കാബൂൾ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊരാസൻ പ്രൊവിൻസുമായി ബന്ധമുള്ള 25 ഇന്ത്യൻ പൗരന്മാർ അടക്കം അഫ്ഗാനിസ്താനിൽ നിരീക്ഷത്തിലെന്ന് റിപ്പോർട്ട്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ ജയിലിലായിരുന്ന ഇവർ മോചിപ്പിക്കപ്പെട്ടിരുന്നു. ഇവരുടെ നീക്കങ്ങൾ സുരക്ഷാ, രഹസ്യാന്വേഷണ വിഭാഗങ്ങൾ നിരീക്ഷിച്ചുവരികയാണ്.

കിഴക്കൻ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഖൊറസാനെ ഭീകരർ ഒസാമ ബിൻ ലാദന്റെ മുൻ സുരക്ഷാ മേധാവിയായ ആമിൻ അൽ ഹഖിന്റെ ജന്മസ്ഥലത്തിനു സമീപം ഇവർ ഒളിവിൽ കഴിയുന്നതായാണ് സൂചന. അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന അഫ്ഗാൻ പ്രദേശമായ നാൻഗാർഹാർ മേഖലയിലാണ് ഇവർ ഇപ്പോൾ ഉള്ളതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ കരുതുന്നത്.

ആമിൻ അൽ ഹഖിനെ പാക് സേന പിടികൂടിയശേഷം വെറുതേവിട്ടിരുന്നു. തുടർന്ന് ഇയാൾ താലിബാന്റെ സംരക്ഷണയിൽ ജന്മനാട്ടിലേക്ക് തിരിച്ചുവന്നു. അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തതോടെ വിജയഭാവത്തിൽ തന്റെ വീട്ടിലേക്ക് മടങ്ങുന്ന ഹഖിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ സജീവമായ മുൻസിബ് എന്നയാളെയും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഓൺലൈൻ റിക്രൂട്ട്‌മെന്റിന് സജീവമായി നേതൃത്വം നൽകുന്നതായാണ് വിവരം.



ഐ.എസ്.-കെ റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്ന ഐജാസ് അഹാങ്കാർ എന്നയാളെ താലിബാൻ ജയിൽ മോചിതനാക്കിയിരുന്നു. ഇന്ത്യയിൽ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള ആളാണിയാൾ.
താലിബാന്റെ വരവോടുകൂടി തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും അംഗബലം കൂട്ടാനുമുള്ള ഒരുക്കത്തിലാണ് ഐ.എസ്.-കെ ഇപ്പോൾ.

താലിബാൻ ജയിലുകൾ തകർത്തതോടെ ആയിരക്കണക്കിന് ഐ.എസ്.-കെ തീവ്രവാദികൾ മോചിക്കപ്പെട്ടതായി സുരക്ഷാ ഏജൻസികൾ കരുതുന്നു. ഏകദേശം 1400 ഐ.എസ്.-കെ തീവ്രവാദികളാണ് അഫ്ഗാൻ ജയിലിൽ ഉണ്ടായിരുന്നതെന്നാണ് കണക്ക്. ഇതിൽ 300 പാക്കിസ്ഥാനികളും കുറച്ച് ചൈനീസ് പൗരന്മാരും ബംഗ്ലാദേശികളും ഉൾപ്പെടുന്നു.

സൈനിക പിന്മാറ്റം പൂർത്തിയാകുന്നതിന് തൊട്ടുമുമ്പ് കാബൂൾ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചാവേർ ആക്രമണത്തിൽ 13 യുഎസ് സൈനികരുടെ അടക്കം മരണത്തിന് പകരം വീട്ടാനുള്ള മുന്നൊരുക്കത്തിലാണ് അമേരിക്ക. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐസിസ് വിഭാഗമായ ഐസിസ് കെയുടെ ആക്രമണത്തിലാണ് 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത്. മണിക്കൂറുകൾ കഴിയും മുൻപേ അമേരിക്ക ഐസിസ് കെ ശക്തി കേന്ദ്രത്തിൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ പ്രതികാരത്തിൽ തൃപ്തി വരാതെ കൂടുതൽ ഭീകരരെ ലക്ഷ്യം വയ്ക്കാനാണ് അമേരിക്കയുടെ തീരുമാനം.

തങ്ങളെ മുറിവേൽപ്പിച്ച ഐഎസ് കെ ഭീകരരെ തേടിപ്പിടിച്ച് വേട്ടയാടാൻ സൈന്യത്തിലെ എന്തിനും പോന്ന 40 അംഗ കമാന്റോ സംഘത്തെയാണ് തയ്യാറാക്കി നിർത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡൈഹാർഡ് സ്‌ക്വാഡിനെ ഇതിനായി നിയോഗിച്ചിരിക്കുകയാണ്. ഏത് പ്രതികൂലാവസ്ഥയിലും ശത്രുവിന് അപ്രതീക്ഷിത പ്രഹരമേൽപ്പിക്കാൻ കെൽപ്പുള്ളവരാണ് ഇവർ. ബ്രിട്ടീഷ് ആർമി സ്പെഷ്യൽ ഫോഴ്‌സ് യൂണിറ്റായ സ്പെഷ്യൽ എയർ സർവീസും സജ്ജരാണെന്ന് റിപ്പോർട്ടുകളുണ്ട്.

നേരിടാനുള്ള കമാന്റോകളെ പാക്കിസ്ഥാനിലാണ് രഹസ്യമായി നിലനിർത്തിയിട്ടുള്ളതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാൻ പാക്കിസ്ഥാൻ അതിർത്തിയിലെ രഹസ്യ താവളത്തിലാണ് ഭീകരർ ഒളിവിൽ കഴിയുന്നതെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. യുഎസ് ആർമിയുടെ ഡെൽറ്റ ഫോഴ്‌സ്, യുഎസ് നേവി സീൽസ് എന്നിവ മുൻപും പാക്കിസ്ഥാനിൽ നിന്നും ഓപ്പറേഷനുകൾ നടത്തിയിട്ടുണ്ട്.