- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദായ സംഘടനകളോട് എതിർപ്പില്ല; അവരെ ഒപ്പം നിർത്തും; കുറ്റപ്പെടുത്തിയത് സമുദായ സംഘടനകളെയല്ല, രാഷ്ട്രീയ നേതൃത്വത്തെ; ലോകസഭാ വിജയത്തെ തെറ്റായി വായിച്ചത് നിയമസഭയിൽ പരാജയ കാരണമായി; തിരിച്ചുവരവിന് തന്ത്രങ്ങളൊരുക്കി വിഡി സതീശൻ; അഭിമുഖത്തിന്റെ രണ്ടാം ഭാഗം
തിരുവനന്തപുരം: താൻ സമുദായ സംഘടനകൾക്ക് എതിരാണെന്നുള്ളത് തെറ്റായ വായനയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അവരെ ഒപ്പം നിർത്തി വിശ്വാസം നേടിയെടുക്കും. കോൺഗ്രസ് പാർട്ടിയിൽ ഗ്രൂപ്പുകളുടെ അതിപ്രസരം ഇല്ലാതാക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാത്തതും ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തെറ്റായി വായിച്ചതും പരാജയകാരണമായി. വീണ്ടുമൊരു തുടർ എൽഡിഎഫ് ഭരണം ഉണ്ടാകാതിരിക്കാൻ കൃത്യമായ പ്ലാനുകളുണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ
പറയുന്നു. വിഡി സതീശനുമായുള്ള അഭിമുഖം തുടരുന്നു.
തുടർഭരണമെന്ന ചരിത്രനേട്ടം കൈവരിച്ച പിണറായി സർക്കാരിന്റെ മൂന്നാംഭരണത്തിന് തട ഇടാൻ എന്താണ് താങ്കൾക്ക് മുന്നിലുള്ള പദ്ധതി?
എന്തുകൊണ്ട് തോറ്റു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ എനിക്കുണ്ട്. എല്ലാകാര്യങ്ങളും പരസ്യമായി പറയാൻ പറ്റില്ല. തോറ്റതിന് പ്രധാന കാരണം സംഘടനാ ദൗർബല്യങ്ങളാണ്. മറ്റൊന്ന് ഗവൺമന്റിനെ പൂർണമായും പ്രതികൂട്ടിൽ നിർത്തി ജനകീയ വിചാരണ ചെയ്യാൻ നമുക്ക് കഴിഞ്ഞില്ല. പിന്നെ ഇപ്പോൾ എല്ലാത്തിലുമൊരു പ്രൊഫഷണലിസമുണ്ട്. ഉഗാണ്ടയിലൊരു തെരഞ്ഞെടുപ്പ് നടന്നാലും അത് കൈകാര്യം ചെയ്യുന്നത് പ്രൊഫഷണൽ ഏജൻസികളായിരിക്കും. പിണറായി വിജയനെ പോലെ ഓൾഡ് സ്കൂളിൽപെട്ട ഒരു രാഷ്ട്രീയ നേതാവ് പോലും ഒരു പ്രൊഫഷണൽ ഏജൻസിയുടെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. നമ്മളതൊന്നും ശ്രദ്ധിച്ചില്ല. ഒരു സോഷ്യൽ മീഡിയ ക്യാംപെയ്ൻ പോലും ഓർഡനൈസ്ഡ് ആയി നടത്താൻ നമുക്ക് സാധിച്ചില്ല. രമേശ് ചെന്നിത്തലയെ വ്യക്തിഹത്യ നടത്താൻ അവർക്ക് ഒരു പ്രയാസവുണ്ടായില്ല. നേരം വെളുക്കും മുമ്പ് ഒരാളെ വഷളാക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കും. അതൊന്നും വേണ്ടവിധം കൗണ്ടർ ചെയ്യാൻ നമുക്ക് സാധിച്ചില്ല. നമ്മൾ പരമ്പരാഗതമായ രീതിയിൽ എൽഡിഎഫ് മാറിയാൽ യുഡിഎഫ് വരും എന്ന ചിന്തയിൽ അങ്ങ് പോയി. ആ രീതിക്ക് മഹാമാരിയുടെ പശ്ചാത്തലം മാറ്റമുണ്ടാക്കി.
ഒരു മഹാമാരി വരുമ്പോൾ രാഷ്ട്രീയത്തിൽ എങ്ങനെ നിലകൊള്ളണമെന്നതിൽ ചരിത്രത്തിൽ നിന്നൊരു പാഠമുണ്ട്. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ ബ്രിട്ടനിലാകെ പകർച്ചവ്യാധി പടർന്നുപിടിച്ചു. അന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസന്റ് ചർച്ചിൽ യുദ്ധം കഴിഞ്ഞ് ഹീറോ ആയി നിൽക്കുന്ന സമയമാണ്. അന്ന് പ്രതിപക്ഷ പാർട്ടിയുടെ നേതാവായിരുന്ന ക്ലമന്റ് ആറ്റ്ലി കൈകൊണ്ട ഒരു സ്ട്രാറ്റജിയുണ്ട്. സർവ പിന്തുണയും നൽകി ഗവൺമെന്റിനൊപ്പം അദ്ദേഹം നിലകൊണ്ടു. ഒടുവിൽ ഇലക്ഷൻ വന്നപ്പോൾ ചർച്ചിൽ തോറ്റു, ആറ്റ്ലി ജയിച്ചു. ഇതൊരു പാഠമാണ്. ജനങ്ങൾ ആഗ്രഹിക്കുന്നത് അത്തരം ഘട്ടങ്ങളിൽ അവർക്കൊപ്പം ഉണ്ടാകണമെന്നാണ്. അത്തരം കാര്യങ്ങൾ ഞങ്ങളെപോലുള്ള ആളുകൾ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഒരു പരമ്പരാഗതരീതിയിലായിരുന്നു മുന്നോട്ടുപോയത്.
പുതിയ തലമുറ വളരെ ശ്രദ്ധയോടെയാണ് പൊതുപ്രവർത്തകർ അടക്കമുള്ളവരെ വീക്ഷിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന ഓരോ വാക്കുകൾ പോലും സൂക്ഷിച്ചുവേണം. രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും നല്ല കമ്യൂണിക്കേറ്റേഴ്സ് ആയിരിക്കണം. കാലം മാറുന്നതനുസരിച്ച് നമ്മളും അപ്ഡേറ്റ് ആകണം. നമ്മുടെ മനസിൽ ആശയമുണ്ടായാൽ മാത്രം പോരാ, ആ ആശയം ജനങ്ങളുമായി നിരന്തരം സംവദിക്കണം. നമ്മൾ എന്താണ് ചിന്തിക്കുന്നത്, എന്താണ് പറയുന്നത്, പുതിയ ആശയങ്ങൾ നമുക്കുണ്ടോ, പുതിയ സമീപനങ്ങൾ നമുക്കുണ്ടോ എന്നൊക്കെ അവർ ശ്രദ്ധിക്കുന്നുണ്ട്. പുതിയ തലമുറ പരമ്പരാഗത രീതിയിൽ ചിന്തിക്കുന്നവരല്ല. അപ്പോൾ തലമുറകളുടെ വിടവ് നികത്തി അവർക്കാവശ്യമായ രീതിയിൽ അവരോട് ആശയവിനിമയം നടത്താൻ നമുക്ക് സാധിക്കണം.
കേരളത്തിൽ വളരെ കൃത്യമായിട്ടുള്ള ഒരു കമ്യൂണൽ വോട്ടിങ് പാറ്റേൺ ഉണ്ടായിട്ടുണ്ട്. അതിനെ എത്തരത്തിൽ മറികടക്കാൻ കോൺഗ്രസിന് സാധിക്കും?
കേരളത്തിലെ മുന്നണികളുടെ നേതൃത്വത്തിൽ നിൽക്കുന്ന ആളുകൾക്ക് ഏറ്റവും പ്രധാനമായി വേണ്ടത് ഒരു മതേതരത്വമുഖമാണ്. എല്ലാ മതവിഭാഗങ്ങൾക്കും വിശ്വാസം വേണം. ഇപ്പോൾ 80:20 സംവരണത്തിന്റെ വിഷയം ഉണ്ടായി. സർവ്വകക്ഷി യോഗത്തിൽ സിപിഎമ്മിനും സിപിഐയ്ക്കും ആ വിഷയത്തിൽ ഒരു അഭിപ്രായമുണ്ടായിരുന്നില്ല. അത് പ്രതിപക്ഷത്തിന്റെ തലയിൽവച്ച് ഒഴിയാനാണ് അവർ നോക്കിയത്. അത് എന്നെ കെണിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന ഷാജന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ കുറച്ചുകൂടി ജാഗരൂകനായിരുന്നു. പക്ഷെ ഏതിൽ ഏറ്റവും പോസിറ്റീവ് എന്തെന്നാൽ സർവകക്ഷിയോഗത്തിൽ കോൺഗ്രസും ലീഗും കേരളാ കോൺഗ്രസും അടക്കമുള്ള യുഡിഎഫിലെ എല്ലാ പാർട്ടികളും ഒരേ ശബ്ദത്തിലാണ് സംസാരിച്ചത്. അതിലൊരു ഫോർമുല ഉണ്ടായിരുന്നു. ആ ഫോർമുല കേരളത്തിലെ എല്ലാക്രൈസ്തവ മേലധ്യക്ഷന്മാർക്കും മുസ്ലിം സംഘടനകൾക്കും അംഗീകരിക്കാൻ കഴിയുന്ന ഫോർമുലയായിരുന്നു.
നമ്മൾ സെക്യുലറാണെന്ന ആത്മവിശ്വാസം നമുക്കുണ്ടെങ്കിൽ നമുക്ക് ആരെയും വിമർശിക്കാൻ കഴിയും, ആരെയും തിരുത്താൻ കഴിയും. എല്ലാവർക്കും നമ്മളെ വിശ്വാസമാകും. ആ വിശ്വാസമുണ്ടാക്കിയെടുക്കാൻ സാധിച്ചാൽ കേരളത്തിലെ ഒരു സമുദായത്തിലെയും വോട്ട് പോകില്ല. യുഡിഎഫിന് ഇത്തവണ നഷ്ടപ്പെട്ടുപോയ പരമ്പരാഗത വോട്ടുകളൊക്കെ മുന്നണിയിലേയ്ക്ക് തിരിച്ചുവരും. എന്റെ മണ്ഡലത്തിൽ എന്റെ സമുദായം നാലാമതോ അഞ്ചാമതോ മാത്രമാണ്. എന്നാൽ ഓരോ തെരഞ്ഞെടുപ്പിലും കൂടുതൽ കൂടുതൽ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ ജയിക്കുന്നത്. കേരളത്തിൽ വളരെ അപൂർവം ആളുകൾക്ക് മാത്രമെ അത്തരമൊരു നേട്ടം അവകാശപ്പെടാൻ കഴിയുകയുള്ളു. അതിന് കാരണം എന്റെ മിടുക്കല്ല. ഒന്ന് എന്റെ പാർട്ടിയുടെ ശക്തിയാണ്. മറ്റൊന്ന് ഞാനെടുക്കുന്ന പൊസിഷനിങാണ്. യുഡിഎഫ് പോലൊരു മുന്നണിക്കെ അത് എടുക്കാൻ കഴിയൂ. ഇന്ത്യയ്ക്കൊരു മതേതരത്വ പാരമ്പര്യമുണ്ട്. അത് മതനിരാസമല്ല. എല്ലാ മതങ്ങളെയും ഉൾക്കൊള്ളലാണ്. ഞാൻ ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്ന ഒരു ഹിന്ദുമത വിശ്വാസിയാണ്. എന്നാൽ അതേസമയം തന്നെ എന്റെ സഹോദരമതത്തിൽപെട്ട താങ്കളുടെ നേർക്ക് ആരെങ്കിലും അന്യായമായി വിരൽചൂണ്ടിയാൽ താങ്കളുടെ മുന്നിൽ വന്ന് താങ്കളെ സംരക്ഷിക്കാൻ എനിക്ക് കഴിയും. അപ്പോഴാണ് ഞാനൊരു മതേതരവാദിയാകുന്നത്. മതത്തെ തള്ളിപ്പറഞ്ഞുകൊണ്ടല്ല ഞാൻ മതേതരവാദിയാകുന്നത്. ഇന്ത്യൻ സെക്യുലറിസത്തിന്റെ ആത്മാവ് അതാണ്. എല്ലാവരെയും വിശ്വാസത്തിലെടുക്കാൻ കഴിയുന്ന നിലപാടും അതുതന്നെയാണ്. ഞാൻ മതമേലധ്യക്ഷന്മാരെ തള്ളിപ്പറഞ്ഞെന്നും പറഞ്ഞ് വലിയ വാർത്തകൾ പ്രചരിച്ചു. അത് തെറ്റാണ്. ഞാൻ അന്ന് പറഞ്ഞത് സമുദായ നേതാക്കളുമായി നമ്മൾ ബന്ധപ്പെടുന്നതിൽ തെറ്റില്ല, അവരുമായി ആശയവിനിമയം നടത്തണം, അവരുടെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കണം, ഏതെങ്കിലുമൊരു മതവിഭാഗത്തോട് ഒരു അനീതി നടന്നാൽ നമ്മളവിടെ ഓടിയെത്തണം, അവരെ ചേർത്തുനിർത്തണം, സഹായിക്കണം. പക്ഷെ ഒരു അകലം വേണം.
പക്ഷെ സുകുമാരൻ നായർ പൊട്ടിത്തെറിച്ചു.
ഞാനതിന് മറുപടിയൊന്നും പറയാൻ പോയില്ലല്ലോ. ഞാൻ അദ്ദേഹത്തെ പറ്റി മോശമായിട്ടൊന്നും പറഞ്ഞിട്ടില്ലല്ലോ. എൻഎസ്എസിനെ പറ്റി നല്ല അഭിപ്രായം മാത്രമാണ് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളത്. സംഘപരിവാറിന് ഒരിക്കലും വിലയ്ക്കെടുക്കാൻ സാധിച്ചിട്ടില്ലാത്ത ഹിന്ദു സമുദായസംഘടനയാണ് എൻഎസ്എസ്. പല സംഘടനകളെയും കൈകാര്യം ചെയ്യാൻ സാധിച്ച സംഘപരിവാറിനെ എൻഎസ്എസിന്റെ മതിൽകെട്ടിനകത്തേയ്ക്ക് അവർ കയറ്റിയിട്ടില്ല. അതവരുടെ നിലപാടാണ്. അതൊരു സെക്യുലർ നിലപാടാണ്.
രാഷ്ട്രീയപാർട്ടികളെ സമുദായസംഘടനകൾക്ക് വിമർശിക്കാൻ പാടില്ലെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. വ്യക്തികൾക്കും വിമർശിക്കാം, സംഘടനകൾക്കും വിമർശിക്കാം. അവർക്ക് അർഹമായതെന്തെങ്കിലും ചെയ്തുകൊടുത്തില്ലെങ്കിൽ തങ്ങളോട് അനീതി കാണിച്ചെന്ന് അവർക്ക് പറയാലോ. അതിനപ്പുറത്തേയ്ക്ക് ആരാകണം എംഎൽഎ, ആരാകണം മന്ത്രി എന്നൊക്കെ അവർ തീരുമാനിക്കുന്നതിനെ പറ്റിയാണ് ഞാൻ പറഞ്ഞത്. അതും സമുദായസംഘടനകളെയല്ല ഞാൻ കുറ്റം പറഞ്ഞത്, ഞാൻ വിമർശിച്ചത് രാഷ്ട്രീയ നേതൃത്വത്തെയാണ്.
അതിന് കഴിയുമോ എന്നാണ് എന്റെ ചോദ്യം? കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ജാതിയും മതവും അനുസരിച്ചായിരുന്നല്ലോ എല്ലാ മന്ത്രിമാരെയും നിയമിച്ചത്. അതുകൊണ്ടാണല്ലോ താങ്കളും മന്ത്രിയാകാതെ പോയത്. അതിനെ എങ്ങനെ മറികടക്കാൻ പറ്റും?
അത് മറികടക്കാൻ പറ്റും. പക്ഷെ പ്രാതിനിത്യസ്വഭാവത്തോടെ ഓരോ മത- ജാതി വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അവസരങ്ങൾ നൽകുന്നതിൽ തെറ്റില്ല. സാമൂഹ്യമായി പിന്നോക്കം നിൽക്കുന്നവരെയോക്കെ അവസരങ്ങൾ നൽകി മുൻനിരയിൽ കൊണ്ടുവരേണ്ടത് നമ്മുടെയൊക്കെ ചുമതലയാണ്. അത് വിദ്യാഭ്യാസ മേഖലയിലും തൊഴിൽരംഗത്തും മാത്രമല്ല രാഷ്ട്രീയരംഗത്തും വേണം. വാസ്തവത്തിൽ സാമുദായികസംഘടനങ്ങൾ ശ്രദ്ധിക്കേണ്ടത് അതാത് സമുദായങ്ങളിലെ താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാനാണ്. എല്ലാ സമുദായങ്ങളിലും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായുമൊക്കെ പിന്നോക്കം നിൽക്കുന്നവരുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അവരെ കൈപിടിച്ചുയർത്താൻ എല്ലാ സമുദായസംഘടനകളും ശ്രദ്ധിക്കുന്നില്ല, ചിലരൊക്കെ ചെയ്യുന്നുണ്ട്.
പെരുന്നയിൽ പോകുക, അരമനകളിൽ പോകുക എന്നതൊക്കെ ഇല്ലാതെ പറ്റുമോ ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയക്കാരന്?
നമ്മൾ പോകുന്നതിൽ എന്താണ് തെറ്റ്? ഞാൻ ഇവിടങ്ങളിൽ പോകാത്ത ആളൊന്നുമല്ല, ഇവരോടൊന്നും ബന്ധപ്പെടാത്ത ആളൊന്നുമല്ല. പക്ഷെ എന്റെ വ്യക്തിപരമായ ആവശ്യത്തിന് ഞാൻ ഇവരെയൊന്നും കാണാറില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു ബിഷപ്പ്, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു സമുദായനേതാവ് ആവശ്യപ്പെടുകയാണ് നമ്മളെയൊന്ന് കാണണം. കാണാൻ പോകുന്നതിൽ എന്താണ് തെറ്റ്. നമ്മൾ എത്രയോപേരെ കാണുന്നു. അതിലൊന്നും തെറ്റില്ല. എന്നാൽ അതിനപ്പുറത്തേയ്ക്ക് അത് പോകരുത്. രാഷ്ട്രീയനേതാക്കൾ മോശക്കാരൊന്നുമല്ലല്ലോ.
ഞാൻ രാഷ്ട്രീയനേതൃത്വത്തെയാണ് കുറ്റപ്പെടുത്തിയത്. സമുദായനേതാക്കൾ അത് തെറ്റിദ്ധരിച്ചതാണ്. സമുദായനേതാക്കളുടെ ഭാഗത്തല്ല കുഴപ്പം. അവർ പറയുന്നത് പോലെ രാഷ്ട്രീയനേതൃത്വം ചലിക്കാൻ നിന്നാൽ അവർ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. നമ്മളൊരു പാർട്ടിയല്ലേ. അതിനൊരു വ്യക്തിത്വമില്ലേ. അത് സമുദായസംഘടനകളെക്കാൾ താഴെയാണെന്ന് തോന്നിയാൽ പിന്നെന്തിനാ രാഷ്ട്രീയ പ്രവർത്തകരാകുന്നത്, സമുദായ സംഘടനയിൽ പ്രവർത്തിക്കാൻ പോയാൽ പോരെ.
യുഡിഎഫിന്റെ ഭരണകാലത്ത് സമുദായങ്ങൾ ഭരിക്കുന്നുവെന്നതാണ് യുഡിഎഫിനെതിരെ ഉണ്ടായിരുന്ന പ്രധാന ആരോപണം.
അതൊന്നും ഇനി ഉണ്ടാവില്ല. എന്നാൽ അന്നുണ്ടായിരുന്നതിനെക്കാൾ നല്ല ബന്ധം ഈ സമുദായങ്ങളുമായി ഉണ്ടാകും. ഒരു സമുദായത്തേയും തള്ളിപ്പറയില്ല. അവരുടെയൊക്കെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി അവരോടൊപ്പം പോരാടും. അതിൽ നിന്നും നല്ല തലമുറകൾ ഉണ്ടാകുന്നതിന് വേണ്ടിയുള്ള എല്ലാ പിന്തുണകളും നൽകുകയും ചെയ്യും. അതിലൊക്കെ വ്യത്യസ്തമായ സമീപനമായിരിക്കും. ഞാൻ ഇപ്പോൾ ഇതൊക്കെ പറയുമ്പോൾ കേൾക്കുന്നവർ വിചാരിക്കും ഇതൊക്കെ ഓരോരുത്തരുടെ ആരംഭശൂരത്വമാണെന്ന്. ഇത് ആരംഭശൂരത്വമല്ല. കാഴ്ച്ചപ്പാടുകളിലുണ്ടാകുന്ന വ്യത്യാസമാണ്. ഇതൊരു പുതിയ സ്കൂളാണ്. പുതിയ സ്കൂളാണെന്ന് വച്ചാൽ എഴുപത് വയസുള്ള ഒരാൾക്ക് ഈ സ്കൂളിൽ ചേരാൻ കഴിയില്ലെന്നില്ല. വയസല്ല, മനസാണ് പ്രധാനം.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫും വൻവിജയം നേടാനുള്ള പ്രധാനകാരണം മുസ്ലിം വോട്ടുകളുടെ ഒഴുക്കാണ്. സംഘപരിവാറിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുന്നത് പിണറായി വിജയനാണെന്ന തോന്നലിലാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം മതവിഭാഗത്തിന്റെ പിന്തുണ എൽഡിഎഫിന് ലഭിച്ചത്. അതിനെ എങ്ങനെ നിങ്ങൾ അതിജീവിക്കും? എങ്ങനെ മുസ്ലിം മനസ് നിങ്ങൾ നേടും?
ലോകസഭാ തെരഞ്ഞെടുപ്പിലെ വിജയം ശരിയായി വായിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നതൊരു സത്യമാണ്. അതുപോലെ തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയം തെറ്റായി വായിച്ചു. ഒരുദാഹരണം പറഞ്ഞാൽ കിറ്റും പെൻഷനും കൊടുത്തതുകൊണ്ടാണ് എൽഡിഎഫ് ജയിച്ചതെന്ന് നമ്മുടെ ആൾക്കാർ തന്നെ പറഞ്ഞുപരത്തി. ശരിക്കും പതിനായിരത്തോളം സീറ്റുകൾ എൽഡിഎഫും എണ്ണായിരത്തോളം സീറ്റുകൾ യുഡിഎഫും ജയിച്ചു. തിരിച്ചായിരുന്നു സംഭവിക്കേണ്ടിയിരുന്നത്. ഈ എണ്ണായിരം സീറ്റുകളിൽ കിറ്റും പെൻഷനും കൊടുത്തില്ലായിരുന്നോ? കിറ്റും പെൻഷനും വലിയ കാര്യമാണെന്ന് പ്രചരിപ്പിച്ചത് നമ്മൾ തന്നെയായിരുന്നു. ശരിക്കും സംഘടനാ സംവിധാനം കൃത്യമായി ഒരുക്കിയില്ല, സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയൊന്നും കർശനമായി പാലിക്കപ്പെട്ടില്ല, ഘടകക്ഷികൾക്ക് നൽകിയ സീറ്റുകൾ ജയിപ്പിച്ചെടുക്കുന്നതിൽ കോൺഗ്രസിന് പലയിടത്തും വീഴ്ച്ച സംഭവിച്ചു. ഈ കാരണങ്ങളായിരുന്നു തോൽവിക്ക് പ്രധാന കാരണം. ഒരു തെരഞ്ഞെടുപ്പ് ജയിക്കുന്നത് അതിന്റെ മുന്നൊരുക്കങ്ങൾ കൊണ്ടാണ്. ഇപ്പോൾ പിണറായി വിജയന്റെ സോഷ്യൽ എൻജിനിയറിങ് കൊണ്ടാണ് എൽഡിഎഫ് ജയിച്ചതെന്നാണ് പറയുന്നത്. എന്താണ് ഈ സോഷ്യൽ എൻജിനിയറിങ്. സമുദായ പ്രീണനമെന്നതിന്റെ പോളിഷ് ചെയ്ത വാക്കാണ് സോഷ്യൽ എൻജിനിയറിങ് എന്നത്. സംഗതി സമുദായ പ്രീണനം തന്നെ. രീതി വ്യത്യാസമുണ്ട്. സമുദായ നേതാക്കളുടെ അടുത്തേയ്ക്ക് പോകാതെ അവരെ വരുത്തി കൊത്തിക്കുന്ന രീതിയാണത്. അതിന് വേണ്ടി എന്തുംചെയ്യും. അതിന് പകരം ഞങ്ങൾ ഈ സമുദായങ്ങളെ പ്രീണിപ്പിക്കാനൊന്നും പോകുന്നില്ല. പകരം അവരുമായി നല്ല ബന്ധമുണ്ടാക്കും. അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിക്കൊടുക്കാൻ ഒപ്പമുണ്ടാകും, അവരോട് ആരെങ്കിലും അനീതി കാണിച്ചാൽ അവരെ ചേർത്തുനിർത്തി അതിന് പരിഹാരം കാണും. ആ ഒരു വിശ്വാസം അവർക്കുണ്ടാകണം. അത് ഒരാഴ്ച്ച കൊണ്ടോ നാല് ദിവസം കൊണ്ടോ കഴിയുന്ന കാര്യമല്ല. അതിന് ആദ്യം യുഡിഎഫിന്റെ മതേതരമുഖം ജനങ്ങൾക്കും സമുദായസംഘടനകൾക്കും ബോധ്യപ്പെടണം. ആ സെക്യുലർ പൊസിഷനിങ് തീർച്ചയായും യുഡിഎഫിനുണ്ടാകും.
നമ്മൾ ഈ സമുദായ സംഘടനകളെയൊന്നും ശത്രുക്കളായല്ലല്ലോ കാണുന്നത്. അത് ഞാൻ മുമ്പ് പറഞ്ഞതിന്റെ തെറ്റായ വായനയാണ്. അതവർക്ക് ബോധ്യപ്പെടും. പിന്നെ ജനങ്ങളുടെ വോട്ടൊന്നും ഇവരുടെ കൈയിലല്ലല്ലോ. പലരുടെയും കൈയിൽ താക്കോൽ മാത്രമേ ഉള്ളു. ചിലരുടെ കൈകളിൽ മാത്രമാണ് പെട്ടിയുള്ളത്. ജനങ്ങൾ നമ്മുടെ നിലപാടുകൾ ശ്രദ്ധിക്കുന്നുണ്ട്. ആ നിലപാടുകൾ എടുക്കാനുള്ള അവസരം വരും. 80:20 വിഷയം നിലപാടെടുക്കാനുള്ള ഒരു അവസരമാണ്. അക്കാര്യത്തില് നമ്മളെന്ത് നിലപാടെടുക്കുമെന്ന് അവർ നോക്കുന്നുണ്ട്. അക്കാര്യത്തിൽ യുഡിഎഫിന്റെ നിലപാട് എല്ലാവരും കൂടി ഒന്നിച്ചെടുത്ത തീരുമാനമാണ്.
ആ വിഷയം ഇതുവരെ തീർന്നിട്ടില്ല. ഞാൻ ഷാജന്റെ പരിപാടി കണ്ടിരുന്നു. നിങ്ങളതിന്റെ ഉള്ളിലേയ്ക്ക് ഇറങ്ങിച്ചെന്ന് വളരെ വിശദമായി പറഞ്ഞിട്ടുണ്ടായിരുന്നു. ആ വിഷയം പലരും പഠിച്ചിട്ടില്ല. പല രാഷ്ട്രീയനേതാക്കൾക്കും പത്രങ്ങളിൽ വായിച്ച വിവരങ്ങൾ മാത്രമേ ഉള്ളു. അതിൽ നിയമപ്രശ്നങ്ങളും ഭരണഘടനാ പ്രശ്നങ്ങളുമുണ്ട്. യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരുമായി നിരന്തരം ചർച്ച നടത്തിയ ശേഷം ഒന്നിച്ചിരുന്നാണ് ഈ കാര്യത്തിൽ തീരുമാനമെടുത്തത്. അപ്പോൾ അതിന് വിഷയം പഠിച്ചാലെ പറ്റു. കാര്യമെന്താണെന്ന് പഠിച്ചാൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. യാഥാർത്ഥ്യബോധമെന്ന തേരിലിരുന്ന് കൊണ്ടാണ് നമ്മൾ രാഷ്ട്രീയ യുദ്ധത്തിൽ അമ്പ് എയ്യുന്നത്. ഈ തേരൊന്ന് വിറച്ചാൽ നമ്മുടെ ലക്ഷ്യം തെറ്റും.
ഈ അഞ്ച് കൊല്ലത്തെ പ്രതീക്ഷയുടെ ഭാഗം തന്നെയാണോ പുതിയ കെപിസിസി പ്രസിഡന്റിന്റെ നിയമനവും?
തീർച്ചയായും. വളരെ ശ്രദ്ധയോടെയാണ് എഐസിസി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു പിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മുമ്പൊന്നും ഇത്ര വിശദമായ ചർച്ചകൾ നടന്നിട്ടില്ല. ഇപ്പോൾ മുതിർന്ന നേതാക്കളോടും എംപിമാരോടും എംഎൽഎമാരോടും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുമായും എല്ലാ ഡിസിസി പ്രസിഡന്റുമാരുമായും ചർച്ച നടത്തിയിട്ടാണ് പുതിയ കെപിസിസി പ്രസിഡന്റിനെ നിശ്ചയിച്ചത്.
ഈ നേതാക്കളൊക്കെ സുധാകരന്റെ പേര് തന്നെയാണോ പറഞ്ഞത്?
താങ്കൾ തന്നെ ഒരു സർവേ നടത്തിയിരുന്നല്ലോ. അപ്പോൾ പ്രവർത്തകരുടെ വികാരം വ്യക്തമായതല്ലെ. പ്രവർത്തകരുടെ വികാരം തന്നെയാണ് മഹാഭൂരിപക്ഷം നേതാക്കൾക്കും. കോൺഗ്രസ് തിരിച്ചുവരണമെന്ന് പ്രവർത്തകരെ പോലെ നേതാക്കൾക്കും ആഗ്രഹമുണ്ട്. കെപിസിസി പ്രസിഡന്റാകാൻ അർഹതയുള്ള നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സുധാകരൻ ആകുന്നതാണ് ഏറ്റവും നല്ലതെന്ന പൊതുതീരുമാനത്തിലേയ്ക്ക് എല്ലാവരും എത്തുകയായിരുന്നു.
എന്തുകൊണ്ടാണ് സുധാകരൻ വരട്ടെ എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത്?
ഇപ്പോൾ പ്രവർത്തകരാകെ നിരാശരായി ഇരിക്കുന്ന സമയമാണ്. പ്രവർത്തകർക്ക് ആവേശം നൽകാൻ കഴിയുന്ന ഒരു നേതാവ് വേണം. അതിന് സുധാകരനെക്കാൾ നല്ലൊരു ചോയിസ് ഈ സാഹചര്യത്തിലില്ല. സുധാകരൻ പ്രവർത്തകർക്ക് ആവേശം നൽകുന്ന നേതാവാണ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രവർത്തകർക്കൊപ്പം നിലകൊള്ളുന്ന ശൈലിയുമൊക്കെ പ്രവർത്തകർ ഇഷ്ടമാണ്. കണ്ണൂർ പോലെ കോൺഗ്രസിന്റെ രാഷ്ട്രീയപ്രവർത്തനത്തിന് ഭീഷണി ഉള്ള ഒരു ജില്ലയിൽ പാർട്ടിക്ക് നേതൃത്വം നൽകുകയും പ്രവർത്തകരെ നയിക്കുകയും ചെയ്യുന്നയാൾ എന്ന ഇമേജ് മലബാറിലും കേരളമൊട്ടാകെയും സുധാകരനുണ്ട്. ഈ അവസരത്തിൽ കോൺഗ്രസിന് ഡയനാമിക് ആയൊരു നേതൃത്വം ഉണ്ടാകണമെന്ന് പ്രവർത്തകർ ആഗ്രഹിച്ചു. ആ ആഗ്രഹത്തിനൊപ്പം ഹൈക്കമാൻഡും നേതൃത്വം നിലകൊണ്ടു.
സുധാകരനോട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ സഹകരിക്കുമോ?
തീർച്ചയായും സഹകരിക്കും. അവർ ഞാനുമായി സഹകരിക്കുന്നില്ലേ. അവർ മറ്റൊരു പേര് നിർദ്ദേശിക്കുകയോ സുധാകരനെ ആക്കാൻ പറ്റില്ലെന്ന നിലപാട് എടുക്കുകയോ ചെയ്തിട്ടില്ലല്ലോ.
വി എം സുധീരൻ പിടി തോമസിന് വേണ്ടി ബലം പിടിച്ചെന്ന് കേൾക്കുന്നുണ്ടല്ലോ.
എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടാകും. ഇവരാരും പാർട്ടിനിലപാടിന് അപ്പുറം പോകുന്നവരല്ല. പിടി തോമസ് എന്താ മോശക്കാരനാണോ. ഇപ്പോൾ അദ്ദേഹവും ആ സ്ട്രീമിൽ വന്നല്ലോ.
വർക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തിൽ അതെന്താണ് അത്തരമൊരു സമവാക്യം? മതപരിഗണനകളാണോ?
അതൊന്നും നോക്കിയിട്ടല്ല. കൊടിക്കുന്നീൽ സുരേഷ് നേരത്തെ വർക്കിങ് പ്രസിഡന്റ് ആയിരുന്നു. വളരെ സജീവമായിട്ടുള്ള ഒരു ദളിത് പ്രതിനിധി കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ കെപിസിസി പ്രസിഡന്റ് പദവിയിലേയ്ക്ക് പരിഗണിച്ചിരുന്നയാളാണ്. പിടി തോമസിനെയും പ്രസിഡന്റായി പരിഗണിച്ചിരുന്നു. അവർ രണ്ടുപേരും വന്നു. അപ്പോൾ പുതിയ തലമുറയിൽപെട്ട സിദ്ദിഖിനെ പോലെ മലബാറിൽ നിന്നൊരു മറ്റൊരു നേതാവിനെയും വർക്കിങ് പ്രസിഡന്റായി നിയമിച്ചു. സിദ്ദിഖ് വളരെ പൊട്ടൻഷ്യൽ ഉള്ളൊരു നേതാവാണ്. നേരത്തെ ഡിസിസി പ്രസിഡന്റുമാരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചയാളാണ്. ഇതൊരു ടീമാണ്.
കേരളത്തിൽ കോൺഗ്രസ് പാർട്ടി എല്ലാകാലത്തും ചില അതികായന്മാരുടെ കീഴിലായിരുന്നു. അവരോ അവരുടെ ശിഷ്യഗണങ്ങളോ സ്ഥാനങ്ങളിലെത്തുന്ന അവസ്ഥയ്ക്കാണ് മാറ്റമുണ്ടായിരിക്കുന്നത്. ഗ്രൂപ്പ് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസ് ഈ ഗ്രൂപ്പുകളെ അതിജീവിച്ച് എങ്ങനെയാണ് മുന്നോട്ടുപോകുന്നത്?
ഞാനിപ്പോൾ വന്നിട്ട് ഇനി ഗ്രൂപ്പൊന്നും വേണ്ടെന്ന് പറയുന്നത് അനൗചിത്യമാണ്. കാരണം ഞങ്ങളൊക്കെ ഗ്രൂപ്പിന്റെ ഭാഗമായിട്ട് വന്നവരാണ്. കോൺഗ്രസ് നേതാക്കളിൽ ഗ്രൂപ്പ് ഇല്ലാത്ത ഒരാൾ വി എം സുധീരൻ മാത്രമാണ്. അദ്ദേഹം നേരത്തെ ഗ്രൂപ്പിന്റെ ഭാഗം ആയിരുന്നു. എന്നാൽ ഗ്രൂപ്പിന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് കുറേക്കാലമായി അതിനെതിരെയുള്ള പോരാട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നയാളാണ്. ഗ്രൂപ്പൊന്നും പാടില്ലെന്നല്ല ഞാൻ പറയുന്നത്. ഗ്രൂപ്പ് പാർട്ടിയെക്കൾ വലുതാവാൻ പാടില്ല. പാർട്ടിയാണ് ആദ്യം. ഈ തെരഞ്ഞെടുപ്പ് ജയിച്ചിരുന്നെങ്കിൽ നമ്മൾ ഇതൊന്നും ചർച്ച ചെയ്യില്ലായരുന്നു. അപ്പോൾ തോൽവി ചില പാഠങ്ങൾ കൂടിയാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ 19-1 ആയപ്പോൾ എൽഡിഎഫിനെ ജനങ്ങൾ തള്ളുകയായിരുന്നോ ചെയ്തത്. അവർക്ക് പറ്റി വീഴ്ച്ച എന്താണെന്ന് പരിശോധിച്ച് ഇത്തവണ ജയിക്കാനുള്ള തന്ത്രങ്ങൾ എൽഡിഎഫ് ആവിഷ്കരിച്ചു. അപ്പോൾ വീഴ്ച്ചകൾ പഠിക്കാനും തെറ്റുകൾ തിരുത്താനും ജനങ്ങൾ നൽകുന്ന താക്കീതായി ഇതിനെ കണ്ടാൽ മതി.
പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങളെ എങ്ങനെ മറികടക്കാൻ കഴിയും?
അതിനൊക്കെ മാറ്റം വരും. ഗ്രൂപ്പ് നേതാക്കൾക്കും ഇപ്പോഴത്തെ സാഹചര്യത്തെ പറ്റി ബോധ്യമുണ്ടല്ലോ. അവർ എന്റെ പ്രവർത്തനങ്ങളെയോ കെപിസിസി പ്രസിഡന്റിന്റെ പ്രവർത്തനങ്ങളെയോ തടസപ്പെടുത്തുമെന്ന് കരുതുന്നുണ്ടോ? അവർ അത്തരം ആളുകളല്ല. കേരളത്തിലെ പാർട്ടിപ്രവർത്തകരും വലിയൊരു വിഭാഗം നേതാക്കളും സംഘടനാ ദൗർബല്യങ്ങളെല്ലാം തിരുത്തി, പാർട്ടിയുടെയും മുന്നണിയുടെയും തിരിച്ചുവരവിനായി എന്തും ചെയ്യാൻ തയ്യാറാണ്. എക്സ്ട്രീമായിരുന്ന ആളുകൾ പോലും ഇനി അങ്ങനെ പോകരുതെന്ന് പറയുന്നുണ്ട്.
എക്സ്ട്രീം ഗ്രൂപ്പിസം അവസാനിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്?
ഒരു പരിധി വരെ നമുക്ക് അവസാനിപ്പിക്കാൻ പറ്റും. ഗ്രൂപ്പ് പാർട്ടിയെ വിഴുങ്ങുന്ന അവസ്ഥയിലേയ്ക്ക് വരരുത്. അങ്ങനെ വന്നാൽ മെറിറ്റിന് യാതൊരു പ്രാധാന്യവുമില്ലാതെയാകും. അപ്പോൾ മെറിറ്റ് നോക്കണം. ഇപ്പോൾ മൂന്ന് വർക്കിങ് പ്രസിഡന്റുമാരെ വച്ചു. ഗ്രൂപ്പിന്റെ പശ്ചാത്തലത്തിലല്ലല്ലോഅവരുടെ നിയമനം. വ്യക്തിപരമായ അവരുടെ മെറിറ്റിന്റെ പുറത്താണ് അവരെ വച്ചിരിക്കുന്നത്.
മറുനാടന് ഡെസ്ക്