020 മെയ് മുതൽ സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് ഗാൽവൻ. ഗാൽവനിൽനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിലേക്ക് സൈന്യത്തെ പിൻവലിക്കാമെന്ന് ഇന്ത്യയും ചൈനയും കഴിഞ്ഞകൊല്ലം ജൂലായിൽ സമ്മതിച്ചിരുന്നു.
ഇതിനിടെ, ഗാൽവനിലെ പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം പണിയുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. ചൈനീസ് ഭൂഭാഗത്തുവരുന്ന ഇടുങ്ങിയ ഭാഗത്താണ് പാലം പണിയുന്നത്. പാലം പൂർത്തിയായാൽ ചൈനീസ് പട്ടാളത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും വേഗം അക്കരയിക്കരെ എത്തിക്കാം. മാത്രമല്ല, ഇന്ത്യയുമായി സംഘർഷമുള്ള പ്രദേശങ്ങളിലേക്കുള്ള സൈനികനീക്കവും എളുപ്പമാകും.
പാംഗോങ് തടാകമേഖലയിൽ 2020 ജൂണിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ പട്ടാളക്കാർ വീരമൃത്യു വരിച്ചിരുന്നു. സംഘർഷത്തിൽ 40 ചൈനീസ് പട്ടാളക്കാരും മരിക്കുകയുണ്ടായി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ചൈന വിസമ്മതിച്ചിരുന്നു.
ന്യൂസ് ഡെസ്ക്