- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശ്വാസമായത് മോയിൻ അലിയുടെ ഇന്നിങ്ങ്സ് മാത്രം; ചെന്നൈക്കെതിരെ ഹൈദരാബാദിന് ജയിക്കാൻ 155 റൺസ്; രണ്ടുവീതം വിക്കറ്റുമായി തിളങ്ങി നടരാജനും വാഷിങ്ങ്ടൺ സുന്ദറും
മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിങ്ടൺ സുന്ദർ, ടി നടരാജൻ എന്നിവരാണ് നിയന്ത്രിച്ചു നിർത്തിയത്. 35 പന്തിൽ 48 റൺസെടുത്ത മൊയീൻ അലിയണ് ചെന്നൈയുടെ ടോപ് സ്കോറർ.
ആദ്യജയം കൊതിച്ചെത്തിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവർ പ്ലേയിൽ തന്നെ റോബിൻ ഉത്തപ്പ (15), റിതുരാജ് ഗെയ്കവാദ് (16) പവലിയനിൽ തിരിച്ചെത്തി. ഉത്തപ്പയെ സുന്ദറും മാർക്രത്തിന്റെ കൈകളിലെത്തിച്ചു. റിതുരാജ് നടരാജന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മൊയീൻ- അമ്പാട്ടി റായുഡു (27 പന്തിൽ 27) സഖ്യമാണ് മാന്യമായ സ്കോറിലേക്ക് നയിച്ചത്. ഇരുവരും 62 റൺസ് കൂട്ടിചേർത്തു.
എന്നാൽ റായുഡുവിനെ പുറത്താക്കി സുന്ദർ വീണ്ടും ഹൈദരാബാദിന് ബ്രേക്ക് ത്രൂ നൽകി. മാർക്രത്തിനായിരുന്നു ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് (3) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. നടരാജന്റെ പന്തിൽ ഉംറാൻ മാലിക്കിന് ക്യാച്ച്. എം എസ് ധോണിക്കും (3) കാര്യമായ സംഭാവന നൽകാൻ കഴിയാതിരുന്നോടെ മുഴുവൻ ഭാരവും ക്യാപ്റ്റൻ രവീന്ദ്ര ജഡേജയിലായി. 14 പന്തിൽ 23 റൺസെടുത്ത ക്യാപ്റ്റൻ അവസാന ഓവറിലാണ് മടങ്ങുന്നത്. ഭുവനേശ്വർ കുമാർ താരത്തെ പറഞ്ഞയച്ചു. ഡ്വെയ്ൻ ബ്രാവോ (8), ക്രിസ് ജോർദാൻ (6) എന്നിവർ സ്കോർ 150 കടത്തി.
ഇരുടീമുകളും ആദ്യജയം തേടിയാണ് ഇറങ്ങുന്നത്. രണ്ട് ടീമിലും മാറ്റങ്ങളുണ്ട്. ഹൈരാബാദ് നിരയിൽ രണ്ട് മാറ്റമുണ്ട്. ശശാങ്ക് സിങ്, മാർകോ ജാൻസൻ എന്നിവർ ഹൈദരാബാദിനായി അരങ്ങേറി. അബ്ദു സമദ്, റൊമാരിയോ ഷെഫേർഡ് എന്നിവരാണ് പുറത്തായത്. ചെന്നൈ ഒരു മാറ്റം വരുത്തി. പ്രിട്ടോറ്യൂസിന് പകരം മഹീഷ് തീക്ഷ്ണ ടീമിലെത്തി.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ക്ക് ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തോൽവിയിറഞ്ഞു. ഇരുടീമുകളും 16 തവണ നേർക്കുനേർ വന്നപ്പോൾ 12 മത്സരങ്ങളിലും ചെന്നൈക്കായിരുന്നു വിജയം. നാലെണ്ണം ഹൈദരാബാദ് സ്വന്തമാക്കി. 2018ന് ശേഷം പത്ത് തവണ ഇരുവരും നേർക്കുനേർ വന്നു. ഹൈദരാബാദിന് ജയിക്കാനായത് രണ്ടെണ്ണം മാത്രം.
മറുനാടന് മലയാളി ബ്യൂറോ