- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് വിക്കറ്റെടുത്ത് കോൾട്ടർനൈൽ; മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം; കിവീസ് പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് രാജസ്ഥാൻ; രണ്ടക്കം കാണാതെ അഞ്ച് ബാറ്റർമാർ; ജീവന്മരണ പോരാട്ടത്തിൽ മുംബൈയ്ക്ക് 91 റൺസ് വിജയലക്ഷ്യം
ഷാർജ: ഐപിഎല്ലിലെ ജീവൻ മരണപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ 90 റൺസിന് എറിഞ്ഞൊതുക്കി മുംബൈ ബൗളർമാർ. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ രാജസ്ഥാന് ഓപ്പണർമാർ 3.4 ഓവറിൽ 27 റൺസെടുത്തെങ്കിലും പിന്നീട് കൂട്ടത്തകർച്ച നേരിടുകയായിരുന്നു. രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 90 റൺസിലൊതുങ്ങി.
91 റൺസ് വിജയലക്ഷ്യം തുടരുന്ന മുംബൈയ്ക്കായി രോഹിത് ശർമയും ഇഷാൻ കിഷനുമാണ് ഇന്നിങ്‌സിന് തുടക്കമിട്ടത്.ഇരു ടീമുകൾക്കും പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയിച്ചേ തീരു.
24 റൺസെടുത്ത എവിൻ ലൂയിസ് ആണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. നാലു വിക്കറ്റെടുത്ത നഥാൻ കോൾട്ടർനൈലും മൂന്ന് വിക്കറ്റെടുത്ത ജിമ്മി നീഷാമുമാണ് രാജസ്ഥാനെ എറിഞ്ഞിട്ടത്. രാജസ്ഥാൻ ഇന്നിങ്‌സിലാകെ നാല് ബൗണ്ടറിയും രണ്ട് സിക്‌സും മാത്രമാണ് പിറന്നത്.
ഷാർജയിലെ സ്ലോ പിച്ചിൽ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും എവിൻ ലൂയിസും തകർത്തടിച്ചപ്പോൾ മൂന്നാം ഓവറിൽ രാജസ്ഥാൻ 27 റൺസിലെത്തി. എന്നാൽ 12 റൺസെടുത്ത ജയ്സ്വാളിനെ നഥാൻ കോൾട്ടർനൈൽ മടക്കിയതോടെ രാജസ്ഥാന്റെ തകർച്ചക്ക് തുടക്കമായി. എവിൻ ലൂയിസും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാനെ ആറാം ഓവറിൽ 41 റൺസിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്‌ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേൽപ്പിച്ചു.
സ്ലോ പിച്ചിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കാതിരുന്ന സഞ്ജു ജിമ്മി നീഷാമിനെതിരെ ബൗണ്ടറിയടിക്കാനുള്ള ശ്രമത്തിൽ പോയന്റിൽ ജയന്ത് യാദവിന്റെ കൈകളിലൊതുങ്ങി. ആറ് പന്തിൽ മൂന്ന് റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ശിവം ദുബെയെ ക്ലീൻ ബൗൾഡാക്കി നീഷാം ഇരട്ടപ്രഹരമേൽപ്പിച്ചു.
പിന്നീടെത്തി ഗ്ലെൻ ഫിലിപ്‌സിനും ക്രീസിൽ അധികം ആയുസുണ്ടായില്ല. ഫിലിപ്‌സിനെ(4) കോൾട്ടർനൈൽ മടക്കി. രാഹുൽ തെവാട്ടിയയും ഡേവിഡ് മില്ലറും ചേർന്ന് രാജസ്ഥാനെ കരകയറ്റുമെന്ന് കരുതിയെങ്കിലും തിവാട്ടിയയെ(12) നീഷാമും മില്ലറെ(15) കോൾട്ടർനൈലും മടക്കിയതോടെ രാജസ്ഥാന്റെ പോരാട്ടം തീർന്നു. മുംബൈക്കായി നാലോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത കോൾട്ടർനൈൽ നാലും നാലോവറിൽ 12 റൺസ് വിട്ടുകൊടുത്ത ജിമ്മി നീഷാം മൂന്നും നാലോവറിൽ 14 റൺസ് വഴങ്ങി ബുമ്ര രണ്ടും വിക്കറ്റെടുത്തു.
മുംബൈ ഇന്ത്യൻസ് നിരയിൽ ഓപ്പണർ ക്വിന്റൺ ഡീ കോക്കിന് പകരം ജിമ്മി നീഷാം മുംബൈ ടീമിലെത്തി. ക്രുനാൽ പാണ്ഡ്യക്ക് പകരം ഇഷാൻ കിഷൻ തിരിച്ചെത്തിയതാണ് രണ്ടാമത്തെ മാറ്റം. രാജസ്ഥാനും രണ്ട് മാറ്റം വരുത്തി. സ്പിന്നർ മായങ്ക് മാർക്കണ്ഡെക്ക് പകരം ശ്രേയസ് ഗോപാൽ രാജസ്ഥാൻ ടീമിലെത്തി. പേസർ ആകാശ് സിംഗിന് പകരം കുൽദിപ് യാദവും രാജസ്ഥാന്റെ അന്തിമ ഇലവനിൽ ഇടംപിടിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്