കൊച്ചി : പുതുവർഷം പിറക്കുമ്പോൾ കൊച്ചിയിൽ നിന്നും പുറത്ത് വരുന്നത് വൻലഹരി വേട്ടയുടെ ഞെട്ടിക്കുന്ന കഥയാണ്. ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് ലഹരി മരുന്നുകൾ കടത്തുന്ന രാജ്യാന്തര ലഹരിമാഫിയാ സംഘത്തിലെ അംഗങ്ങൾ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. കൊച്ചി സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായ ഇവരിൽ നിന്നും നിർമ്മായക വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന.

ദക്ഷിണേന്ത്യയിലെ പ്രധാന വിമാനത്താവളങ്ങൾ വഴി തായ്‌ലൻഡ്, സിങ്കപ്പൂർ, മാലി ദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കു ലഹരി മരുന്നുകൾ കടത്തുന്ന സംഘമാണു പിടിയിലായത്. ചൈനയിലെ ഹോങ്കോങ്ങ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജ്യാന്തര ഡ്രഗ് കാർട്ടണിൽ 'കോനാ ഗോൾഡ്' എന്ന പേരിൽ അറിയപെടുന്ന മയക്കുമരുന്ന് മാഫിയാ സംഘത്തിൽപ്പെട്ട മാലിദ്വീപ് സ്വദേശികളായ മൂന്നു പേരും തമിഴ്‌നാട് സ്വദേശിയായ ഒരാളുമാണു പൊലീസ് പിടിയിലായത്.

മാലിദ്വീപ് സ്വദേശികളായ അസീം ഹബീബ് (33), ഷിഫാഫ് ഇബ്രാഹിം (30), മുഹമ്മദ് സഫോഫ് (35), തമിഴ്‌നാട് കുളമാണിക്കം സ്വദേശി ആന്റണി സാമി (30) എന്നിവരാണു പിടിയിലായത്. ഷാംപൂ ബോട്ടിലുകളിൽ നിറച്ചു കടത്താൻ തയാറാക്കിയ നിലയിലുള്ള ഒന്നര ലിറ്ററോളം ഹൈഗ്രേഡ് ഹാഷിഷ് ഓയിലാണു പിടിച്ചെടുത്തത്. ഇന്ത്യൻ വിപണിയിൽ നാലു കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിയാണു പിടികൂടിയത്.

ഇന്ത്യൻ നാർകോട്ടിക് കൺട്രോൾ ബ്യൂറോ മാസങ്ങളായി തിരഞ്ഞിരുന്ന പ്രതികളെ, സിറ്റി പൊലീസ് കമ്മിഷണർ എംപി.ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണു പിടികൂടിയത്.

വിദേശ ടൂറിസ്റ്റുകൾ എന്ന നിലയിൽ നഗരത്തിലെത്തിയ സംഘം ഹോട്ടലുകളിൽ മാറിമാറി താമസിച്ച് വരികയായിരുന്നു. മേനകയിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്നു കൊച്ചി സിറ്റി ഷാഡോ പൊലീസും സെൻട്രൽ പൊലീസും ചേർന്നു സാഹസികമായാണു പ്രതികളെ കീഴ്‌പെടുത്തിയത്. തമിഴ്‌നാട്ടിലെ രാമേശ്വരത്തു നിന്നെത്തിച്ച ഹാഷിഷ് ഓയിൽ നെടുമ്പാശേരി വിമാനത്താവളം വഴി മാലി ദ്വീപിലേക്കു കടത്താനായിരുന്നു പ്രതികളുടെ പദ്ധതി എന്ന് ഡിസിപി ജെ.ഹിമേന്ദ്രനാഥ് പറഞ്ഞു.

പിടിയിലായവരുടെ പാസ്‌പോർട്ടും മറ്റു രേഖകളും വിശദമായി പരിശോധിച്ചതിൽനിന്നു പ്രതികൾ എല്ലാവരും ഡിസംബർ മാസത്തിൽ തന്നെ നിരവധി തവണ മാലിദ്വീപ്, തായ്ലാൻഡ്, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചും പല തവണ യാത്ര ചെയ്തിട്ടുണ്ടെന്നു വ്യക്തമായി. അഞ്ചു ദിവസത്തിലധികമായി ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണർ ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സിഐ അനന്തലാൽ, ഷാഡോ എസ്‌ഐ എ.ബി.വിബിൻ സിപിഒമാരായ അഫ്‌സൽ, ഹരിമോൻ, സാനു, വിനോദ്, സനോജ്, സാനുമോൻ, വിശാൽ, സുനിൽ, അനിൽ, യൂസഫ് എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.