- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നൈ ബൗളർമാരെ 'പഞ്ഞിക്കിട്ട്' ജയ്സ്വാളും ദുബെയും; ഇരുവർക്കും മിന്നുന്ന അർദ്ധ സെഞ്ചുറി; ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാന് ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; 190 റൺസ് വിജയലക്ഷ്യം മറികടന്നത് 15 പന്തുകൾ ശേഷിക്കെ
അബുദാബി: ഐപിഎല്ലിൽ ബാറ്റിങ് വെടിക്കെട്ടിന് സാക്ഷ്യം വഹിച്ച ത്രില്ലർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി രാജസ്ഥാൻ റോയൽസ്. ചെന്നൈ മുന്നോട്ടുവെച്ച 190 റൺസ് വിജയലക്ഷ്യം പതിനഞ്ച് പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ അനായാസം മറികടന്നു. അർദ്ധ സെഞ്ചുറിയുമായി ചെന്നൈ ക്യാമ്പിലേക്ക് പടനയിച്ച യശ്വസി ജയ്സ്വാളും ശിവം ദുബെയുമാണ് അവിസ്മരണീയ ജയം ടീമിന് സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പവർപ്ലേ സ്‌കോറാണ് രാജസ്ഥാൻ അബുദാബി സ്റ്റേഡിയത്തിൽ പടുത്തുയർത്തിയത്. ചെന്നൈ ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറികളുമായി കണക്കറ്റ് പ്രഹരിച്ച എവിൻ ലൂയിസും യശ്വസി ജയ്സ്വാളും 5.2 ഓവറിൽ ചേർത്തത് 77 റൺസ്. അഞ്ചാം ഓവറിൽ ഹേസൽവുഡിനെ മൂന്ന് സിക്സിനും ഒരു ഫോറിനും പറത്തി ജയസ്വാൾ 19 പന്തിൽ അർധ സെഞ്ചുറി തികച്ചു. പിന്നാലെ അഞ്ചാം ഓവറിൽ ഠാക്കൂർ ലൂയിസിനെ മടക്കുമ്പോൾ വ്യക്തിഗത സ്‌കോർ 12 പന്തിൽ 27. ഓപ്പണിങ് വിക്കറ്റിൽ തന്നെ വിജയത്തിനുള്ള അടിത്തറയിടാൻ ലൂയിസ്-ജയസ്വാൾ സഖ്യത്തിനായി.
പവർപ്ലേയിൽ 81-1 എന്ന കൂറ്റൻ സ്‌കോറുണ്ടായിരുന്നു രാജസ്ഥാന്. തൊട്ടടുത്ത പന്തിൽ മലയാളി കൂടിയായ കെ എം ആസിഫ് ജയസ്വാളിനെ ധോണിയുടെ കൈകളിലെത്തിക്കുമ്പോൾ താരത്തിന്റെ വ്യക്തിഗത സ്‌കോർ 21 പന്തിൽ 50.
ക്രീസിൽ ഒത്തുചേർന്ന സഞ്ജു സാംസണും ശിവം ദുബെയും ചേർന്ന് 9-ാം ഓവറിൽ രാജസ്ഥാനെ 100 കടത്തി. 13 ഓവറിൽ 150 ഉം പിന്നിട്ടു. 32 പന്തിൽ ദുബെ 50 തികച്ചു. ദുബെ അടി തുടർന്നതോടെ രാജസ്ഥാൻ ചെന്നൈയുടെ റൺമല അനായാസം മറികടക്കാൻ രാജസ്ഥാന് വഴിയൊരുങ്ങി. മികച്ച പിന്തുണ നൽകിയ സഞ്ജു 24 പന്തിൽ 28 റൺസുമായി മടങ്ങി. ഫിലിപ്പിനെ കൂട്ടുപിടിച്ച് ദുബെ രാജസ്ഥാനെ വിജയതീരത്തെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാല് വിക്കറ്റിനാണ് 189 റൺസെടുത്തത്. ഐപിഎല്ലിൽ കന്നി സെഞ്ചുറി കുറിച്ച റുതുരാജ് ഗെയ്ക്വാദും അവസാന ഓവറിൽ തകർത്തടിച്ച് 15 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്ന ജഡേജയുമാണ് കൂറ്റൻ സ്‌കോറിൽ ചെന്നൈയെ എത്തിച്ചത്. രാജസ്ഥാനായി രാഹുൽ തെവാട്ടിയ മൂന്നും ചേതൻ സക്കരിയ ഒന്നും വിക്കറ്റ് വീഴ്‌ത്തി.
ഗെയ്ക്വാദും ഫാഫ് ഡുപ്ലസിസും ചെന്നൈയ്ക്ക് ഒരിക്കൽ കൂടി മികച്ച തുടക്കം നൽകി. ഇരുവരും പവർപ്ലേയിൽ 44 റൺസ് ചേർത്തു. ഏഴാം ഓവറിൽ തെവാട്ടിയ കൂട്ടുകെട്ട് പൊളിച്ചു. 19 പന്തിൽ 25 റൺസെടുത്ത ഫാഫ് ഡുപ്ലസിയെ തെവാട്ടിയ സഞ്ജുവിന്റെ കൈകളിലെത്തിച്ചു. ഒരോവറിന്റെ ഇടവേളയിൽ മൂന്നാമൻ സുരേഷ് റെയ്നയെയും(5 പന്തിൽ 3) തെവാട്ടിയ മടക്കി. സിക്സറിന് ശ്രമിച്ച റെയ്ന ബൗണ്ടറിയിൽ ദുബെയുടെ കൈകളിൽ കുരുങ്ങുകയായിരുന്നു.
തകർപ്പൻ ബാറ്റിങ് തുടർന്ന റുതുരാജ്, മൊയീൻ അലിയെ കൂട്ടുപിടിച്ച് 14-ാം ഓവറിൽ ചെന്നൈയെ 100 കടത്തി. ഇതേ ഓവറിൽ റുതുരാജ് അർധ സെഞ്ചുറി തികച്ചു. തൊട്ടടുത്ത ഓവറിൽ തെവാട്ടിയയെ രണ്ട് സിക്സുകൾക്ക് പറത്തി ഗെയ്ക്വാദ് സൂചന നൽകി. എന്നാൽ നാലാം പന്തിൽ അലിയെ(17 പന്തിൽ 21) സ്റ്റംപ് ചെയ്ത് സഞ്ജു ഈ കൂട്ടുകെട്ട് പൊളിച്ചു. 15 ഓവർ പൂർത്തിയാകുമ്പോൾ ചെന്നൈ സ്‌കോർ 116-3.
17-ാം ഓവറിൽ സക്കരിയയുടെ പന്തിൽ അമ്പാട്ടി റായുഡു(2) പുറത്തായി. അവിടുന്നങ്ങോട്ട് സിക്സുകളും ഫോറുകളുമായി കത്തിക്കയറുകയായിരുന്നു ഗെയ്ക്വാദ്. സീസണിൽ റൺസമ്പാദ്യം 500 താരം പിന്നിടുകയും ചെയ്തു. ഒപ്പം ചേർന്ന രവീന്ദ്ര ജഡേജയും വേഗം റൺസ് കണ്ടെത്തിയതോടെ ചെന്നൈ മികച്ച സ്‌കോറിലെത്തി. ഇന്നിങ്സിലെ അവസാന പന്തിൽ സിക്സർ നേടിയാണ് ഗെയ്ക്വാദ് കന്നി ഐപിഎൽ സെഞ്ചുറി പൂർത്തിയാക്കിയത്. അവസാന അഞ്ച് ഓവറിൽ 73 റൺസ് ചെന്നൈ അടിച്ചെടുത്തു.
സ്പോർട്സ് ഡെസ്ക്