- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഹമ്മദ് ദേവർകോവിൽ മന്ത്രിയായത് മുസ്ലിംലീഗിന്റെ ചെലവിലോ? ദേവർകോവിലിന് തെരഞ്ഞെടുപ്പു ഫണ്ടായി മുസ്ലിം ലീഗ് എംപി 3 ലക്ഷം നൽകിയെന്ന് ആരോപണം; ലീഗിലെ ഏക വനിതാ സ്ഥാനാർത്ഥിയുടെ തോൽവിക്ക് പിന്നിൽ നേതാക്കളുടെ അന്തർധാരയോ? വിഷയം യുഡിഎഫിലും സജീവ ചർച്ചയാകുന്നു
കോഴിക്കോട്: ഐഎൻഎൽ നേതാവും മന്ത്രിയുമായ അഹമ്മദ് ദേവർ കോവിലിന് ലീഗ് നേതാക്കളുമായുള്ള ബന്ധത്തിൽ സിപിഎം കഴിഞ്ഞ ദിവസം അവരിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെ ദേവർകോവിൽ മുസ്ലിംലീഗിലെ ചിലരുടെ കൂടി തൽപ്പര്യത്തിൽ മന്ത്രിയായ വ്യക്തിയാണെന്ന ആക്ഷേപവും സജീവമാകുന്നു. ഇതിന് കാരണമായ തെളിവുകളും പുറത്തുവരുന്നുണ്ട്.
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായപ്പോൾ തന്നെ അഹമ്മദ് ദേവർകോവിലിന് ലീഗിനുള്ളിൽ നിന്നും സഹായങ്ങൾ ലഭിച്ചിരുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ലീഗിലെ ഏക വനിതാ സ്ഥാനാർത്ഥിയായി നുർബിന റഷീദിനെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ നിന്നും തന്നെ ശ്രമങ്ങൾ ഉണ്ടായിരുന്നു എന്ന ആരോപണങ്ങൾക്കിടയൊണ് ഫണ്ട് വിവാദവും കൊഴുക്കുന്നത്. ഇന്ത്യൻ നാഷനൽ ലീഗ് നേതാവിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് മുസ്ലിം ലീഗ് എംപിയിൽ നിന്നു മൂന്നു ലക്ഷം രൂപ സംഭാവന നൽകിയതാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്.
ഈ തെരഞ്ഞെടുപ്പു ഫണ്ട് വിവാദം ഐഎൻഎല്ലിനൊപ്പം മുസ്ലിംലീഗിലും വിവാദ വിഷയമായി മാറിയിട്ടുണ്ട്. 25 വർഷത്തിനുശേഷം മുസ്ലിം ലീഗ് വനിതാസ്ഥാനാർത്ഥിയെ മത്സരിപ്പിച്ച മണ്ഡലത്തിൽ ലീഗ് എംപി എതിർ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന നൽകിയത് മുസ്ലിം ലീഗിലും നീറിപ്പിടിക്കുന്നുണ്ട്. ഐഎൻഎലിലെ വിഭാഗീയ തർക്കങ്ങൾ രൂക്ഷമായതോടെയാണ് ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്.
ഐഎൻഎൽ സംസ്ഥാന നേതാക്കൾ ഫണ്ട് ലഭിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനെ കടുത്ത ശത്രുവായി ചിത്രീകരിക്കുന്ന ഐഎൻഎൽ സംസ്ഥാന നേതാക്കൾ തന്നെ ലീഗ് എംപിയിൽനിന്ന് ഫണ്ട് സ്വീകരിച്ചത് അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഒരു വിഭാഗം എടുത്തുകാട്ടുന്നു. ലീഗ് എംപിയിൽനിന്ന് മൂന്നു ലക്ഷം സ്വീകരിച്ചതായുള്ള ഫോൺവിളിയുടെ ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
സൗത്ത് മണ്ഡലത്തിൽ ലീഗിന്റെ വനിതാ സ്ഥാനാർത്ഥിയെ തോൽപിച്ച ഐഎൻഎൽ നേതാവ് മന്ത്രിയാവുകയും ചെയ്തു. ലീഗ് എംപിയും ഐഎൻഎൽ നേതാവും വ്യാപാരപ്രമുഖരാണെന്നും സൗഹൃദത്തിന്റെ പേരിലാണ് ഫണ്ട് നൽകിയതെന്നുമാണ് നേതാക്കൾ പറയുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലീഗ് എംപി തുക കൈമാറിയതിനു പുറമേ മന്ത്രിക്ക് ലീഗുമായി 'അന്തർധാര സജീവമാണ്' എന്നും കഴിഞ്ഞദിവസം ഐഎൻഎൽ പുറത്താക്കിയ കെ.പി.ഇസ്മയിൽ, എംകോം നജീബ് തുടങ്ങിയവർ ആരോപിച്ചിരുന്നു.
നരിക്കുനിയിലും തിക്കോടിയിലും ലീഗ് നേതാക്കൾ ഒരുക്കിയ സൽക്കാരത്തിൽ മന്ത്രി പങ്കെടുത്തതിനെതിരെയും ആക്ഷേപം ഉയർന്നിട്ടുണ്ട്. പേരാമ്പ്രയിൽ മുന്മന്ത്രിയും സിപിഎം നേതാവുമായ ടി.പി.രാമകൃഷ്ണനെതിരെ മത്സരിച്ച ലീഗ് സ്വതന്ത്ര സ്ഥാനാർത്ഥിക്കൊപ്പം ഐഎൻഎൽ മന്ത്രി താമരശ്ശേരി ബിഷപ്പിനെ കാണാൻ പോയതും പാർട്ടിക്കകത്ത് ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.
ഇടതുമുന്നണിയിൽ നിന്നും ലീഗിന് വേണ്ട കാര്യങ്ങൾ നേടിയെടുക്കാനുള്ള പാലമായി അഹമ്മദ് ദേവർകോവിൽ മാറുമെന്ന ആക്ഷേപം സിപിഎമ്മിലും വിഷയത്തോടെ ഉയർന്നിട്ടുണ്ട്. അഹമ്മദിന് ഇപ്പോൾ മന്ത്രിസ്ഥാനം നൽകിയത് ഭാവിയിൽ മുന്നണിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയാണ് ഇതോടെ പാർട്ടിയിൽ ഉണ്ടായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ