റാന്നി: ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത സഞ്ചരിച്ച ഇന്നോവയിൽ ഡ്യൂക്ക് ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. പൊന്തൻപുഴ ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29), സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതു മണിയോടെ എരുമേലി ഫോറസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. ശ്യാം അപകടസ്ഥലത്ത് മരിച്ചു. ഗുരുതരമായി പരുക്കേറ്റ രാഹുൽ സുരേന്ദ്രൻ ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരുക്ക് പറ്റിയ മെത്രാപ്പൊലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലും രാഹുലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.