- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർദ്ധസെഞ്ചുറികളുമായി ഡുപ്ലേസിയും ഋതുരാജും; ഓപ്പണർമാരുടെ മികവിൽ റൺമല തീർത്ത് ചെന്നൈ; 221 റൺസ് വിജയലക്ഷ്യം; കൊൽക്കത്ത ബാറ്റിങ് നിരയെ എറിഞ്ഞു വീഴ്ത്തി ദീപക് ചാഹർ; 31 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടമായി
മുംബൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരേ 221 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ് തകർച്ച. 31 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായി. 29 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ദീപക് ചാഹറാണ് കൊൽക്കത്തയെ തകർത്തത്. നിതിഷ് റാണ (9), ശുഭ്മാൻ ഗിൽ (0), രാഹുൽ ത്രിപാഠി (8), ഓയിൻ മോർഗൻ (7), സുനിൽ നരെയ്ൻ (4) എന്നിവരാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ, അർധ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിയുടെയും റുതുരാജ് ഗെയ്ക്വാദിന്റെയും മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ റുതുരാജ് - ഡുപ്ലെസി സഖ്യം കൂട്ടിച്ചേർത്ത 115 റൺസാണ് ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്.
60 പന്തിൽ നാലു സിക്‌സും ഒൻപതു ഫോറുമുൾപ്പെടെ പുറത്താകാതെ 95 റൺസെടുത്ത ഫാഫ് ഡുപ്ലേസിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. സീസണിൽ ആദ്യമായി ഫോമിലെത്തിയ റുതുരാജ് 42 പന്തിൽ നിന്ന് നാലു സിക്സും ആറു ഫോറുമടക്കം 64 റൺസെടുത്തു.
റുതുരാജ് പുറത്തായ ശേഷമെത്തിയ മോയിൻ അലി 12 പന്തിൽ നിന്ന് രണ്ടു വീതം സിക്സും ഫോറുമടക്കം 25 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ ഡുപ്ലെസിയുമൊത്ത് 50 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് അലി പുറത്തായത്.
ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എട്ടു പന്തിൽ നിന്നും ഒരു സിക്സും രണ്ടു ഫോറുമടക്കം 17 റൺസെടുത്തു.
അവസാന അഞ്ച് ഓവറിൽ 76 റൺസാണ് ചെന്നൈ അടിച്ചുകൂട്ടിയത്. കൊൽക്കത്തയ്ക്കു വേണ്ടി വരുൺ വരുൺ ചക്രവർത്തി, സുനിൽ നരേയ്ൻ, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ടോസ് നേടിയ കൊൽക്കത്ത, ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ചെന്നൈ നിരയിൽ ബ്രാവോയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ ലുങ്കി എൻഗിഡി ടീമിൽ ഇടംനേടി. കൊൽക്കത്ത നിരയിൽ ഹർഭജൻ സിങ്ങിന് പകരം കമലേഷ് നാഗർകോട്ടി ഇടംപിടിച്ചു.
സ്പോർട്സ് ഡെസ്ക്