തിരുവനന്തപുരം: ഇന്റർപോൾ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയ കുറ്റവാളി, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച കേസിലെ പ്രതി, പെരുന്നാൾ നമസ്‌കാരത്തിനു തടസമുണ്ടാക്കിയ കേസിലെ പ്രതി, ക്ഷേത്രത്തിലെ കമ്മിറ്റിക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് വാങ്ങുന്ന വ്യക്തി, പഞ്ചായത്ത് ഓഫീസിൽ കൂടുന്ന മീറ്റിങ്ങുകൾ അലങ്കോലപ്പെടുത്തുകയും മെമ്പറിനെ ആക്രമിക്കുകയും ചെയ്ത വ്യക്തി. പാർട്ടി ലോക്കൽ സമ്മേളനം അലങ്കോലപ്പെടുത്തുകയും പാർട്ടി നേതാക്കന്മാരെയും അണികളെയും ആക്രമിച്ച വ്യക്തി ഇങ്ങനെ നിരവധി ആക്ഷേപങ്ങളും കേസുകളുമുള്ള ക്രിമിനലിനെ പാർട്ടി സംരക്ഷിക്കുകയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വാഴിക്കുകയും ചെയ്യുന്നതിൽ പള്ളിക്കലിലെ സിപിഎമ്മുകാർക്കിടയിൽ അമർഷം പുകയുന്നു.

പാർട്ടിയുടെ അധികാരവും പൊലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരിലുള്ള സ്വാധീനവും ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധവും ഉപയോഗിച്ച് പള്ളിക്കലിലെ കിരീടം വയ്ക്കാത്ത രാജാവായി വിലസുകയാണ് സിപിഎം പള്ളിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ സജീബ് ഹാഷിം. ഇവിടത്തെ വലിയ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടക്കമുള്ളവ സജീബിന് കപ്പം നൽകണമെന്നത് അലിഖിത നിയമമായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയത്തിന്റെ പേരിൽ ഗുണ്ടായിസം

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സജീബ് ഹാഷിം. യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്ന് അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതിന് ഇന്റെർപോൾ തിരയുന്ന കുറ്റവാളി കൂടിയാണ് അയാൾ. അത്തരമൊരാളെയാണ് സിപിഎം പള്ളിക്കലിലെ നേതാവായി വാഴിച്ചിരിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകരുടെ ആക്ഷേപം. പാർട്ടി പ്രവർത്തകരെ തന്നെ ആക്രമിച്ച കേസിലും പ്രതിയാണ് സജീബ് ഹാഷിം. പാർട്ടി ലോക്കൽ കമ്മിറ്റി സമ്മേളനം അലങ്കോലപ്പെടുത്തിയെന്നും പാർട്ടി നേതാക്കന്മാരെയും അണികളെയും കൈയേറ്റം ചെയ്തെന്നുമുള്ള പരാതിയും ഇയാളെ പറ്റിയുണ്ട്. എന്നിട്ടും പാർട്ടി നേതൃത്വം ഇയാളെ സംരക്ഷിക്കുന്നത് അത്ഭുത്തോടെയാണ് പ്രവർത്തകർ കാണുന്നത്.

പഞ്ചായത്ത് ഓഫീസിൽ നടന്ന മീറ്റിങ്ങുകൾ തടസപ്പെടുത്തുകയും പഞ്ചായത്ത് അംഗത്തെ കയ്യേറ്റം ചെയ്യുകയും ചെയ്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങൾ പാർട്ടി ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു വന്നിട്ട് ഇന്നേവരെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും സിപിഎം പ്രവർത്തകർ തന്നെ പരാതിപ്പെടുന്നു. ഇയാൾ പാർട്ടി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ചും പാർട്ടി ഫണ്ട് തട്ടിപ്പ് നടത്തുന്നതിനെ കുറിച്ചും നിരവധി പരാതികൾ മേൽഘടകങ്ങൾക്ക് കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ശോഭാ സുരേന്ദ്രനെ പര്യടനത്തിനിടെ ആക്രമിച്ച സംഘത്തിന് നേതൃത്വം നൽകിയിരുന്നതും ഈയാളായിരുന്നു.

ക്വാറി- ലഹരി മാഫിയാ ബന്ധവും സാമ്പത്തിക തട്ടിപ്പും

യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നും അഞ്ച് കോടി രൂപയോളം തട്ടിച്ച ശേഷം ഇന്ത്യയിലേയ്ക്ക് കടന്നയാളാണ് സജീബ് ഹാഷിം. ഈ കേസിൽ ഇന്റെർപോൾ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ സ്വാധീനത്തിന്റെ പുറത്ത് ഇയാളെ തൊടാൻ കേരളാപൊലീസ് പോലും ഭയപ്പെടുകയാണ്.

 

 

പ്രദേശത്തെ ക്വാറി- ലഹരി മാഫിയയുടെ സംരക്ഷകനാണ് ഇയാളെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. പാറക്വാറി മാഫിയകളുടെ കുടിപ്പക കാരണം നിരവധി ഏറ്റുമുട്ടലുകളും, ടിപ്പറുകളുടെ മത്സര ഓട്ടം മൂലം നിരവധി അപകടങ്ങളും ഈ മേഖലയിൽ ഉണ്ടാക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ലോക്ക് ഡൗൺ നിലവിൽ വന്നതിനു ശേഷവും പാറക്വാറി മാഫിയ അവരുടെ പ്രവർത്തനം നിയമപാലകരുടെ ഒത്താശയോടെ തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇതിന് ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് വിവാദ നായകനായ എൽസി സെക്രട്ടറിയാണെന്നാണ് ആരോപണം. ലോക്ക്ഡൗണിനെ തുടർന്ന ക്വാറികൾ പൂട്ടിച്ച പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ഇയാൾ ഉണ്ടാക്കിയ ഡീൽ സംബന്ധിച്ച റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു.

പാറക്വാറി ഉടമകൾക്ക് വേണ്ടി, ക്വാറികളുടെ സമീപ പ്രദേശത്തുള്ള ഭൂവുടമകളെ ഭീഷണിപ്പെടുത്തിയും, വഞ്ചിച്ചും വസ്തുക്കൾ ക്വാറി ഉടമകൾക്ക് കൈവശപ്പെടുത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നതും ഇയാളാണെന്ന് ആരോപണമുണ്ട്. ഇത് സംബന്ധിച്ച പരാതികളും ഇയാൾക്കെതിരെ ഉണ്ട്. മാത്രമല്ല ക്വാറി നടത്തിപ്പിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പുകളും ഇയാൾ നടത്തി വരുന്നുണ്ട്. ഇയാളുടെ വിശ്വസ്തനായ കാട്ടുപുതുശ്ശേരി ബ്രാഞ്ച് മെമ്പർ മുഖേന ഒരു സ്ത്രീയിൽ നിന്നും കാട്ടുപുതുശ്ശേരിയിലെ പാറക്വാറിയോട് ചേർന്ന് കിടക്കുന്ന വസ്തു കൊടുക്കാം എന്ന എഗ്രിമെന്റിൽ ഒരു കോടിയോളം രൂപ വാങ്ങുകയും, പകരം വസ്തു എഴുതി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്യാതെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന പരാതിയും പള്ളിക്കൽ പൊലീസ് സ്റ്റേഷനിൽ നിലവിലുണ്ട്. പണം തിരികെ ചോദിക്കുമ്പോൾ ബിനീഷ് കോടിയേരിയുടെയും മുൻ മന്ത്രി ശ്രീമതി ടീച്ചറുടെയും മകനാണ് ഇതിനു പിന്നിലെന്നും കൂടുതൽ കളിച്ചാൽ അവരൊക്കെ ആരാണെന്നറിയാമല്ലോ എന്നുള്ള ഭീഷണിയുമാണെന്നും പരാതിക്കാരി പറയുന്നു. ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചതോടെ ഭീഷണി വർദ്ധിച്ചിട്ടുണ്ടെന്നാണ് അവരുടെ പരാതി. എന്നാൽ ഈ കേസിൽ ഇതുവരെ അന്വേഷണം നടക്കുകയോ, വേണ്ട നടപടികൾ എടുക്കുകയോ ചെയ്തിട്ടില്ല. പള്ളിക്കൽ പൊലീസ് സ്റ്റേഷനിലെ എൽസി സെക്രട്ടറിയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്ന് അവർ പറയുന്നു.

പാറക്വാറിയിലെ നിന്നുള്ള കമ്മീഷൻ വിഹിതം വെക്കുന്നതിനെ ചൊല്ലിയും ഇവരുടെ കൂട്ടാളികൾ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. സജീബ് ഹാഷിമിന്റെ പാളയത്തിലെ തന്നെ സിഐടിയു അംഗങ്ങളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. കേസിൽ അകപ്പെട്ടു ജയിലിൽ കിടന്ന സഖാക്കൾ പുറത്തു വന്നതിനു ശേഷം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ തിരക്കി വീട്ടിൽ ചെല്ലുകയും സജീബിനെ ആക്രമിക്കുകയും ചെയ്തു. എൽസി സെക്രട്ടറിയുടെ ക്വാറി ബന്ധം ഇത്രയും വ്യക്തമായിരിക്കുമ്പോഴും അയാൾക്കെതിരെ നടപടി എടുക്കാൻ പാർട്ടിക്കും പൊലീസിനും ഭയമാണ്.

ആരാധനാലയങ്ങൾക്ക് നേരെയും അതിക്രമം

വിവിധ മതവിഭാഗങ്ങളുടെ അരാധനാലയങ്ങൾക്ക് നേരെയും ഈ വ്യക്തിയുടെ മർക്കടമുഷ്ടി നീണ്ടുചെന്നിട്ടുണ്ട്. കഴിഞ്ഞ പെരുന്നാളിന് വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആരാധന നടത്തുന്ന സമയത്ത് പള്ളിക്കൽ മുസ്ലിം ജമാഅത്തിനുള്ളിൽ അതിക്രമിച്ചു കയറിയ ഇയാൾ ബഹളമുണ്ടാക്കുകയും മൈക്ക് തട്ടിയെറിയുകയും ഇമാമിനും വിശ്വാസികൾക്കും നേരെ കയ്യേറ്റശ്രമം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പള്ളി അധികാരികൾ പൊലീസ് സ്റ്റേഷനിലും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇയാൾക്കെതിരെ ഉണ്ടായിട്ടില്ല. ഇയാൾ കാണിക്കുന്ന അതിക്രമങ്ങളുടെ സിസി ടിവി ദൃശ്യങ്ങൾ അടക്കമാണ് പരാതി നൽകിയത്. മാത്രമല്ല സിനിമ നിർമ്മാണത്തിന് പള്ളിയിലെ സാധന സാമഗ്രികൾ കടത്തിയതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.

പള്ളിക്കൽ വനദുർഗ ക്ഷേത്രത്തിലെ രണ്ടു വിഭാഗം കമ്മിറ്റിക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് വേണ്ടി ഇടനിലക്കാരനായി അവതരിച്ചു കൊണ്ട് ആ പ്രശ്‌നം വഷളാക്കുകയും ഒരുവിഭാഗം ആളുകളെ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത് ഇയാളാണ്. അവിടത്തെ വരുമാനത്തിൽ നിന്നും ഒരു വിഹിതം വാങ്ങിയ സജീബ് ഹാഷിമും കൂട്ടാളികളും ഇപ്പോഴും അവരിൽ നിന്നും മാസപ്പടി കൈപ്പറ്റിക്കൊണ്ടിരിക്കുകയാണ്. ഈ കേസിലും പരാതി സ്റ്റേഷനിലുണ്ടെങ്കിലും ഇയാൾക്കെതിരെ യാതൊരു നിയമനടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. ആ പ്രദേശത്തെ ലഹരി മാഫിയകൾക്ക് ലഭിക്കുന്ന പിന്തുണ ഇയാളിൽ നിന്നാണെന്നും നാട്ടുകാർ പറയുന്നു.

ബന്ധുനിയമനം

പകൽകുറി ക്ഷീരോത്പാദക സഹകരണസംഘം, പള്ളിക്കൽ യുഐടി, പള്ളിക്കൽ ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിവിടങ്ങളിലെല്ലാം സജീബ് ഹാഷിമിന്റെ അടുത്ത ബന്ധുക്കളെ ജീവനക്കാരായി നിയമിച്ചതിലും, പള്ളിക്കൽ സിഎച്ച്സിയിലെ ശുചീകരണ തൊഴിലാളി നിയമനത്തിലും നാട്ടുകാർക്കും പാർട്ടിപ്രവർത്തകർക്കും യുവജനങ്ങൾക്കും കടുത്ത അതൃപ്തിയുണ്ട്

പൊതുപ്രവർത്തനത്തിന്റെ കുപ്പായത്തിനുള്ളിലിരുന്നുകൊണ്ട് ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുകയും രാഷ്ട്രീയ- ഉദ്യോഗസ്ഥ സ്വാധീനത്തിന്റെ പേരിൽ അവയിൽ ജനിന്നൊക്കെ നിഷ്പ്രയാസം രക്ഷപ്പെടുകയും ചെയ്യുന്ന ഒരാൾ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ തലപ്പത്ത് ഇരിക്കുന്നുവെന്നത് രാഷ്ട്രീയരംഗത്തിനാകെ അപമാനകരമാണ്. ഇതിനെതിരെ ആദ്യം രംഗത്ത് വന്നത് അയാളുടെ പാർട്ടിയിൽപെട്ടവർ തന്നെയാണ് എന്നതാണ് ആശ്വാസകരം. ഇത്തരം ആളുകളെ സംരക്ഷിക്കുന്നതിൽ അധികാരികളും രാഷ്ട്രീയ നേതൃത്വവും പുനർവിചിന്തനം നടത്തെണമെന്നാണ് നാട്ടുകാരുടെ ആവശ്യം.