- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂനപക്ഷ സ്കോളർഷിപ്പിൽ ശാശ്വതപരിഹാരം വേണം; മുസ്ലിം വിഭാഗം നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഹനിക്കാൻ പാടില്ലെന്ന് ഐഎൻഎൽ; വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ച് കാന്തപുരം വിഭാഗവും
കോഴിക്കോട്: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഐഎൻഎൽ രംഗത്തെത്തി. മുസ്ലിം വിഭാഗം നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ഹനിക്കാൻ പാടില്ലെന്നും പിന്നാക്ക ക്ഷേമ പദ്ധതിയും മതമൈത്രിയും തമ്മിൽ കൂട്ടികുഴക്കരുതെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
'വളരെ പ്രായോഗികമായി കേരളത്തിന്റെ സാമൂഹിക ഘടന മനസിലാക്കി കൊണ്ട് മതസൗഹാർദം തകർക്കാത്ത വിധത്തിൽ ഒരു ഫോർമുലയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിൽ ഏതെങ്കിലും ജനവിഭാഗത്തോട് കൂടുതൽ വിവേചനം കാട്ടണമെന്നോ ചരിത്ര പശ്ചാത്തലം മറക്കണമെന്നോ പറയുന്നില്ല. സർക്കാർ ശാശ്വത പരിഹാരത്തിലേക്ക് പോകും. അതിന്റെ പേര് പറഞ്ഞ് ധ്രുവീകരണത്തിന് ശ്രമിക്കാൻ കഴിയില്ല' എന്നായിരുന്നു കാസിം ഇരിക്കൂറിന്റെ പ്രതികരണം. ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് നിർദേശങ്ങൾ നടപ്പിലാക്കണമെന്നും ഐഎൻഎൽ വ്യക്തമാക്കി.
അതേസമയം പിന്നാക്ക ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തോട് എതിർപ്പുമായി കാന്തപുരം എ.പി വിഭാഗവും രംഗത്തുവന്നു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ മകനുമായ ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം. പാലോളി കമ്മിറ്റി റിപ്പോർട്ടിനെ എൽ.ഡി.എഫും സർക്കാറും തള്ളിക്കളഞ്ഞോ എന്ന് വ്യക്തമാക്കണമെന്ന് കുറിപ്പിൽ ആവശ്യപ്പെടുന്നു.
നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും ഉള്ള വിധിയെ ഇത്രയും ലാഘവത്തോടെയും ധിറുതിയോടെയും സമീപിച്ച രീതി ശരിയല്ല. വിഷയത്തിൽ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി തുടക്കത്തിൽ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണെന്നും കുറിപ്പിൽ എ.പി. അബ്ദുൽ ഹക്കീം അസ്ഹരി പറയുന്നു.
അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അനർഹർക്ക് ആനുകൂല്യങ്ങൾ നൽകാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്തപക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ