തിരുവനന്തപുരം - സംസ്ഥാനത്ത് വികസനത്തിന്റെ കുതിപ്പാണെന്ന് മുഖ്യമന്ത്രിയും പി.ആർ സംഘങ്ങളും പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത് .ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് അയൽ സംസ്ഥാനങ്ങൾ കോടികളുടെ വിദേശനിക്ഷേപം നേടിയെടുത്തപ്പോൾ കേരളം വികസന ബഡായി പറഞ്ഞിരിക്കയായിരുന്നു

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള സംഘം ദാവോസിൽ പോയി 60000 കോടി രൂപയുടെ നിക്ഷേപമാണ് കൊണ്ടുവന്നത്. തൊട്ടുപിന്നിൽ മഹാരാഷ്ട 30000 കോടി, തെലുങ്കാന 4200 കോടി, ആന്ധ്രപ്രദേശ് 1600 കോടി വീതമാണ് നിക്ഷേപങ്ങൾ കൊണ്ടുവന്നത്. മുഖ്യമന്ത്രിമാരും ,മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘം നേരിട്ടു പോയാണ് നിക്ഷേപം അവരവരുടെ സംസ്ഥാനത്തേക്ക് കൊണ്ടുവന്നത്. മെയ് 23 മുതൽ 26 വരെയായിരുന്നു സാമ്പത്തിക ഫോറം യോഗം നടന്നത്.

എന്നാൽ കേരളത്തിൽ നിന്നാരും ആ ഫോറത്തിൽ പങ്കെടുത്തില്ല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ എറണാകു ളത്ത് തമ്പടിച്ച് കിടക്കയായിരുന്നു. സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപം ആകർഷി ക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളോ രാഷ്ടീയ ഇച്ഛാശക്തിയോ നിലവിലില്ല. അതു കൊണ്ട് തന്നെ ഇങ്ങോട്ട് വരാൻ ആർക്കും താൽപര്യമില്ല.

ഫെബ്രുവരിയിൽ ദുബായിൽ നടന്ന നിക്ഷേപ സംഗമത്തിൽ മുഖ്യമന്ത്രി പിണറായിയും, വ്യവസായ മന്ത്രി പി.രാജീവും പങ്കെടുത്തിരുന്നു. പത്തു രൂപയുടെ പോലും നിക്ഷേപ വാഗ്ദാനം കേരളത്തിന് ലഭിച്ചില്ല. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദുബായ് നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത് 6684 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു കൊണ്ടുവന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വിദേശ നിക്ഷേപം കൊണ്ടുവരാൻ പരിവാര സമേതം എട്ട് തവണ വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. പത്ത് പൈസയുടെ പോലും നിക്ഷേപം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വിദേശയാത്രയെക്കുറിച്ചുള്ള നിയമസഭാ ചോദ്യങ്ങൾക്കും വിവരാവകാശ അപേക്ഷകൾക്കും കൃത്യമായ മറുപടി പോലും നൽകാറില്ലായിരുന്നു.

സംസ്ഥാനത്തെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനോ, തൊഴിലാളി സംഘടന ങ്ങളുടെ അക്രമങ്ങൾ അവസാനിപ്പിക്കാനോ ഒരു ശ്രമവും സർക്കാർ ഭാഗത്തു നിന്നുണ്ടാവു ന്നില്ല. പെട്ടിക്കട തുടങ്ങിയാൽ പോലും അതിന്റെ മുന്നിൽ പോയി കൊടികുത്തുകയും, നോക്കുകുലി ആവശ്യപ്പെടുകയും ചെയ്യുന്ന അധമ തൊഴിൽ സംസ്‌കാരവും തൊഴിലാളി സംഘടനകളുമാണിവിടെ പ്രവർത്തിക്കുന്നത്. അതിലുപരി മുഖ്യമന്ത്രി പറഞ്ഞ ആർത്തിപ്പണ്ടാരങ്ങളായ ഉദ്യോഗസ്ഥ വൃന്ദങ്ങളും നാട് ഭരിക്കുമ്പോൾ നിക്ഷേപകർ ഇങ്ങോട്ട് ഒരിക്കലും തിരിഞ്ഞു നോക്കില്ല. ആചാരം പോലെ മാസമാസം ബന്ദും ഹർത്താലും നടത്തി തൊഴിലാളി സംഘടനകൾ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുകയും ചെയ്യുന്നുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്ക് പട്ടികയിൽ 27/ 28 സ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം.

രണ്ട് കൊല്ലം മുമ്പ് കൊച്ചിയിൽ നിക്ഷേപകരെ ആകർഷിക്കാൻ അസെൻഡ് കേരള എന്നൊരു പരിപാടി 2020 ജനുവരി ഒന്ന്, രണ്ട് തീയതികളിൽ കൊച്ചിയിൽ നടത്തി. ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വേദിയിൽ ത്തന്നെ ലഭിച്ചുവെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചെങ്കിലും രണ്ട് കൊല്ലത്തിനിടയിൽ ഈ പ്രഖ്യാപനം നടത്തിയ ഒരാൾ പോലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ഈ മേളയിൽ പങ്കെടുത്ത് ആഴക്കടൽ മത്സ്യബന്ധന രംഗത്ത് 4000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നടത്തിയത് ഇ എം സി സി എന്നൊരു തട്ടിപ്പ് കമ്പിനിയായിരുന്നു.ഇവരിൽ നിന്ന് കമ്മീഷനടിക്കാൻ ഭരണത്തിലുള്ളവർ ശ്രമിച്ചതിന്റെ നാറ്റക്കഥകൾ പിന്നീട് പുറത്തു വന്നു.

ഈ കമ്പിനിയുടെ പ്രസിഡന്റ് എന്നു പറഞ്ഞു വന്ന ഷിജൂ എം വർഗീസ് എന്ന വ്യക്തി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. വിദേശ നിക്ഷേപം കൊണ്ടുവന്ന തന്നെ കബളിപ്പിച്ച മുൻ ഫിഷറീസ് മന്ത്രിമേഴ്‌സിക്കുട്ടിയമ്മയോടുള്ള വിയോജിപ്പിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്നായിരുന്നു ഷിജു പറഞ്ഞിരുന്നത്. ഇയാൾ ഇലക്ഷൻ കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെറും പതിനായിരം രൂപ മാത്രമാണ് തന്റെ സ്വത്ത് വിവരമായി രേഖപ്പെടുത്തി യിരുന്നത്. ഇത്തരം തട്ടിപ്പ് നിക്ഷേപ വാഗ്ദാനങ്ങള ല്ലാതെ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ എടുത്തു പറയത്തക്ക വിദേശ- സ്വദേശ നിക്ഷേപകരൊന്നും കേരളത്തിലേക്ക് വന്നിട്ടില്ല.
.
കെ എസ് ഐ ഡി സി യുടെ കീഴിൽ ഓവർസിസ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ സെൽ എന്നൊരു പുതിയ സംവിധാനം വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ രൂപീകരിച്ചെങ്കിലും അതും മറ്റൊരു വെള്ളാനയായി തുടരുന്നു - വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോക കേരള സഭ എന്നൊരു പരിപാടി രണ്ട് വട്ടം കോടികൾ മുടക്കി സംസ്ഥാന സർക്കാർ നടത്തിയെങ്കിലും ഒരു മൊട്ടുസൂചി കമ്പിനി പോലും ഇവിടെ തുടങ്ങാൻ ആരും ശ്രമിച്ചില്ല.

കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ ഒട്ടനവധി കാര്യങ്ങളാണ് നടപ്പാക്കി വരുന്നത്. 2019 നേക്കാൾ ഒട്ടേറെ മാറ്റങ്ങൾ 2020ൽ വന്നിട്ടുണ്ട്. ഓൺലൈനായി 10-15 മിനിട്ടുകൊണ്ട് വ്യവസായം തുടങ്ങാൻ വേണ്ട ലൈസൻസ് എടുക്കാൻ പറ്റുന്ന വിധം കേരളം മാറിയിട്ടുണ്ട്. ദി കേരള മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസസ് ഫസിലിറ്റേഷൻ ആക്ട്, 2020 ലും പരിഷ്‌കരിച്ചു.

നേരത്തെ 15 കോടി വരെ നിക്ഷേപമുള്ള ഒരു മാസത്തിനുള്ളിൽ ഏകജാലക സംവിധാന പ്രകാരം അനുമതി ലഭിക്കുന്ന സാഹചര്യമായിരുന്നുവെങ്കിൽ ഇപ്പോൾ 50 കോടി വരെ നിക്ഷേപമുള്ള, മലീനികരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറിയിൽ പെടാത്ത പദ്ധതികൾക്ക് കേരള ഇൻവെസ്റ്റ്്‌മെന്റ് ബ്യൂറോ വഴി ഒരാഴ്ചക്കുള്ളിൽ അനുമതി ലഭിക്കും-എന്നൊക്കെയാണ് കെ.എസ് ഐ ഡി സി അവകാശപ്പെടുന്നത് - എത്ര വ്യവസായങ്ങൾക്ക് ഈ കാലയളവിൽ ഇങ്ങനെ അനുമതി കൊടുത്തു എന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം പോലും നൽക്കാൻ സർക്കാരിന്റെ പക്കൽ ഇല്ലാ എന്നതാണ് സത്യം.