മലപ്പുറം: ഒരാൾ കമ്യൂണിസ്റ്റുകാരനായിപ്പോയാൽ അയാളെ പൂർണമായും ഒറ്റപ്പെടുത്തുകയും കുപ്രചാരണങ്ങൾ ഉപയോഗിച്ച് തകർക്കുകയുമായിരുന്നു പഴയകാലത്തെ രീതിയെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി.ഒരു ചായക്കടയിൽപോയി ചായകുടിച്ചതിന്പോലും ദലിതനെ തല്ലിചതക്കുന്ന കാലം.ജന്മികളോടും അവരുടെ ഗുണ്ടകളോടും പൊലീസിനോടും ഒരുപോലെ എറ്റുമുട്ടിയാണ് ഇവിടെ കമ്യൂണസ്റ്റ് പാർട്ടിവളർന്നതെന്ന് അദ്ദേഹഒ ചൂണ്ടിക്കാട്ടുന്നു.സഖാവ് പാലോളി മുഹമ്മദ്കുട്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.

  • അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും കമ്മ്യൂണിസ്റ്റുകൾ നേരിടേണ്ടി വന്ന അനുഭവങ്ങളും

ഇന്ത്യ വിട്ടുപോകണമെന്നു പറഞ്ഞ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരം മൂർധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന കാലമായിരുന്നു അത്. ഈ കാലഘട്ടത്തിലാണ് മുസ്ലിം ബഹുജനങ്ങളുടെ വലിയ പിന്തുണയാർജിച്ചു കൊണ്ട് മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം വരുന്നത്. ബ്രിട്ടീഷുകാർ പോകണമെന്ന് ലീഗിന് നിർബന്ധമുണ്ടായിരുന്നില്ല, ബ്രിട്ടീഷുകാർ പോകുന്നപക്ഷം മുസ്ലിംങ്ങൾക്കുള്ള അവകാശങ്ങൾ വേറെ കിട്ടണമെന്നായിരുന്നു വാദം. മുസ്ലിംങ്ങൾക്കൊരു പ്രത്യേക രാഷ്ട്രം വേണമെന്ന ആവശ്യമാണ് പാക്കിസ്ഥാൻ എന്ന രാജ്യമായത്. കോൺഗ്രസിൽ തന്നെ മുസ്ലിം മജ്‌ലിസ് എന്ന പേരിലുള്ള കൂട്ടായ്മയുണ്ടായിരുന്നു അക്കാലത്ത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവർത്തിച്ചിരുന്നത്. പക്ഷേ അവർക്കൊന്നും രാജ്യത്ത് വേണ്ടത്ര പ്രവർത്തനം നടത്താൻ പറ്റിയിരുന്നില്ല. അത്രമാത്രം കടുത്ത എതിർപ്പാണ് മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്ന് ഇവർക്കൊക്കെ നേരിടേണ്ടി വന്നത്. കമ്യൂണിസ്റ്റുകാരെ പറ്റി ജനങ്ങൾക്കിടയിൽ വളരെ മോശമായ അഭിപ്രായ പ്രചരണങ്ങളിൽ മുങ്ങിയിരുന്ന കാലം കൂടിയായിരുന്നു അന്ന്. മതമില്ലാത്തവരാണെന്നും സ്ത്രീകളെ പൊതുസ്ഥലത്ത് ഇറക്കുന്നവരാണെന്നും അത്തരത്തിലുള്ള നികൃഷ്ടമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് കമ്മ്യൂണിസ്റ്റ്കാരെന്നും 60 വയസു കഴിഞ്ഞള ധ്വാനിക്കാൻ വയ്യാതായ ജനങ്ങഴെ വെടിവച്ചു കൊല്ലുമെന്നുമെല്ലാമായിരുന്നു പ്രചരിപ്പിച്ചിരുന്നത്.

ഒരാൾ കമ്യൂണിസ്റ്റായി വന്നാൽ നാലാൾ കൂടുന്ന സ്ഥലത്ത് അയാൾക്ക് സ്ഥാനമുണ്ടായിരുന്നില്ല. ഹരിജനങ്ങളെ മാറ്റിനിർത്തുന്ന പോലെ കമൂണിസ്റ്റുകാരെ ബഹിഷ്‌കരിക്കുന്ന സാഹചര്യമായിരുന്നു. ഇതിനെയെല്ലാം നേരിടണമെന്നതിനാൽ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആളുകൾ വളരെ കുറവാണ്. എണ്ണത്തിൽ കുറവായിരുന്നെങ്കിലും പാർട്ടിയിലേക്കു വന്നവരുടെ മനോനില എന്തും നേരിടാവുന്ന പാകത്തിലായിരുന്നു. അവർ കർഷകരോടൊപ്പവും ജനങ്ങളോടൊപ്പവും നിന്ന് പ്രവർത്തിച്ച് വളർന്നുകൊണ്ടിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്.

  • പാർട്ടിയിലേക്കുള്ള വരവ്

കമ്യൂണിസ്റ്റ് പാർട്ടി ജനങ്ങളുടെ പിന്തുണയോടുകൂടി വളർന്നുകൊണ്ടിരിക്കുന്ന സാഹര്യത്തിലായിരുന്നു ഞാൻ പാർട്ടിയുമായി അടുക്കുന്നത്. പിന്നീട് 1948 കാലത്താണ് പാർട്ടിയുടെ അനുഭാവിയായി ചേരുന്നത്. മൂന്ന് വർഷം ആ ഗ്രൂപ്പിൽ പ്രവർത്തിച്ച് മെമ്പർഷിപ്പിനായി അപേക്ഷിച്ചപ്പോൾ 18 വയസ് തിഞ്ഞില്ലെന്നു പറഞ്ഞ് രണ്ട് തവണ അപേക്ഷ നിരസിക്കപ്പെട്ടു. രണ്ട് തവണ ഇതുപോലെ അപേക്ഷ നിരസിച്ചു. 1951ൽ മൂന്നാമത് അപേക്ഷിച്ചപ്പോഴാണ് എനിക്ക് പാർട്ട് മെമ്പർഷിപ്പ് കിട്ടുന്നത്.

1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച് 1951ൽ ആ നിരോധനം നീക്കിയ കാലംകൂടിയായിരുന്നു അത്. നിരോധനം നീക്കിയതോടെ മലബാറിൽ വലിയ മുന്നേറ്റമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനത്തിൽ ഉണ്ടാക്കാൻ സാധിച്ചത്. മുഖ്യമായും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഏറ്റെടുത്തായിരുന്നു പ്രവർത്തനം. അന്ന് കാര്യമായ വ്യവസായങ്ങളൊന്നും മലബാറിൽ ഉണ്ടായിരുന്നില്ല. കോഴിക്കോട് കണ്ണൂര് പോലുള്ള സ്ഥലങ്ങളിൽ ഒന്നോ രണ്ടോ ഫാക്ടറികൾ മാത്രം. അഞ്ചോ എട്ടോ ആളുകൾ ചേർന്നുള്ള ബീഡി തെരപ്പായിരുന്നു പ്രധാന തൊഴിൽ കേന്ദ്രം. ഈ തൊഴിലാളികളെ സംഘടിപ്പിച്ചുള്ള പ്രവർത്തനത്തിൽ നിന്നാണ് ഒറ്റപ്പെട്ടു പ്രവർത്തിച്ചിരുന്ന സ്ഥിതിയിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി വലിയ സ്വാധീനത്തിലേക്ക് മാറിയത്.

1952ൽ മദിരാശി നിയമസഭിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് നടന്നു. അന്ന് മലബാർ മദിരാശിയുടെ ഭാഗമാണ്. ആ തെരഞ്ഞെടുപ്പിൽ 32 സീറ്റുകളാണ് മലബാറിൽ ഉണ്ടായിരുന്നത്. 32ൽ 5 സീറ്റ് മുസ്ലിംലീഗ് നേടി 4 സീറ്റ് മാത്രമാണ് കോൺഗ്രസ് നേടിയത്. ബാക്കി സീറ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേളപ്പന്റെ പ്രജാ പാർട്ടിയും തമ്മിലുള്ള സഖ്യത്തിനാണ് കിട്ടിയത്. അന്ന് ഏറ്റവും കൂടുതൽ എംഎ‍ൽഎമാരുണ്ടായിരുന്ന ഒറ്റ പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. ടിസി നാരായണൻ നമ്പ്യാർ, കെപി ഗോപാലൻ തുടങ്ങിയ ആളുകളെല്ലാമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

  • ജാതി വ്യവസ്ഥക്കെതിരെ പൊരുതിയ ചായക്കട സംഘട്ടനം

രാഷ്ട്രീയ പ്രവർത്തനം വളരെ സജീവമായി നടക്കുന്ന സാഹചര്യത്തിലായിരുന്നു മറ്റൊരു സംഭവം എന്റെ ജീവിതത്തിൽ നടന്നത്. 1949ൽ ആയിരുന്നു ഇത്. ഹരിജനങ്ങളുടെ സ്ഥിതി ഞാൻ പറഞ്ഞല്ലോ.കോഡൂരിനടുത്ത ചൊളൂരിൽ കൈകൊണ്ട് ഈർച്ചനടത്തുന്ന ഒരു മില്ലുണ്ടായിരുന്നു. ഇവിടത്തെ ജോലി നിർത്തി പിന്നോക്ക സമുദായക്കാരനായ ആണ്ടി ഒരു ചായ കച്ചവടം തുടങ്ങി. ഈ ചായക്കടയിൽ നാടിക്കുട്ടി എന്നു പറയുന്നയാൾ ഉച്ചയ്ക്ക് പണി കഴിഞ്ഞു വരുമ്പോൾ ഒരു ചായകുടിക്കാൻ കയറി. സാധാരണ ഹരിജനങ്ങൾ ചായകുടിക്കാൻ വരുമ്പോൾ മുറ്റത്ത് വച്ചുകൊടുക്കുകയാണ് ചെയ്യുക. അതെടുത്ത് പറമ്പിൽ പോയി കുടിക്കുകയും ഗ്ലാസ് കഴുകിക്കൊണ്ടുവന്ന് വയ്ക്കുകയും ചെയ്യുന്നതാണ് അന്നത്തെ സമ്പ്രദായം. നാടി ചായക്കടയിൽ വന്നപ്പോൾ ആണ്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ചായ കൊണ്ടുനന്ന് വച്ചപ്പോൾ ഒഴിഞ്ഞു കിടന്ന ബെഞ്ചിൽ ഇരുന്ന് ചായകുടിച്ചു. ചായകുടി പകുതിയാകുന്നതിനു മുമ്പേ രണ്ടു പേർ ഇവിടേക്ക് കയറി വന്നു. നാടിക്കുട്ടിയെ കണ്ടതും ഇവർ ബെഞ്ചോടെ ചവിട്ടി താഴെയിട്ടു. ഈ ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. എത്തിയവരെല്ലാം ചേർന്ന് ഇവനെ മർദിച്ചു. ഞങ്ങൾ വന്ന സമയത്ത് രക്തത്തിൽ കുളിച്ച് മുറിവ് പറ്റി റോഡരികിൽ ഇരിക്കുന്ന നാടിക്കുട്ടിയെയാണ് കാണ്ടത്. ഞങ്ങളോടൊപ്പമുണ്ടായിരുന്നത് നാലഞ്ച് പേർമാത്രം. അവർ 25 പേരുണ്ടായിരുന്നു. കുറെ ആളുകളൊക്കെ പോയികഴിഞ്ഞപ്പോൾ ഇവനെയെടുത്ത് ഞങ്ങൾ പോത്തുവണ്ടിയിൽ നാട്ടുവൈദ്യന്റെയടുത്തുകൊണ്ടുപോയി.

മുറിവൊക്കെ കെട്ടി സുഖമായി ഇവൻ പുറത്തിറങ്ങി. ഇതിനിടെ കുറെ ആളുകൾ കൂടെ ഞങ്ങളോടൊപ്പം കൂടി. ഈ സമയം ഞങ്ങൾക്കൊരു ബദ്ധി തോന്നി. പരസ്യമായി ഒരു ദിവസം അവിടെ ഇരുന്ന് ചായ കുടിക്കാമെന്ന് പറഞ്ഞു. പക്ഷെ ഇതിന്റെ പ്രത്യാഘാതം മനസിലാക്കിയതുകൊണ്ട് ആദ്യം ഇവൻ കൂട്ടാക്കിയില്ല. അങ്ങനെ ആറ് മാസത്തെ പരിശ്രമത്തിലാണ് അവൻ സമ്മതിച്ചത്. ഒരു ദിവസം ഏഴ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം ഇവനെയും കൂട്ടി ഈ ചായക്കടയിൽ ചായകുടിക്കാൻ കയറി. മുമ്പ് സംഭവിച്ചതു പോലെ തന്നെ ചായകുടി തീരും മുമ്പേ മറു വിഭാഗം കടയിലേക്കു കയറി. ആദ്യം ചായക്കട അടിച്ചു തകർത്തു. പിന്നീടുള്ള പോരാട്ടം ഞങ്ങളുമായിട്ടായിരുന്നു. കുറച്ചു നേരം ഞങ്ങൾ അടിച്ചു നിന്നു. അതുകഴിഞ്ഞപ്പോൾ ഞങ്ങൾ ക്ഷീണിച്ചു. കാരണം അവരുടെ ആളുകൾ വർധിച്ചു വരികയാണ്.

ഈ സംഘട്ടനത്തിൽ ഒരുപാടു പേർക്ക് പരിക്കു പറ്റി. ഈർച്ച തെറ്റുകൊണ്ട് അടിച്ച് എന്റെ കാലിന്റെ മാംസ കഷണം തെറിച്ചു. എല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. ഇന്നും ഇതിന്റെ പാടും കല്ലിപ്പും കാലിലുണ്ട്. ശരീരത്തിന്റെ വേദന ഏറ്റവും കൂടുതൽ അറിഞ്ഞ സംഭവമായിരുന്നു അത്. ആറ് മാസം കിടക്കയിൽ നിന്ന് അനങ്ങാനാകാതെ മലം മൂത്രം വരെ അവിടെന്ന് എടുക്കുന്ന സ്ഥിതിയായിരുന്നു.അത്ര വലിയ വേദനയായിരുന്നു. അന്നത്തെ സമൂഹത്തിലുള്ള പൊതു അവസ്ഥയാണ് ഞാൻ ഇതിലൂടെ പറയുന്നത്. ഈ ചെയ്യുന്നവരൊക്കെ ദുഷ്ടന്മാരായിട്ടല്ല. ഹിന്ദുക്കൾ, അല്ലെങ്കിൽ മുസ്ലീമല്ലാത്ത ആളുകളെ ഒക്കെ മനുഷ്യന്റെ പരിഗണന അവർക്കു കൊടുക്കാൻ തയ്യാറല്ല. മതപരമായിട്ട് ആകെ ദൈവത്തിൽ തൃപ്തിപ്പെട്ടിട്ടുള്ള സമൂഹം മുസ്ലീമീങ്ങൾ മാത്രമുള്ളൂവെന്നാണ് ആ കാലത്തെ ബോധം. അതിനു സഹായകരമായിട്ടുള്ള ഉപദേശങ്ങളും മതപ്രസംഗങ്ങളുമൊക്കെയാണ് ആ കാലഘട്ടത്തിൽ നടന്നിരുന്നത്.

  • കമ്യൂണിസ്റ്റായതിൽ കുടുംബത്തിൽ നിന്നും മതപരമായും നേരിടേണ്ടി വന്നത്

കുടുംബത്തിൽ ബാപ്പയും ഉമ്മയും ഞങ്ങൾ മക്കളെല്ലാവരും ഭയപ്പാടോടെ ആയിരുന്നില്ല, വലിയ സ്‌നേഹത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ബാപ്പ അന്നത്തെ യാഥാസ്ഥികരുടെ കൂട്ടത്തിലായിരുന്നില്ല. അതിൽ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരു വിശ്വാസിയായിരുന്നു. പക്ഷെ സമൂഹത്തിന്റെ സമ്മർദം കൊണ്ട് എന്നോട് ഒരു ദിവസം പറഞ്ഞു ഇനി വീട്ടിലേക്ക് കടക്കേണ്ടന്ന്. ജാഥയിൽ പോകുന്നതും മുദ്രാവാക്യം വിളിക്കുന്നതുമെല്ലാം ആളുകൾ കാണുന്നുണ്ടല്ലോ. ആളുകളിൽ നിന്നുള്ള വലിയ തോതിലുള്ള സമ്മർദമാണ് ബാപ്പാനെ അതിന് പ്രേരിപ്പിച്ചത്. അത് ബാപ്പ ഇഷ്ടപ്പെട്ടു പറഞ്ഞതല്ലയെന്നതിന്റെ തെളിവാണ് ഞാൻ പോയ ശേഷം ബാപ്പ പൊട്ടിക്കരഞ്ഞു എന്നുള്ളത്.

വീട്ടുകാരറിഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനം അന്ന് നടക്കില്ല. വീട്ടുകാരെ മറച്ചുവച്ചുകൊണ്ടാണ് അന്നത്തെ എല്ലാ പ്രവർത്തനവും നടക്കുക. ഞാൻ ആദ്യം പറഞ്ഞ കമ്യൂണിസ്റ്റുകാർക്ക് ചാർത്തിക്കൊടുത്ത വിശേഷണങ്ങളെല്ലാം വിശ്വസിക്കുന്ന സ്ഥിതിയായിരുന്നു വീട്ടുകാർ. മരിച്ചു പോകേണ്ടേ, പടച്ചോൻ ശിക്ഷിക്കില്ലേ എന്നൊക്കെ പറയുന്ന പരുവത്തിലായിരുന്നു.

( തുടരും).